Advertisment

4 വര്‍ഷത്തിനിടെ 2 കമ്മിറ്റികളും 2 റിപ്പോര്‍ട്ടുകളും. ഓണ്‍ലൈന്‍ പത്രങ്ങളുടെ മീഡിയ രജിസ്ട്രേഷന്‍ മുടങ്ങിയിട്ട് 4 വര്‍ഷം. ഇനിയും കാത്തിരിക്കാനില്ലെന്ന് കോം ഇന്ത്യ നിലപാട് കടുപ്പിച്ചു. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനം 

New Update

തിരുവനന്തപുരം:  കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷന്‍റെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ സമ്പൂര്‍ണ്ണ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) രംഗത്ത്.

Advertisment

നാല് വര്‍ഷത്തിനിടയില്‍ രണ്ട് കമ്മിറ്റികളും രണ്ട് റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടും മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് വരെ പി ആര്‍ ഡി മീഡിയ ലിസ്റ്റില്‍ ഇടം നല്‍കിയിട്ടില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ അലംഭാവമാണ് ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷന്‍ അനന്തമായി നീണ്ടുപോകാന്‍ കാരണമായത്.

publive-image

പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റശേഷം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പി ആര്‍ ഡി വകുപ്പില്‍ നടപടി ക്രമങ്ങള്‍ വേഗത്തിലായിരുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള അപേക്ഷകരില്‍ യോഗ്യത നിര്‍ണ്ണയം പൂര്‍ത്തിയായ ഇരുപതോളം ഓണ്‍ലൈന്‍ പത്രങ്ങളെ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.

എന്നാല്‍ പിന്നീടുണ്ടായ ചില ബാഹ്യ ഇടപെടലുകളാണെന്ന്‍ സംശയിക്കുന്നു, ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‍ ചില വികലമായ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മറ്റൊരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

ഈ കമ്മിറ്റിയുടെ തീരുമാനവും അനന്തമായി നീണ്ടുപോകുകയാണ്. ഫലത്തില്‍ കഴിഞ്ഞ 4 വര്‍ഷമായി സര്‍ക്കാരിന്റെ മീഡിയ ലിസ്റ്റില്‍ ഒറ്റ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് പോലും അംഗത്വം നല്‍കിയിട്ടില്ല. മുമ്പ് മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതില്‍ നല്ലൊരു ശതമാനം ഓണ്‍ലൈന്‍ പത്രങ്ങളും അടച്ചു പൂട്ടിയിട്ട് വര്‍ഷങ്ങളായി.

ഇപ്പോഴും സര്‍ക്കാര്‍ വാര്‍ത്തകളും സര്‍ക്കാര്‍ പരസ്യങ്ങളും പലതും പോകുന്നത് അടച്ചുപൂട്ടപ്പെട്ട ഇത്തരം പത്രങ്ങളുടെ വിലാസത്തിലാണ്. അവ ഏറ്റുവാങ്ങാന്‍ പോലും ആരുമില്ലെന്നതാണ് സ്ഥിതി.

എല്ലാ മേഖലയിലും കമ്പ്യൂട്ടര്‍ വത്കരണവും 'ഇ' വത്കരണവും നടപ്പിലാക്കുന്ന സര്‍ക്കാര്‍ മാധ്യമ രംഗത്തെ 'ഇ - മാധ്യമ'ങ്ങളുടെ കാര്യത്തില്‍ ചിറ്റമ്മ നയം തുടരുന്നത് ചില കുത്തക മാധ്യമങ്ങളുടെ സമ്മര്‍ദ്ദ ഫലമായാണെന്നാണ് വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ഇനിയും ഇക്കാര്യത്തില്‍ പി ആര്‍ ഡിയുടെ ഭാഗത്ത് നിന്നും അലംഭാവം തുടര്‍ന്നാല്‍ ശക്തമായ ഇടപെടലിന് കോം ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

publive-image

ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷന്‍ വൈകിയാല്‍ അതിനെ സംഘടനാപരമായി തന്നെ എതിര്‍ക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ പി ആര്‍ ഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കെടുകാര്യസ്ഥത പുറത്തുകൊണ്ടുവരണമെന്ന നിലപാടാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചേര്‍ന്ന കോം ഇന്ത്യ വാര്‍ഷിക പൊതുയോഗത്തിന്റെ നിലപാട്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ രജിസ്ട്രേഷന്‍ കാര്യത്തില്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍, സ്വതന്ത്ര ഓണ്‍ലൈന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവിനായി പി ആര്‍ ഡി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന അനാവശ്യ മാനദണ്ഡങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യാനും യോഗത്തില്‍ ധാരണയായി.

ഓണ്‍ലൈന്‍ പത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്തുക, അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ ഓണ്‍ലൈന്‍ പത്ര പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തുക, പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഹൗസിംഗ് സബ്സിഡി എന്നിവയില്‍ ഓണ്‍ലൈന്‍ പത്രങ്ങളെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളില്‍ ശക്തമായി ഇടപെടാനും യോഗം തീരുമാനിച്ചു.

കോം ഇന്ത്യ ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷനായ സമിതിയെ ഇക്കാര്യങ്ങളില്‍ സര്‍ക്കാരുമായി ആശയ വിനിമയം നടത്താന്‍ നിയോഗിക്കാനും ആലോചനയുണ്ട്. പ്രസിഡന്റ് അല്‍ അമീന്‍ അധ്യക്ഷത വഹിച്ചു.

com india
Advertisment