follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയെന്ന് കടകംപള്ളി ; പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ ഉദ്ഘാടനം നിശ്ചയിച്ച സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി കേരള ഘടകം

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 19/05/2017

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം പരിഗണിക്കാതെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതിനെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി കേരള ഘടകം. ഈ മാസം മുപ്പതിന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നു വ്യക്തമാക്കിയിരുന്നു. ആലുവയില്‍ വച്ചാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടത്തുകയെന്നായിരുന്നു പ്രഖ്യാപനം. മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും, എന്തെങ്കിലും സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



എന്നാല്‍, പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതെന്നാണ് ബിജെപി ഉയര്‍ത്തുന്ന ആരോപണം. മേയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്ന് നേരത്തെ അറിയിച്ചതാണ്. ഒന്നരമാസം മുന്‍പ് നിശ്ചയിച്ചതാണ് ഈ പര്യടനം. ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം ജൂണ്‍ 7, 8 എന്നീ തീയതികളില്‍ നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കസഖ്സ്ഥാനിലേക്കു പോകും. അതിനുശേഷം യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല.

അതേസമയം, മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കത്തയച്ചിരുന്നെങ്കിലും ഇതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ, സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉയരുകയും ചെയ്തു.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി എത്തില്ലെന്ന് വ്യക്തമാണ്. അതില്‍നാല്‍ത്തന്നെ, കേരളത്തിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്നും പ്രധാനമന്ത്രിയെ മനഃപൂര്‍വം ഒഴിവാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന തരത്തിലാണ് ബിജെപി നേതാക്കളുടെ പ്രതികരണം. അവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രിയുടെ സമയം ലഭിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമാണെന്നും അവര്‍ ആരോപിക്കുന്നു.

പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്രെ തീയതി ഏപ്രില്‍ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

തികഞ്ഞ അല്‍പ്പത്തമാണ് കേരള സര്‍ക്കാര്‍ കാണിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിററിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് – സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+