Advertisment

പാലാ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് മെഷീനുകൾ തിരികെ എത്തിക്കും, 40-ൽ പരം പേർക്ക് വരെ ഡയാലിസിസ് സൗകര്യം ഒരുക്കും, ഹോർമോൺ അനലൈസറും ലഭ്യമാക്കും; ജോസ്.കെ.മാണി

New Update

publive-image

Advertisment

പാലാ: പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നതിനായി എത്തിക്കുകയും പിന്നീട് തിരികെ കൊണ്ടുപോവുകയും ചെയ്ത ഡയാലിസിസ് ഉപകരണങ്ങൾ തിരികെ എത്തിച്ച് സ്ഥാപിക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.

ജനറൽ ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിലാണ് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നത്. പതിനൊന്നോളം മെഷീനുകളാണ് ആദ്യഘട്ടത്തിൽ ഇവിടെ എത്തിക്കുന്നത്. കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ നൽകിയ ഭരണാനുമതി പ്രകാരം 880 ലക്ഷം രൂപ വിനിയോഗിച്ചാണ് നെഫ്രോളജി വിഭാഗത്തിനായി ബഹുനില മന്ദിരം നിർമ്മിച്ചത്.

നിർധനരായ വൃക്കരോഗികളുടെ നിരന്തരമായ ആവശ്യo പരിഗണിച്ചാണ് ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഇപ്പോൾ മെഷീനുകൾ വീണ്ടും എത്തിക്കുവാൻ നടപടിയായതെന്ന് ജോസ് കെ.മാണി പറഞ്ഞു. സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളിലെ ചികിത്സാ ചെലവ് താങ്ങുവാനാവാത്ത നിരവധി രോഗികൾക്ക് ഇതോടെ വളരെ ചുരുങ്ങിയ ചിലവിൽ ഡയാലിസ് സൗകര്യം ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.

കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുക. ഒരു ദിവസം കുറഞ്ഞത് പ്രഥമഘട്ടത്തിൽ 22 പേർക്കും തുടർന്ന് 40-ൽ പരം പേർക്കും ചുരുങ്ങിയ ചിലവിൽ ഡയാലിസിസ് സൗകര്യം ലഭ്യമാക്കുവാൻ കഴിയും. ഇതിനാവശ്യമായ ജീവനക്കാരെ ലഭ്യമാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോസ്.കെ.മാണി പറഞ്ഞു.

ഇതു കൂടാതെ ആശുപത്രി ലാബിലേക്ക് പുതിയ ഹോർമോൺ അനലൈസർ ഉപകരണവും ലഭ്യമാക്കും. മുൻപ് ഡയാലിസിസ് മെഷീനുകൾ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും സ്ഥാപിച്ച് പ്രവർത്തിപ്പിക്കാതെ തിരികെ കൊണ്ടു പോവുകയായിരുന്നു.

ആശുപത്രി മാനേജിoഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം മെഷീനുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോഴാണ് മെഷീനുകൾ എല്ലാം ഇവിടെ നിന്നും മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ രേഖാമൂലം അറിയിച്ചത്.

ഇതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ജനറൽ ആശുപത്രിയോട് അനുബന്ധിച്ച് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ മദ്ധ്യതിരുവിതാംകൂർ മേഖലയിലെ പ്രഥമ പ്രാദേശിക ഹൈടെക് ലാബിന് ആവശ്യമായ എല്ലാ അനുമതികളും ഇതിനോടകം ലഭ്യമാക്കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നഗരസഭാ പദ്ധതി വിഹിതത്തിൽ നിന്നും 9.50 ലക്ഷം രൂപ ചിലവഴിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.

നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഈ പദ്ധതി ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് അവർ പറഞ്ഞു.ഈ സാമ്പത്തിക വർഷം തന്നെ ഡയാലിസിസ് യൂണിറ്റുo ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയാക്കി നടപ്പാക്കുവാനാണ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് അവർ അറിയിച്ചു. ഹൈ ടെക് ലാബിനായുള്ള ക്രമീകരണങ്ങൾക്ക് തുടക്കം കുറിച്ചതായും അറിയിച്ചിട്ടുണ്ട്.

നിർമാണപുരോഗതി അവലോകനം ചെയ്ത് വിലയിരുത്തി.നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, കൗൺസിലർ ബിജിജോ ജോ ,ജയ്സൺമാന്തോട്ടം, ഡോ. ടി.എസ്.വിഷ്ണു ,ഡോ.പി.എസ്.ശബരീനാഥ് എന്നിവരും പങ്കെടുത്തു.

അശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, അം എം.ഒ. ഡോ.സോളി മാത്യു, നഴ്സിംഗ് സൂപ്രണ്ട് മേഴ്സി ജോയി എന്നിവരുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആശുപത്രിയിൽ അതിവേഗം നടന്നുവരുന്നു.

NEWS
Advertisment