പാലാ വലവൂർ ഗവ. യുപി സ്കൂളിൽ വനിതാ ദിനം ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: അപ്രതീക്ഷിതമായി വെള്ളപ്പൂക്കൾ തങ്ങൾക്കു നേരേ ആൺകുട്ടികൾ ചിരിച്ചു കൊണ്ട് നീട്ടിയപ്പോൾ മാൻ മിഴികളിൽ കൗതുകം. കാര്യമറിഞ്ഞപ്പോൾ പെൺകുട്ടികളുടേയും അധ്യാപികമാരുടേയും കണ്ണുകളിലെ കൗതുകം വസന്തമായി പൂത്തുലഞ്ഞു.

Advertisment

publive-image

വലവൂർ ഗവ. യുപി സ്കൂളിലെ അധ്യാപികമാരേയും വിദ്യാർത്ഥിനികളേയും കുട്ടികളെയും കൊണ്ടുവന്ന അമ്മമാരെയും ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശാന്തമ്മയെയും വെള്ള ജമന്തിപ്പൂക്കൾ നൽകിയാണ് വനിതാ ദിനത്തിൽ പുരുഷ പ്രജകൾ മുത്തശ്ശി മാവിൻ ചുവട്ടിൽ സ്വീകരിച്ചത്. ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ അവർക്ക് സർവ്വവിധ പിന്തുണയുമേകി വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുത്തിരുന്നു.

publive-image

111 വർഷങ്ങൾക്ക് മുമ്പ് 1911 ലാണ് ആദ്യമായി വനിത ദിനം ആഘോഷിച്ചത്. 1917 മാർച്ച് 8 ന് റഷ്യയിൽ ഭക്ഷണത്തിനും സമാധാനത്തിനും സ്ത്രീകൾ നടത്തിയ സമരത്തെക്കുറിച്ച് വിശദീകരിച്ച ഹെഡ്മാസ്റ്റർ അതേ റഷ്യയുടെ ഭാഗമായിരുന്ന ഉക്രെയിനിലെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയിലേയ്ക്കും ശ്രദ്ധ ക്ഷണിച്ചു.

publive-image

പ്രകൃതിയേപ്പോലും സ്ത്രീയായി നമിക്കുന്ന മഹത്തായ സംസ്കാരമാണ് നമ്മുടേതെന്നും സ്നേഹവും സന്തോഷവും സൗന്ദര്യവും ലോകത്തിലേയ്ക്ക് എത്തിക്കുന്ന സ്ത്രീത്വത്തെ ആദരിക്കുന്നുവെന്നും സ്കൂൾ ലീഡർ ആൽബിൻ സജി ആശംസയർപ്പിച്ചു കൊണ്ട് പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷം അധ്യാപികമാർ എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്ത് തങ്ങളുടെ സന്തോഷം പങ്കുവച്ചതോടെ വനിതാ ദിനാഘോഷം ഇരട്ടി മധുരതരമായി.

Advertisment