follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ഫിഫ ലോകകപ്പ്: വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; ജിസിഡിഎ 25 ലക്ഷം കെട്ടിവെയ്ക്കണം

കൊച്ചി ബ്യൂറോ » Posted : 19/09/2017

കൊച്ചി : ഫിഫ മത്സരത്തെ ഭാഗമായി കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്ന് താൽക്കാലികമായി ഒഴിപ്പിക്കുന്ന വാടകമുറിക്കാർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. വിശാല കൊച്ചി വികസന അതോറിറ്റി(ജിസിഡിഎ) 25 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വാടകമുറിക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേട്ട ശേഷമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ചു ജിസിഡിഎ നോട്ടിസ് നൽകിയതു ചോദ്യം ചെയ്തു സ്റ്റേഡിയത്തിലെ വാടകക്കാരായ എറണാകുളം ചങ്ങമ്പുഴ നഗർ വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 46 വ്യാപാരികൾ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ലോകകപ്പിനു വേണ്ടി ഒക്ടോബർ 25 വരെ കടമുറികൾ അടച്ചിടാനാണു നോട്ടിസ് നൽകിയിട്ടുള്ളത്.



കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കാൻ തയാറാണെന്നു ഹർജിക്കാരും ബോധിപ്പിച്ചു.

സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതിൽ സർക്കാരിനു വേണ്ടത്ര തയാറെടുപ്പുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കളി നടക്കാൻ പോവുന്ന കാര്യം രണ്ടു വർഷം മുൻപു ഫിഫയുമായി ചർച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കടക്കാർക്കു മുറി ഒഴിയാൻ മൂന്നു മാസം സാവകാശം നൽകണമായിരുന്നു.

ഓരോ കടക്കാർക്കും എത്ര നഷ്ടപരിഹാരം നൽകാനാവുമെന്നും കോടതി കഴിഞ്ഞ 16നു നടന്ന വാദത്തിൽ സർക്കാരിനോട് ചോദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ അതിൽ ആരെയൊക്കെ ഉൾപ്പെടുത്താനാവും, എത്ര തുക കെട്ടി വയ്ക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഫിഫ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് ഫിഫ.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+