follow us

1 USD = 64.901 INR » More

As On 23-09-2017 21:04 IST

എംഎല്‍എമാരുടെ പിന്തുണയില്ലെങ്കിലും പനീര്‍ ശെല്‍വം കരുണാനിധി കഴിഞ്ഞാല്‍ പിന്നത്തെ ജനപ്രിയ നേതാവ്. പളനിസാമിയുടേത് "തിരുട്ട് സര്‍ക്കാര്‍" എന്ന് ജനം; ശശികലയെ കണ്ടാല്‍ കല്ലെറിയാനൊരുങ്ങി തമിഴര്‍: തമിഴ് രാഷ്ട്രീയം ഇപ്പോള്‍ ഇങ്ങനെ..

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 17/02/2017

ചെന്നൈ: എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും തമിഴ്ജനതയില്‍ ബഹുഭൂരിപക്ഷവും അസംതൃപരാണെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വിമതസ്വരം ഉയര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ഓ പനീര്‍ ശെല്‍വത്തിന് അണ്ണാ ഡി എം ke നിയമസഭാ കക്ഷിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ലെങ്കിലും ഇപ്പോള്‍ തമിഴ്ജനത ഏറ്റവും അധികം വെറുക്കുന്ന വി കെ ശശികലയെ മുഖ്യമന്ത്രി ആക്കുന്നതില്‍ നിന്ന് തടഞ്ഞു എന്നതിനാല്‍ തന്നെ വീര പരിവേഷമാണ്.രണ്ടാഴ്ച മുമ്പ് വരെ വെറും പാവ മുഖ്യമന്ത്രിയായി വിമര്‍ശിക്കപ്പെട്ടിരുന്ന പനീര്‍ ശെല്‍വം നിലവില്‍ തമിഴകത്ത് കരുണാനിധി കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായാണ് അറിയപ്പെടുന്നത്.

ശശികലയെന്നാല്‍ വെറുക്കപ്പെട്ടവള്‍ !

തങ്ങളുടെ അമ്മയായ ജയലളിതയുടെ മരണത്തിനുത്തരവാദി എന്ന നിലയിലുള്ള പ്രതിശ്ചായ ശശികലയ്ക്ക് ഉണ്ടാക്കികൊടുക്കുന്നതില്‍ വിജയിച്ചു എന്നതാണ് പനീര്‍ ശെല്‍വത്തിന്‍റെ ഏറ്റവും വലിയ നേട്ടം. അതില്ലായിരുന്നുവെങ്കില്‍ അമ്മയുടെ പിന്‍ഗാമിയായി ചിന്നമ്മ വിലസുമായിരുന്നു.

അതോടെ അമ്മയുടെ മരണത്തിനുത്തരവാദി എന്ന നിലയില്‍ തമിഴ് ജനത ഏറ്റവും അധികം വെറുക്കുന്ന നേതാവായി ശശികല മാറി. മന്നാര്‍ഗുഡി മാഫിയയുടെ അകമ്പടിയില്ലാതെയും അവരുടെ കേന്ദ്രങ്ങളിലല്ലാതെയും തമിഴകത്ത് എവിടെ ഇറങ്ങിച്ചെന്നാലും ശശികല ആക്രമിക്കപ്പെടാം എന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.

ചിന്നമ്മയ്ക്ക് ജയ്‌ വിളിച്ചത് കൂലിപ്പട !ദിവസങ്ങളോളമായി ശശികല താമസിക്കുന്ന പോയസ് ഗാര്‍ഡനു മുന്നിലും ജയാ സ്മാരകത്തിനു ചുറ്റിലും എം എല്‍ എമാരെ താമസിപ്പിച്ചിരുന്ന കൂവത്തൂരിലും മഹാബലിപുരത്തെയും റിസോര്‍ട്ടുകള്‍ക്ക് മുമ്പിലും അണിനിരത്തിയിരുന്നത് മന്നാര്‍ഗുഡി സമുദായത്തില്‍ നിന്നുള്ള ആളുകളെയായിരുന്നു.

തങ്ങളുടെ ദൌത്യങ്ങള്‍ക്ക് സംരക്ഷണം തീര്‍ക്കുക, ശശികലയ്ക്ക് മുദ്രാവാക്യം വിളിക്കുക, ശശികല കടന്നു വരുമ്പോള്‍ ജയലളിത വരുന്നതിനു സമാനമായ വൈകാരിക അന്തരീക്ഷം തീര്‍ക്കുക എന്നിവയായിരുന്നു ഇവരുടെ ദൌത്യം. അതിനു കൃത്യമായി ദിവസം 500 രൂപ വീതം കൂലിയും ഭക്ഷണവും ഇവര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു. 3 സ്ഥലങ്ങളിലും 3 ടീമുകളെയായിരുന്നു അണിനിരത്തിയിരുന്നത്. ഇവിടങ്ങളില്‍ ഇവരെ നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥലങ്ങളിലും 25 അംഗ ഗുണ്ടാപ്പടയെ നിയോഗിച്ചിരുന്നു.

ചാനലുകള്‍ ചൊല്ലുന്നിടത്ത് കൂലിക്ക് ആരാധകരെ അണിനിരത്തി

ശശികല പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്തിറങ്ങി യാത്ര ചെയ്തത് റിസോര്‍ട്ടിലേക്കും ജയ സ്മാരകത്തിലേക്കുമായിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പകര്‍ത്തി. ചാനലുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ജയലളിതയോടുള്ള തമിഴ്മക്കളുടെ ആരാധനയ്ക്ക് തുല്യമായ വൈകാരിക രംഗങ്ങള്‍ സൃഷ്ടിക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഈ കൂലിപ്പടയ്ക്ക് നല്‍കിയിരുന്നു.

ചിന്നമ്മയ്ക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കുക, തിരക്കില്‍ ചിന്നമ്മയുടെ വാഹനവ്യൂഹം തടസപ്പെടുത്തുന്ന വിധം തിരക്ക് സൃഷ്ടിക്കുക, ചാനലുകള്‍ക്ക് മുമ്പില്‍ ചിന്നമ്മ ആരാധന അവതരിപ്പിക്കുക, പുറത്തു നിന്നും പനീര്‍ ശെല്‍വം അനുകൂലികളുടെയോ ഡി എം കെയുടെയോ ഭാഗത്ത് നിന്നും ആക്രമണങ്ങള്‍ ഉണ്ടായാല്‍ ചെറുത്ത് നില്‍ക്കുക എന്നിവയായിരുന്നു ഇവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.

അതിനാല്‍ തന്നെ ചാനലുകളില്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ ശശികലയ്ക്ക് അനുകൂലമായ ഒരു തരംഗം അണ്ണാ ഡി എം കെ പ്രവര്‍ത്തകരിലുണ്ടെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ പുറത്തുള്ള സാഹചര്യം നേരെ തിരിച്ചായിരുന്നു. ഒളിപ്പിച്ചിരുന്ന എം എല്‍ എമാര്‍ക്ക് പോലും പുറത്തെ സാഹചര്യം മനസിലാക്കാന്‍ കഴിയാത്ത വിധമുള്ള ഒരു സന്നാഹങ്ങള്‍ ഒരുക്കുന്നതില്‍ മാന്നാര്‍ഗുഡി മാഫിയ വിജയിച്ചു.

ജനവികാരം തിരിച്ചറിഞ്ഞ് ബാംഗ്ലൂരില്‍ ചെന്നപ്പോള്‍ ..എന്നാല്‍ ശശികലയുടെ യഥാര്‍ത്ഥ ജനപ്രീതി വെളിപ്പെട്ടത് ബാംഗ്ലൂരില്‍ അഗ്രഹാര ജയിലില്‍ ചെന്നപ്പോഴായിരുന്നു. അവിടെ ആള്‍ക്കൂട്ടത്തെ ഏര്‍പ്പാടാക്കാന്‍ ശശികല നിര്‍ദ്ദേശം നല്‍കിയെങ്കിലും അവര്‍ക്ക് അടുക്കാവുന്ന സാഹചര്യമല്ലായിരുന്നു പ്രദേശത്ത്.

ശശികലയെ ആക്രമിക്കാന്‍ പോലും തയാറായി ശശികല വിരുദ്ധരായ തമിഴരായിരുന്നു അവിടെ നിറഞ്ഞത്. അവരാണ് ശശികലയ്ക്ക് വസ്ത്രങ്ങളുമായി വന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ത്തത്. ചിന്നമ്മയ്ക്ക് ജയ്‌ വിളിക്കാന്‍ മരുന്നിനു പോലും ഒരാള്‍ ഉണ്ടായിരുന്നില്ല.

കനത്ത സെക്യൂരിറ്റി ഉണ്ടായിരുന്നതിനാല്‍ ശശികലയെ അവരുടെ കയ്യില്‍ കിട്ടിയില്ലെന്ന് മാത്രം. ജയിലിലുള്ള കൊടുംകുറ്റവാളികളായ തമിഴര്‍ പോലും ശശികലയ്ക്ക് എതിരാണ്. അവര്‍ ശശികലയെ പുലഭ്യം വിളിക്കുന്ന സാഹചര്യം വരെ ജയിലിലുണ്ടായി. അതിനാല്‍ ജയിലിനുള്ളില്‍ പോലും ശശികലയ്ക്ക് സംരക്ഷണം കൊടുക്കേണ്ട അവസ്ഥയിലാണ് പോലീസ്.

സത്യത്തില്‍ ശശികല ജനകീയ നേതാവല്ല. ജനവിരുദ്ധ നേതാവായി മാറിക്കഴിഞ്ഞു. ശശികലയെ അനുകൂലിക്കുന്നവരെ പോലും തമിഴ് ജനത വെറുക്കുന്നു. നിലവിലെ അവസ്ഥയില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ പളനിസ്വാമി ഉള്‍പ്പെടെ ശശികല വിഭാഗത്തിന്‍റെ ഒരാള്‍ പോലും ജയിക്കുന്ന അന്തരീക്ഷമല്ല തമിഴ്നാട്ടിലുള്ളത്.സര്‍ക്കാര്‍ എന്നാല്‍ ചിന്നമ്മയും 32 കള്ളന്മാരും ? തിരുട്ട് സര്‍ക്കാര്‍ !

എടപ്പാടി പളനിസാമിയുടെ സര്‍ക്കാരിനെ "തിരുട്ട് സര്‍ക്കാര്‍" എന്നാണു തമിഴ് ജനത വിശേഷിപ്പിക്കുന്നത്. തമിഴ് നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മദ്യ, ക്വാറി, ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കുന്ന ശശികലയുടെ കൂട്ടുകള്ളന്മാരായാണ് മന്ത്രിമാരെപ്പോലും ജനം കാണുന്നത്.

അതേസമയം സര്‍ക്കാരിന് മുമ്പില്‍ നാലേകാല്‍ വര്‍ഷത്തോളം കാലാവധി ഉണ്ട് എന്നത് ശശികലയ്ക്ക് തല്‍ക്കാലം ആശ്വസിക്കാം. പക്ഷെ ആ ആശ്വാസത്തിന് അധിക നാള്‍ ആയുസുണ്ടാകാന്‍ വഴിയില്ല. പളനിസ്വാമി ഉള്‍പ്പെടെ ഭൂരിപക്ഷം എം എല്‍ എമാരും താമസം വിനാ ജനവികാരം ഉള്‍ക്കൊണ്ട് ശശികലയെ തള്ളിപ്പറയും എന്നാണു വിലയിരുത്തല്‍. ഫലത്തില്‍ അധിക താമസം ഇല്ലാതെ തന്നെ ശശികല കളത്തിനു പുറത്താകാനാണ് സാധ്യത.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+