Advertisment

തമിഴ്‌നാട്ടിൽ നിന്നും കാനഡയിലേക്ക് മനുഷ്യക്കടത്ത്; ബോട്ട് എത്തിച്ചത് കൊല്ലത്ത് നിന്നോ? അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ക്യൂ ബ്രാഞ്ച്

New Update

publive-image

Advertisment

കൊല്ലം : തമിഴ്‌നാട്ടിൽ നിന്ന് കാനഡിലേക്ക് മനുഷ്യക്കടത്ത് നടന്നതുമായി ബന്ധപ്പെട്ട് കൊല്ലം കേന്ദ്രീകരിച്ച് വൻ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കണ്ടെത്തൽ. പുനലൂരിലെ തോട്ടം തൊഴിലാളിയായ ശ്രീലങ്കൻ വംശജയെ തെറ്റിദ്ധരിപ്പിച്ചാണ് മനുഷ്യക്കടത്തിനുളള ബോട്ട് കൊല്ലത്ത് നിന്നു സംഘടിപ്പിച്ചതെന്ന് ക്യൂബ്രാഞ്ചും സംസ്ഥാന ഇൻറലിജൻസും സംശയിക്കുന്നു.

രാമേശ്വരം സ്വദേശിക്കു വേണ്ടി 50 ലക്ഷം രൂപയുടെ ബോട്ട് കുളത്തൂപ്പുഴയിൽ തോട്ടം തൊഴിലാളിയായ ഈശ്വരി എന്ന ശ്രീലങ്കൻ വംശജയുടെ പേരിലാണ് വാങ്ങിയത്. ഈ ബോട്ടിന്റെ പേര് മാറ്റി കുളച്ചലിലേക്ക് കടത്തുകയായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ക്യൂ ബ്രാഞ്ച് സംഘം കുളത്തുപ്പുഴയിലും ശക്തികുളങ്ങരയിലും എത്തിയെന്ന് സൂചനയുണ്ട്.

എന്നാൽ ബന്ധുവും തമിഴ്‌നാട് സ്വദേശിയുമായ ജോസഫ് രാജ് തന്നെ കബളിപ്പിച്ച് രേഖകൾ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നാണ് ഈശ്വരിയുടെ മൊഴി. മനുഷ്യക്കടത്തിനെ കുറിച്ച് തനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നും ഈശ്വരി ക്യൂബ്രാഞ്ചിന് മൊഴി നൽകി.

രാമേശ്വരത്ത് ശ്രീലങ്കർ വംശജർ താമസിക്കുന്ന മണ്ഡപം ക്യാമ്പ്, മധുര, സേലം തുടങ്ങി നാല് ക്യാമ്പുകളിൽ നിന്ന് നിരവധി കുടുംബങ്ങളെ കാണാതായ സംഭവത്തിലാണ് ക്യൂബ്രാഞ്ച് മനുഷ്യക്കടത്ത് നിഗമനത്തിലേക്ക് എത്തിയത്.

കേരളതീരത്തും ജാഗ്രതാ പാലിക്കാൻ ക്യൂബ്രാഞ്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറി. അതേസമയം കഴിഞ്ഞ 22 ന് കുളച്ചലിൽ നിന്നും കർണാടകത്തിലേക്ക് മരിയാൻ എന്ന പേരിലെ ബോട്ട് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പുറപ്പെട്ടതായി നാഗർകോവിലിൽ നിന്നുള്ള ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരം കൈമാറിയിട്ടുണ്ട്.

നേരത്തെയും ശക്തികുളങ്ങരയിൽ നിന്ന് മനുഷ്യക്കടത്തിന് ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. പുതിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബോട്ടുടമകളായ ചിലരും നിരീക്ഷണത്തിലാണ്.

ഇൻറലിജൻസ് ഏജൻസികളുടെ കണ്ണുവെട്ടിച്ച് ബോട്ട് കേരളത്തിൽ നിന്നു കടത്താൻ കൊല്ലത്ത് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ക്യൂബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിനായി കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ അടുത്തയാഴ്ച കൊല്ലത്തെത്തും.

NEWS
Advertisment