Advertisment

കൊല്ലത്ത് ആരോഗ്യപ്രവർത്തകയെ അടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ

New Update

publive-image

Advertisment

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ അടിച്ച് വീഴ്‌ത്തിയ ശേഷം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കടയ്‌ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സ്ഥിരം മാല മോഷണ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മാല മോഷണം നടത്തിയതിന് ഇവർക്കെതിരെ കേസുകളുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊല്ലത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതികളാണിവർ. ആരോഗ്യപ്രവർത്തകയെ ആക്രമിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പോലീസിന്റെ പട്രോളിങ് സംഘത്തെ കണ്ടാണ് അക്രമികൾ രക്ഷപെട്ടത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം.

ആരോഗ്യപ്രവർത്തകയെ ആക്രമിച്ചത് പ്രൊഫഷണൽ സംഘമാണെന്നും പോലീസ് മനസിലാക്കിയിരുന്നു. ഇത് അനുസരിച്ച് അന്വേഷണസംഘം തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ റോക്കിയും നിശാന്തും ഇടംപിടിച്ചിരുന്നു.

കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. നിശാന്തിനെ ചവറയിൽ ബസ് തടഞ്ഞു നിർത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിശാന്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഠിനംകുളത്തെ വീട്ടിൽ നിന്ന് റോക്കി റോയിയെ അറസ്റ്റ് ചെയ്തത്. ഇരുവരും ചവറ പോലീസ് സ്‌റ്റേഷനിലാണുള്ളത്. ഇവരെ ആലപ്പുഴ പോലീസിന് കൈമാറും.

NEWS
Advertisment