follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു; തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നേരിട്ട് കൈമാറാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം ബ്യൂറോ » Posted : 22/09/2017

ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ടാണ് നടപടി. വൈകീട്ട് കളക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ ടി.വി അനുപമ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും. റിപ്പോര്‍ട്ട് ഇന്ന് തന്നെ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.



മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്നലെ പറഞ്ഞിരുന്നു. മന്ത്രി എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ല എന്നും കളക്ടര്‍മാര്‍ മാറിയതാണ് അന്വേഷണത്തിന് കാലതാമസം ഉണ്ടാക്കിയതെന്നും മന്ത്രി അറിയിച്ചിരുന്നു.

മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കളക്ടറോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് അറിയുന്നതിനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകാന്‍ സമയമെടുത്തേക്കും. എന്നാല്‍ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ ലഭിക്കും. ഇത് ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്നലെ പറഞ്ഞിരുന്നു.

നിലവില്‍ മന്ത്രിസഭയില്‍ അംഗമാണെന്നുള്ളതോ സമ്പന്നനാണെന്നുള്ളതോ അന്വേഷണത്തെ സ്വാധീനിക്കില്ല. ഒരു വിധത്തിലുള്ള സ്വാധീനത്തിനും വഴിപ്പെടാതെയുള്ള നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയും ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചതായുള്ള ആരോപണവും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നും മന്ത്രി പറഞ്ഞിരുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ ഒരു ആരോപണം. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍വരെമാത്രം ടാര്‍ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+