Advertisment

പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസ്; പ്രതി ആശിഷ് അറസ്റ്റിൽ

New Update

publive-image

Advertisment

കൊല്ലം: പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസില്‍ പ്രതി ആശിഷ് പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് ആശിഷിനെ പിടികൂടിയത്.

എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്‌ന മന്‍സിലില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്ക് നേരെയാണ് തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വച്ച് അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം.

റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകനെയും ക്രൂരമായി ആക്രമിച്ചത്. ആഹാരം കഴിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇരുമ്പ്‌വടി ഉപയോഗിച്ച് ഒരാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഷംലയും സാലുവും പറഞ്ഞു. ഇരുവരും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി

അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ അതിന് തെളിവ് ആവശ്യപ്പെട്ടു. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ മര്‍ദിക്കുന്നതു കണ്ട് കാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ പ്രതി അസഭ്യം പറഞ്ഞുവെന്നു ഷംല പറഞ്ഞു. തുടര്‍ന്ന് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു.

നാട്ടുകാര്‍ ഏറെപേര്‍ അക്രമം കണ്ടുനിന്നെങ്കിലും ആരും ഇടപെട്ടില്ല. പ്രാണരക്ഷാര്‍ത്ഥം പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു ഇരുവരും. പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ആശിഷ് അമ്മയ്‌ക്കും മകനുമെതിരെ കളളക്കേസ് നല്‍കാനും ശ്രമിച്ചു.

ഇരുവരും സഞ്ചരിച്ച വണ്ടിയിടിച്ച് ആട് ചത്തെന്ന പരാതിയുമായി ആശിഷിന്‍റെ സഹോദരി സ്റ്റേഷനിലെത്തിയെങ്കിലും കളളപ്പരാതിയാണിതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

NEWS
Advertisment