തലയ്ക്ക് നേരെ തോക്കും ചൂണ്ടി നിന്ന ഐസിസ് ഭീകരര്‍ കൊണ്ടുവന്ന ബസില്‍ കയറിയത് ഉമ്മന്‍ചാണ്ടിയുടെ ഒറ്റവാക്കിനെ വിശ്വസിച്ച്. അന്നത്തെ അവസ്ഥ ടേക്ക് ഓഫ് സിനിമയിലേതിനേക്കാള്‍ ഭീകരം. ഇറാഖിലെ നേഴ്സുമാരുടെ മോചന കഥ തുറന്നുപറഞ്ഞ് സംഘത്തിലുണ്ടായിരുന്ന മലയാളി നേഴ്സ്

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, January 13, 2018

കോട്ടയം:  മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒറ്റ വാക്കിന്റെ ബലത്തിലാണ് ഇറാഖില്‍ തടവിലാക്കപ്പെട്ട 46 നേഴ്സുമാര്‍ ഐസിസ് ഭീകരര്‍ ബസില്‍ കയറിയതെന്ന് സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന നേഴ്സ് പാലാക്കാരി മെറീനാ ജോസിന്റെ വെളിപ്പെടുത്തല്‍.

23 ദിവസം ഐസിസ് ഭീകരര്‍ നീട്ടിപ്പിടിച്ച തോക്കിന്‍ കുഴലുകള്‍ക്ക് മുമ്പില്‍ നിന്ന തടവിലാക്കപ്പെട്ട നേഴ്സുമാരുടെ മോചനം ‘ടേക്ക് ഓഫ്’ എന്ന സിനിമയിലെതിനേക്കാള്‍ ഭീകരമായിരുന്നു എന്നാണ് മെറീനയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെറീന അന്നത്തെ സാഹചര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ഞങ്ങളുടെ തലയ്ക്ക് മുകളിലേക്ക് തോക്ക് ചൂണ്ടിയ ഭീകരര്‍ ഇപ്പോഴും ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായിരുന്നു. ഞങ്ങളെ അവര്‍ വെറുതെ വിടുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല, ഒരു ദിവസം വന്നു ആശുപത്രിയില്‍ നിന്നിറങ്ങി ബസിലേക്ക് കയറാന്‍ ഭീകരര്‍ ആവശ്യപ്പെട്ടു. ഇനി ഇവിടെ നിന്നാല്‍ ഒരാള്‍ പോലും രക്ഷപെടില്ലെന്നായിരുന്നു ഭീഷണി.

അക്കാര്യം ഉടന്‍ മെറീന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചു പറഞ്ഞു. ബസില്‍ കയറിക്കൊള്ളാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ഭയപ്പെടേണ്ട, ഞങ്ങളും കേന്ദ്ര സര്‍ക്കാരും നിങ്ങളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഓരോ നീക്കങ്ങളും നേരിട്ട് അപ്പപ്പോള്‍ എന്നെ അറിയിക്കാനായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

അങ്ങനെയാണ് ഞങ്ങള്‍ 46 പേരും ബസില്‍ കയറുന്നത്. ഞങ്ങളുടെ ബസ് മുന്നോട്ട് നീങ്ങി മീറ്ററുകള്‍ പിന്നിട്ടപ്പോള്‍ തൊട്ടുപുറകില്‍ ഞങ്ങള്‍ താമസിച്ച ആ ആശുപത്രി ബോംബ്‌ സ്ഫോടനത്തില്‍ തകര്‍ന്നു വീഴുന്നത് ഞങ്ങള്‍ കണ്ടു – മെറീന പറയുന്നു.

അവിടെ നിന്ന് മൊസൂളിലെ കോട്ട പോലുള്ള കേന്ദ്രത്തിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അപ്പോഴും ഞങ്ങളുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് അന്തിമ വിജയമായിരുന്നില്ല. ഒരു രാത്രി മൊസൂളിലെ താവളത്തില്‍ കഴിഞ്ഞു. ആ രാത്രിയാണ് സര്‍ക്കാരിന്റെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായത്.

ഇതിനിടയില്‍ എല്ലാം സുരക്ഷിതമാണ്. രാവിലെ തന്നെ നിങ്ങളെ ഇന്ത്യന്‍ സംഘം ഏറ്റെടുക്കും എന്ന കാര്യം ഉമ്മന്‍ചാണ്ടി ഞങ്ങളെ അറിയിച്ചിരുന്നു. പിറ്റേന്ന് പറഞ്ഞപോലെ തന്നെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീകരര്‍ ഞങ്ങളെ കൈമാറി. ആശുപത്രിയില്‍ നിന്നും മൊസൂളിലേക്കും ഇവിടെ നിന്നും എര്‍ബില്‍ വിമാനത്താവളത്തിലേക്കുമുള്ള യാത്രകള്‍ കടുത്ത വെല്ലുവിളിയായിരുന്നു.

ബോംബ്‌ സ്ഫോടനങ്ങളുടെ ശബ്ദങ്ങളും മിസൈലുകള്‍ പതിക്കുന്നതുമൊക്കെ കേട്ടും കണ്ടുമായിരുന്നു യാത്ര. അടുത്ത നിമിഷം എന്തും സംഭവിക്കാമെന്ന നിലയിലായിരുന്നു ഞങ്ങളുടെ അവസ്ഥ. എന്നാല്‍ എര്‍ബില്‍ വിമാനത്താവളത്തില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തില്‍ കയറിയ ശേഷമാണ് എല്ലാവര്‍ക്കും ആശ്വാസമായത് – മെറീന പറഞ്ഞു.

മോചന ദ്രവ്യം കിട്ടാതെ ഭീകരര്‍ ഞങ്ങളെ മോചിപ്പിച്ചിരിക്കും എന്ന് വിശ്വസിക്കുന്നില്ല. 39 പഞ്ചാബികളെ കാണാതായിട്ട് അവരെക്കുറിച്ച് വിവരമൊന്നുമില്ലല്ലോ. രക്ഷപെട്ടെത്തിയവരില്‍ 25 പേര്‍ ബഹ്റിനിലെയും ദുബായിലെയും ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്. ചിലര്‍ക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല – മെറീന പറയുന്നു.

×