Advertisment

പ്ലാപ്പള്ളി മേഖലയില്‍ ഇന്നും തെരച്ചില്‍ തുടരും; കാവാലിയില്‍ മരിച്ച ആറംഗകുടുംബത്തിന്റെ സംസ്‌കാരം ഇന്ന്

New Update

publive-image

Advertisment

കോട്ടയം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. പ്ലാപ്പള്ളി, കൂട്ടിക്കല്‍, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളില്‍ രാത്രി ശക്തമായ മഴ പെയ്തു. പുലര്‍ച്ചെയോടെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ ഉടന്‍ തിരികെയെത്തരുതെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇന്ന് പ്ലാപ്പള്ളി മേഖലയില്‍ തെരച്ചില്‍ പുനരാരംഭിക്കുക. ഇന്നലെ രാത്രിയും ചപ്പാത്ത് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ മഴ ശക്തിയായി പെയ്തിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ തെരച്ചില്‍ നിര്‍ത്തിയതോടെ ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചുപോയിരുന്നു. അപകട സാധ്യത പൂര്‍ണമായും ഒഴിഞ്ഞ ശേഷമേ തിരികെ വരാവൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ കണ്ടെത്തിയ അലന്റെ മൃതദേഹത്തിനൊപ്പമുണ്ടായ മൃതദേഹാവശിഷ്ടം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയാണ് കാല്‍പാദം കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ചവരുടെ മുഴുവന്‍ മൃതദേഹവും കണ്ടെത്തിയെന്ന നിഗമനത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.

കൂട്ടിക്കലില്‍ മരിച്ച സോണിയയുടെയും റോഷ്‌നിയുടെയും മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു. ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച മാര്‍ട്ടിന്റെയും അഞ്ച് കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇന്നുനടക്കും.

ക്ലാരമ്മ ജോസഫ്, മാര്‍ട്ടിന്‍, സിനി, സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. കാവാലി പള്ളിയില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്‌കാരം. അതേസമയം കൂട്ടിക്കലില്‍ മഴ തുടര്‍ന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

NEWS
Advertisment