Advertisment

നദീ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം: യൂത്ത് ഫ്രണ്ട്(എം)

New Update

publive-image

Advertisment

കോട്ടയം:- മീനച്ചിലാറിലെയും മണിമലയാറിലെയും വെള്ളപൊക്കം ഒഴിവാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ്(എം) സംസ്‌ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.

മലയോര മേഖലയിൽ ഉരുൾപൊട്ടുമ്പോഴാണ് വെള്ള പൊക്കമുണ്ടാകുന്നതെങ്കിലും, 2018 മുതൽ കൂടുതലായി വെള്ള പൊക്കമുണ്ടാകുന്നത് മീനചിലാറ്റിലെയും, പൂഞ്ഞാർ തീക്കോയി പുഴകളിലെയും ചെക്ക് ഡാമുകൾ ചെളിമണ്ണ്അടിഞ്ഞു നിറഞ്ഞു കിടക്കുന്നത് മൂലമാണ്. ആറ്റിൽ വെള്ളമൊഴുകി പോകാൻ സ്‌ഥലമില്ലാത്തത് മൂലം ഇരുകരകളിലേക്കും വെള്ളം കയറുന്ന അവസ്‌ഥയാണുണ്ടാകുന്നത്.

പൂഞ്ഞാർ, തീക്കോയി പുഴകളിലും ഈരാറ്റുപേട്ട മുതൽ പാലാ വരെ മാത്രം 30 ഓളം ചെറുതും വലുതുമായ ചെക്ക് ഡാമുകളിൽ ചെളിയും, മണ്ണും നിറഞ്ഞു കിടക്കുകയാണ്. 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചു വന്ന ചെളിയും, വിവിധ ഇനം മാലിന്യങ്ങളും മീനചിലാറ്റിൽ വന്നടിഞ്ഞിരിക്കുകയാണ്. നിയമപരമായി ചെക്ക് ഡാമുകൾ നിർമ്മിച്ചു ,മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വകുപ്പുകൾ പഞ്ചായത്തുകൾക്ക് കൈമാറുകയാണ് പതിവ്.

എന്നാൽ പല പഞ്ചയത്തുകൾക്കും ഇവ വർഷാ വർഷം ചെളിയും മണ്ണും മാലിന്യവും മാറ്റി വൃത്തിയാക്കാൻ തനത് ഫണ്ടില്ലെന്നും അറിയിച്ച് ഒന്നും ചെയ്യാറില്ല. ഇതു കൂടാതെ മീനച്ചിലാറിൽ ചെക്ക് ഡാമുകൾ ഇല്ലാത്ത ഭാഗത്തും മണ്ണും മണലും കൂടി ചേർന്നു വലിയ കൂനകൾ ഉണ്ടായിരിക്കുകയാണ്. ഇതും മീനചിലാറ്റിലെ ജലനിരപ്പ് കരകയറാൻ ഒരു പ്രധാന കാരണമായിട്ടുണ്ട്.

2018 മുതൽ ഗുരുതരമായ പ്രശ്നങ്ങളാണ് വെള്ളപൊക്കം മൂലം ജനങ്ങൾക്കുണ്ടാവുന്നത്. ഈരാറ്റുപേട്ടയിലെയും, പാലായിലെയും, പൂഞ്ഞാർ, തീക്കോയി, ഈരാറ്റുപേട്ട പാലാ ടൗൺ കച്ചവട സ്‌ഥാപാനങ്ങൾക്കും, മറ്റു ചെറുകിട ഫാക്ടറികൾക്കുമെല്ലാം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ദുരിതം ഉണ്ടായിക്കഴിഞ്ഞു സ്‌ഥലം വീക്ഷിക്കാനെത്തുന്ന ജനപ്രതിനിധികളും ജനങ്ങളുടെ മുൻപിൽ നിസ്സഹായരായി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഈ വിഷയത്തിൽ റവന്യു, പഞ്ചായത്ത്, ജലവിഭവ വകുപ്പ് സംയുക്തമായി തീരുമാനമെടുത്തു ഏറ്റവും അടിയന്തിരമായി മീനച്ചിലാറിന്റെയും, വെള്ളപൊക്കത്തിന്റെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവണം. ചെക്ക് ഡാമുകളെ സംബന്ധിച്ചടത്തോളം ഒരു ഒറ്റത്തവണ പരിഹാരമെന്നവണ്ണം ചെക്ക് ഡാമുകൾ ശുചിയാക്കണം. തുടർന്നു ഇവ മെയ്ൻന്റനൻസ് നടത്താൻ പഞ്ചായത്തുകൾക്ക് കർശന നിർദേശം നൽകണം.

റവന്യു വകുപ്പ് കുന്നുകൂടി കിടക്കുന്ന മണൽതിട്ട മാറ്റാൻ പഞ്ചായതുതലത്തിൽ മണൽ ലേലം ചെയ്യാൻ തീരുമാനമെടുക്കണം. ഒറ്റത്തവണ പരിഹാരമെന്ന നിലയിൽ ജലവിഭവ വകുപ്പും, ദുരിതാശ്വാസ വകുപ്പും, താന്താങ്ങളുടെ ഫണ്ട് ഉപയോഗിച്ച് മീനച്ചിലാർ ശുദ്ധിയാക്കണം. ജില്ലയിലെ എല്ലാ വകുപ്പിന്റെയും അംബാസഡർ എന്ന നിലയ്ക്ക് ജില്ലാ കളക്ടർ ഈ വിഷയത്തിന് ആവശ്യമായ റിപ്പോർട്ട് അടിയന്തിരമായി നൽകണം.

ഇതിനു വേണ്ടി സർവ്വകക്ഷിയോഗമോ, പരിസ്‌ഥിതി പ്രവർത്തകരോ, മറ്റ് സാമൂഹ്യ, സാംസ്കാരിക നേതാക്കളുടെ യോഗം വിളിക്കണമെങ്കിൽ വിളിച്ചുകൂട്ടണം. രോഗം വന്നു ചികിൽസിക്കാതെ രോഗം വരുന്നതിനു മുമ്പുള്ള ചികിത്സയ്ക്കായിരിക്കും ചിലവ് കുറവും, കൂടുതൽ പ്രയോജനവും, ഗുരുതര പ്രശനങ്ങളുണ്ടാവാതിരിക്കുകയും ചെയ്യുകയുള്ളൂ. ഈ വിഷയത്തിൽ ഒറ്റത്തവണ പരിഹാരമെന്ന നിലയ്ക്ക് പൊതുജനങ്ങളുടെ പ്രത്യേകിച്ചു രാഷ്ട്രീയ സന്നദ്ധ പ്രവർത്തകരുടെ സേവനവും അധികാരികൾക്ക് അവശ്യപ്പെടാവുന്നതാണ്.

കേരളാ യൂത്ത് ഫ്രണ്ട്(എം) ഈ വിഷയത്തിൽ ഏത് രീതിയിലും സഹകരിക്കാൻ തയ്യാറാണെന്നും  കോട്ടയത്തു ചേർന്ന യൂത്ത് ഫ്രണ്ട്(എം) തെക്കൻ മേഖല സംസ്ഥാന നേതൃയോഗം സന്നദ്ധത അറിയിച്ചു. യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം) പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫ്രണ്ട് നേതാക്കളായ സുമേഷ് ആൻഡ്രൂസ്, റോണി മാത്യു, സിറിയക്ക് ചാഴികാടൻ ഷെയ്ഖ് അബ്ദുല്ല, ഷെയിൻ കുമരകം, ദീപക് മാമ്മൻ മത്തായി, വിജി.എം.തോമസ്ആൽബിൻ പേണ്ടാനം, യൂജിൻ കുവള്ളൂർ ബിജു പാതിരമല, വിജി എം തോമസ്, അയ്യപ്പൻ പിള്ള, തോമസ് ഫിലിപ്പോസ്, അഖിൽ ബാബു, ജിമ്മിച്ചൻഈറ്റത്തോട്ട്, രാജേഷ് പള്ളത് സുനിറ്റ് കെ വയ്, രാഹുൽ പിള്ള, ശ്രീകാന്ത് എസ് ബാബു, ഷോജി അയലാകുന്നേൽ, ജോജി കുന്നത്തൂർ, രാഹുൽ പിള്ള, ഡിനു കിങ്ങണംചിറ, അഭിലാഷ് തെക്കെതിൽ, സന്തോഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

NEWS
Advertisment