follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

മാര്‍ച്ചുമാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി: മുഖ്യമന്ത്രി

ബെയ് ലോണ്‍ എബ്രഹാം » Posted : 17/02/2017

തിരുവനന്തപുരം: 2017 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഗുണമേന്മയുള്ള വൈദ്യുതി എന്ന പ്രഖ്യാപിതലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്താരാഷ്ട്ര വൈദ്യുത സുരക്ഷാ ശില്‍പശാല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘടിപ്പിച്ച ശില്‍പശാലയില്‍ വൈദ്യുതമന്ത്രി എം എം മണി അധ്യക്ഷനായി.കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണവൈദ്യുതീകരണം ലക്ഷ്യമിട്ടുകൊണ്ട് വലിയ ഇടപെടലുകള്‍ നടന്നിരുന്നൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. . അക്കാലത്ത് 85 അസംബ്‌ളി നിയോജക മണ്ഡലങ്ങളിലും നാല് ജില്ലകളിലും സമ്പൂര്‍ണവൈദ്യുതീകരണം കൈവരിച്ചു.

അതേ രീതിയിലുള്ള പ്രവര്‍ത്തനം തുടര്‍ന്നിരുന്നുവെങ്കില്‍ 2012ഓടെ കേരളം സമ്പൂര്‍ണവൈദ്യുതീകരണം പൂര്‍ത്തിയാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ല. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്പൂര്‍ണവൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്.

വര്‍ദ്ധിച്ചു വരുന്ന ഉപഭോഗത്തിനൊപ്പം വൈദ്യുതിയുടെ ഗുണമേന്മയും ഉറപ്പാക്കണമെങ്കില്‍ ഉല്പാദനത്തിലും ആനുപാതികമായ വര്‍ദ്ധനവുണ്ടാകണം. ആഭ്യന്തരമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതും എന്നാല്‍ പിന്നീട് മുടങ്ങിയ പദ്ധതികളായ പള്ളിവാസല്‍, തൊട്ടിയാര്‍, ചാത്തങ്കോട്ടുനട എന്നിവ പുനഃരാരംഭിക്കുവാനും നിര്‍മാണഘടത്തിലുള്ള കക്കയം, പെരുന്തേനരുവി തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയും വൈദ്യുതോല്പാദനം സമയബന്ധിതമായി വര്‍ദ്ധിപ്പിക്കും. പെരുവണ്ണാമൂഴി, പഴശ്ശി, ലാന്‍ഡ്രം, ആനക്കയം, പെങ്ങല്‍ക്കൂത്ത്, മാങ്കുളം തുടങ്ങിയ പുതിയ ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും.

കാസര്‍കോട്ട് നിര്‍മാണത്തിലിരിക്കുന്ന 200 മെഗാവാട്ട് സോളാര്‍ നിലയത്തിന്റെ പണി 2017ല്‍ തന്നെ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 മെഗാവാട്ടിന്റെ സോളാര്‍ നിലയം പൂര്‍ത്തിയാക്കും.

ഇത്തവണ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയനുഭവപ്പെടുകയാണ്. നമ്മുടെ ഡാമുകളിലെ ജലലഭ്യത മുന്‍കാലങ്ങളിലെയപേക്ഷിച്ച് വളരെ കുറവാണ്. ഇതു മൂലം ഏകദേശം 350 കോടി യൂണിറ്റിന്റെ കുറവാണ് സംസ്ഥാനത്തിന്റെ വൈദ്യുതോല്പാദനത്തിലുണ്ടായിരിക്കുന്നത്. എങ്കിലും പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ കൂടാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അനാവശ്യമായ വൈദ്യുതോപഭോഗം പൂര്‍ണമായൊഴിവാക്കിക്കൊണ്ടും കാര്യക്ഷമത കൂടിയ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടും, ഇതിനു വേണ്ടുന്ന ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടും പ്രതിസന്ധിയുടെ രൂക്ഷത വലിയൊരളവ് വരെ കുറയ്ക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+