Advertisment

ഭാരത് മാതാ കീ ജയ് വിളികളോടെ ധീരസൈനികന് അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ: വൈശാഖിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

New Update

publive-image

Advertisment

കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീര സൈനികൻ വൈശാഖിന് ജന്മനാടിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കുടവെട്ടൂർ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നിരവധി പേരാണ് വൈശാഖിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. കേണൽ മുരളി ശ്രീധരൻ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. ഇദ്ദേഹത്തിൽ നിന്നും വൈശാഖിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകൻ മിഥുൻ ഭൗതിക ദേഹം ഏറ്റുവാങ്ങി.

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെയാണ് ജന്മനാടായ കൊല്ലത്തേയ്‌ക്ക് എത്തിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ പൂഞ്ചിൽ വീരമൃത്യുവരിച്ചത്. പൂഞ്ചിലെ സേവനം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാൻ എച്ച് വൈശാഖ്.

കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മൂത്ത മകനാണ് അദ്ദേഹം. 24 കാരനായ വൈശാഖിന്റെ സ്വപ്നമായിരുന്ന വീട് യാഥാർത്ഥ്യമായത് 6 മാസങ്ങൾക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

അഞ്ചു വർഷം മുമ്പാണ് ഇന്ത്യൻ ആർമിയിലെ മെക്കനൈസ് ഇൻഫെന്ററി റെജിമെന്റിൽ വൈശാഖ് ജോലിയിൽ പ്രവേശിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും.

NEWS
Advertisment