Advertisment

കേരളാ പേപ്പര്‍ പ്രൊഡക്ട്സിന്റെ ന്യൂസ് പ്രിന്റ് ഉല്‍പാദനം വ്യാഴാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കേരളാ പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉല്‍പാദനം മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 19 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും.

നിയമ, കയര്‍, വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ തുടങ്ങിയ വിശിഷ്ടാതിഥികള്‍ സംബന്ധിക്കും.

യുണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പര്‍ നിര്‍മാണം ആരംഭിക്കുന്നതെന്ന് കെപിപിഎല്ലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.

സംസ്ഥാനത്തെ വ്യവസായ വികസനത്തിനായി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനും (എച്ച്പിസി) കോട്ടയത്തെ വെള്ളൂരില്‍ വന്‍കിട പേപ്പര്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിനായി 1974-ല്‍ ഒരു ദീര്‍ഘകാല ധാരണയില്‍ ഏര്‍പ്പെട്ടിരുന്നു.

നിര്‍ദ്ദിഷ്ട നിലവാരത്തിലുള്ള മര അസംസ്‌കൃത വസ്തുക്കള്‍, ജലം, വൈദ്യുതി, യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കേരള സര്‍ക്കാര്‍ ലഭ്യമാക്കാമെന്ന് സമ്മതിച്ചിരുന്നു.

ഇതിനു പുറമെ 1979-ല്‍ കേരള സര്‍ക്കാര്‍ 700 ഏക്കര്‍ ഭൂമി എറ്റെടുക്കുകയും ഹിന്ദുസ്ഥാന്‍ ന്യൂസ്പേപ്പര്‍ ലിമിറ്റഡ് എന്ന പേരിലുള്ള ഈ പേപ്പര്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പാട്ടത്തിനു നല്‍കുകയും ചെയ്തു.

കേരള സര്‍ക്കാരിന്റെ ഈ ഗുണകരമായ നീക്കങ്ങളില്‍ നിന്നാണ് എച്ച്എന്‍എലിന്റെ കഥ ആരംഭിക്കുന്നത്. 1982-ല്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യ മൂന്നു ദശാബ്ദങ്ങളില്‍ മികച്ച റെക്കോര്‍ഡുകള്‍ കാഴ്ച വെച്ച ശേഷം വിവിധ കാരണങ്ങളാല്‍ തുടര്‍ന്നുള്ള ദശാബ്ദത്തില്‍ അതു മങ്ങി തുടങ്ങുകയും 2019 ജനുവരിയില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു.

ഈ ഘട്ടത്തില്‍ മുഖ്യ പങ്കാളിയും ഗുണഭോക്താവുമായ കേരള സര്‍ക്കാര്‍ അത് ഏറ്റെടുക്കാനും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഈ അഭ്യര്‍ത്ഥന പരിഗണിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് 2019 നവംബര്‍ 28-ന് എന്‍സിഎല്‍ടിയുടെ കൊച്ചി ബഞ്ചില്‍ കോര്‍പറേറ്റ് ഇന്‍സോള്‍വെന്‍സി ആന്റ് റെസലൂഷന്‍ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു.

ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസലൂഷന്‍ അപേക്ഷകരില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചു. കേരള സര്‍ക്കാരിനു വേണ്ടി കിന്‍ഫ്ര റസലൂഷന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്‍സിഎല്‍ടി കൊച്ചി ഈ പദ്ധതി അംഗീകരിക്കുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുകയും ചെയ്തു.

രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഇതിന് അംഗീകാരം നല്‍കുകയും കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമറ്റഡ് എന്ന പേരില്‍ കമ്പനി രൂപവല്‍ക്കരിക്കുന്നതിനായി 2021 ഡിസംബര്‍ 20-ന് സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറേഷന്‍ ലഭ്യമാക്കുകയും ചെയ്തു.

ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവര്‍ത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികള്‍ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു.

നിലവിലെ പ്ലാന്റും യന്ത്രങ്ങളും പുതുക്കുന്നതിന് രണ്ടു ഘട്ടങ്ങളായുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. പേപ്പര്‍ മെഷീന്‍, ഡി -ഇങ്കിങ് പ്ലാന്റ്, പവര്‍ ബോയിലറുകള്‍ അനുബന്ധ പ്ലാന്റുകള്‍, യുട്ടിലിറ്റി സേവനങ്ങള്‍ എന്നിവ വീണ്ടും ആരംഭിക്കുന്നതായിരുന്നു ഇതിന്റെ ആദ്യ ഘട്ടം.

publive-image

ആദ്യ ഘട്ടത്തില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് മേഖലകളിലെ അറ്റകുറ്റ, സംരക്ഷണ ജോലികള്‍ക്കായി 34.30 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിന് അഞ്ചു മാസമായിരുന്നു തുടക്കത്തില്‍ അനുവദിച്ചിരുന്നത്.

മെക്കാനിക്കല്‍, കെമിക്കല്‍ പള്‍പ്പിങ് പ്ലാന്റുകളുടെ പുനരുദ്ധാരണത്തിനാണ് രണ്ടാം ഘട്ടത്തില്‍ ശ്രദ്ധ നല്‍കിയിരുന്നത്. ഇവയുടെ അനുബന്ധ പ്ലാന്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആറു മാസ കാലാവധിയും 44.94 കോടി രൂപ ചെലവുമാണ് രണ്ടാം ഘട്ടത്തിനായി നിശ്ചയിച്ചത്.

രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തോടെ നിലവിലുള്ള മുഴുവന്‍ സംവിധാനവും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുകയും പുനചംക്രമണം ചെയ്യുന്ന പള്‍പ്പും മരത്തില്‍ നിന്നുള്ള പള്‍പ്പും ഉപയോഗിച്ച് സ്വന്തമായ പള്‍പ്പുകളിലൂടെ പേപ്പര്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്യാനാണ് വിഭാവന ചെയ്തത്.

ഇതോടെ പള്‍പ്പ് വാങ്ങേണ്ട ആവശ്യവും ഒഴിവാക്കാനാവും. ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രവര്‍ത്തന മൂലധനമായ 75.15 കോടി രൂപ അടക്കം 154.39 കോടി രൂപയായിരുന്നു പുനരുദ്ധാരണ പദ്ധതിക്കായി ആകെ വകയിരുത്തിയത്.

പുനരുദ്ധാരണ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ കെപിപിഎല്ലിന് 42 ജിഎസ്എം, 45 ജിഎസ്എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്‍റും നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളില്‍ ഉപയോഗിക്കുന്ന അണ്‍ സര്‍ഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപറുകള്‍ എന്നിവയും ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.

വ്യാവസായിക, ചെറുകിട മേഖലകളിലായി പാക്കേജിങ്, പേപ്പര്‍ ബോര്‍ഡ് വ്യവസായങ്ങളില്‍ വന്‍ വളര്‍ച്ചയാണ് ആഭ്യന്തര, ആഗോള വിപണികളില്‍ ഇപ്പോള്‍ ദര്‍ശിക്കുന്നത്. ഇ-കോമേഴ്സ്, ഓണ്‍ലൈന്‍ റീട്ടെയില്‍, എഫ്എംസിജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭക്ഷണ-പാനീയ മേഖല തുടങ്ങിയ രംഗങ്ങളിലെ വളര്‍ച്ച, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവ ഇതിനു പിന്‍ബലവുമാകുന്നു.

publive-image

വളര്‍ന്നു വരുന്ന ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും വിധം ദീര്‍ഘകാല നിലനില്‍പ് കണക്കിലെടുത്തുള്ള ഉല്‍പന്ന വൈവിധ്യവല്‍ക്കരണ, ശേഷി വികസന പദ്ധതികളാണ് കെപിപിഎല്‍ മുന്നോട്ടു വെക്കുന്നത്. ഇതിനായി പാക്കേജിങ്, പേപ്പര്‍ ബോര്‍ഡ് മേഖലകളിലേക്കു പ്രവേശിക്കുകയും ചെയ്യും.

ശേഷി വികസനത്തിനും ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിനുമുള്ള തന്ത്രപരമായ പദ്ധതിയാണ് മൂന്നാം ഘട്ടത്തിലുള്ളത്. വിവിധ ഗ്രേഡുകളിലുള്ള പേപ്പര്‍ ബോര്‍ഡുകളുടെ നിര്‍മാണം രണ്ടാം ഘട്ടത്തിനു ശേഷം ആരംഭിക്കുന്നത് അടക്കമുള്ള ഈ ഘട്ടത്തിനായി 650 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകുക.

27 മാസമാണു കാലാവധി. നിലവിലുള്ള മെഷിനറികള്‍ പാക്കേജിങ് ഗ്രേഡിലുള്ള ക്രാഫ്റ്റ് പേപ്പര്‍ നിര്‍മിക്കാനായി പുനര്‍ നിര്‍മിക്കുന്നത് കേന്ദ്രീകരിച്ചുള്ള നാലാം ഘട്ടത്തിനായി 350 കോടി രൂപയുടെ നിക്ഷേപമാണ് വേണ്ടി വരിക. 17 മാസമാണ് ഇതിന്റെ നടപ്പാക്കലിനു വേണ്ടത്. മൂന്നും നാലും ഘട്ടങ്ങള്‍ക്കായുള്ള നിക്ഷേപം ബാങ്കുകളുടേയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടേയും പിന്തുണയോടെ സമാഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകെ 46 മാസങ്ങളിലായി പൂര്‍ത്തീകരിക്കുന്ന നാലു ഘട്ടങ്ങളും വഴി കെപിപിഎല്ലിനെ ഇന്ത്യന്‍ പേപ്പര്‍ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായി ഉയര്‍ത്തുകയും 3000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കുകയും (ഇപ്പോഴത്തെ വിപണി വില അനുസരിച്ച്) പ്രതിവര്‍ഷം അഞ്ചു ലക്ഷം മെട്രിക് ടണ്ണിലേറെ ഉല്‍പാദന ശേഷി കൈവരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയിട്ടതു കൃത്യമായി പാലിച്ചു കൊണ്ട് കമ്പനി വീണ്ടും തുറക്കുകയും കേരളത്തിനുള്ള പുതുവല്‍സര സമ്മാനമായി 2022 ജനുവരി ഒന്നിന് ഒന്നാം ഘട്ട പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

റിവൈവല്‍ ആന്റ് റീസ്റ്റാര്‍ട്ട് പദ്ധതിയുടെ ഭാഗമായി പേപ്പര്‍ മെഷിന്‍, ഡീ ഇങ്കിങ് പ്ലാന്റ്, പവര്‍ ബോയിലറുകള്‍ എന്നിവയുടെ മെയിന്റനന്‍സ് ജോലികളും ഇതോടൊപ്പം തന്നെ 2022 ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു.

നിലവില്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ഡീ ഇങ്കിങ് പ്ലാന്റ്, പവര്‍ ബോയിലര്‍ പ്ലാന്റ് എന്നിവയില്‍ ഉല്‍പാദന ട്രയല്‍ വിജയകരമായി നടത്തുകയും പേപ്പര്‍ മെഷ്യന്‍ പ്ലാന്റില്‍ ഉല്‍പാദന ട്രയല്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

പുനരുദ്ധാരണത്തിനു ശേഷമുള്ള ആദ്യ റീല്‍ പേപ്പര്‍ 2022 മെയ് 19-ന് പുറത്തിറക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്വന്തമായ ഡീ ഇങ്ക്ഡ് പള്‍പ്പ്, ടിഎന്‍പിഎല്ലില്‍ നിന്നു വാങ്ങിയ പള്‍പ്പ് എന്നിവ ഉപയോഗിച്ച് ഉല്‍പാദന ട്രയലും പ്രാരംഭ ഉല്‍പാദനവും നടത്താനാണ് പദ്ധതി.

publive-image

2022 മെയ് 31-ന് പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടിരുന്ന ഒന്നാം ഘട്ടം അതിനും മുന്‍പേ തന്നെ വിജയകരമായി പൂര്‍ത്തീകരിക്കുകയാണെന്നത് ശ്രദ്ധേയമാണ്. 2022 ജനുവരി ഒന്നു മുതല്‍ എല്ലാ വിഭാഗം ജീവനക്കാരും നടത്തിയ പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്.

രണ്ടാം ഘട്ടം 2022 മാര്‍ച്ച് 17-ന് ആരംഭിക്കുകയും പദ്ധതിയനുസരിച്ചു പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ 252 ജീവനക്കാരെയാണ് മാനേജീരിയല്‍- മാനേജിരിയല്‍ ഇതര വിഭാഗങ്ങളിലായി ഒന്നും രണ്ടും ഘട്ടങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.

പ്രവര്‍ത്തനങ്ങള്‍ക്കായി മര അസംസ്‌കൃത വസ്തുക്കള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നു എന്നുറപ്പു വരുത്താന്‍ വ്യവസായ മന്ത്രി വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ 2022 ഏപ്രില്‍ 21-നും ഏപ്രില്‍ 26-നും രണ്ട് ഉന്നത തല യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു.

കെപിപിഎല്ലിന്റെ അടിയന്തര ആവശ്യങ്ങള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതും യോഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. റീസൈക്കിള്‍ഡ് പള്‍പ്പിങ് പ്ലാന്റിനായുള്ള അസംസ്‌കൃത വസ്തു ആവശ്യം നിറവേറ്റാന്‍ സംസ്ഥാന വ്യാപകമായി ഉപയോഗിച്ച പേപ്പര്‍ ശേഖരിക്കുന്ന സംവിധാനം തയ്യാറാക്കുന്നതും ചര്‍ച്ച ചെയ്തിരുന്നു. കുടുംബശ്രീയുടെ വിപുലമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള ഈ പദ്ധതി ഉടന്‍ ആരംഭിക്കും.

കേന്ദ്ര സര്‍ക്കാരിനു കീഴിലായിരുന്നതും മൂന്നു വര്‍ഷത്തിലേറെയായി അടച്ചു പൂട്ടിയിരുന്നതുമായ പഴയ എച്ച്എന്‍എല്ലിനെ ലിക്വിഡേഷന്റെ വക്കില്‍ നിന്ന് കേരള പേപ്പര്‍ പ്രൊഡക്ട്സ് എന്ന പേരില്‍ പുനരുദ്ധരിച്ചത് കേരളത്തിന്റെ വ്യാവസായിക രംഗത്തെ വലിയൊരു കുതിച്ചു ചാട്ടമാണ്.

വ്യാവസായിക വികസനത്തിന്റെ ബദല്‍ മാതൃക സംബന്ധിച്ച സൂചനകള്‍ നല്‍കുന്ന ഇത് രാജ്യത്തിനു മുഴുവന്‍ വലിയ സന്ദേശമാണു നല്‍കുന്നത്. രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഇത്തരത്തിലെ തിരിച്ചു വരവിന്റെ ചരിത്രപരമായ ഒരു സന്ദര്‍ഭം കൂടിയാണിത്.

തന്ത്രപരമായ ഈ പദ്ധതികള്‍ സമയാധിഷ്ഠിതമായി നടപ്പാക്കി വരുമ്പോള്‍ വെല്ലൂരിലെ കെപിപിഎല്‍ കാമ്പസ് രാജ്യത്തെ പേപ്പര്‍ നിര്‍മാണ രംഗത്തെ മുഖ്യ മേഖലകളില്‍ ഒന്നായി മാറുകയും ചരിത്രം സൃഷ്ടിക്കുകയുമാണ്.

Advertisment