Advertisment

സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടും; മുഖ്യമന്ത്രി

New Update

publive-image

Advertisment

കൊച്ചി: സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 7 മീറ്ററും രണ്ടാംഘട്ടത്തില്‍ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു.

കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍'റൗണ്ട് ദി കോസ്റ്റ്'കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഷിപ്പിംഗ് ട്രേഡ് മീറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശ കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം എന്നീ ചെറുകിട തുറമുഖങ്ങളില്‍ നിന്നും 1150 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ചരക്ക് നീക്കത്തിന് കപ്പല്‍ സര്‍വീസ് പ്രയോജനപ്പെടുത്തുന്നതിലൂടെ സാമ്പത്തിക ലാഭത്തിന് പുറമേ റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കാന്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ കപ്പല്‍ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസുംഅനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ട്രേഡ് മീറ്റ് സംഘടിപ്പിച്ചത്.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നു. എംഎല്‍എമാരായ കെ.വി. സുമേഷ്, എം. മുകേഷ്, എം. വിന്‍സെന്റ്, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ. മാത്യു, തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രമേശ് തങ്കപ്പന്‍, കോസ്റ്റ് ഗാര്‍ഡ് ഡിഐജി രവി, നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് അംഗം രാഹുല്‍ മോദി, റൗണ്ട് ദി കോസ്റ്റ് സിഇഒ കിരന്‍ നരേന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു.

വിദേശ-ഇന്ത്യന്‍ കപ്പല്‍ കമ്പനികളുടെ ഏജന്‍സി പ്രതിനിധികള്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഷിപ്പിംഗ് രംഗത്തുള്ള കയറ്റുമതിക്കാരുടെടെയും ഇറക്കുമതിക്കാരുടെയുംസംഘടനാ പ്രതിനിധികള്‍,കേരളത്തിലെ പ്രമുഖ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍,കേരളം, തമിഴ്നാട്,കര്‍ണാടക തുടങ്ങിയ സംസ്ഥാനത്തെ മറ്റ് വ്യവസായ സംഘടനകളുടെയും ഷിപ്പിംഗ് കയറ്റുമതി, ഇറക്കുമതി വ്യവസായങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ ട്രേഡ് മീറ്റില്‍ പങ്കെടുത്തു.

NEWS
Advertisment