/sathyam/media/post_attachments/tJEl2vl9wwg3ZB4Opzsm.jpg)
പാലാ: പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന് സന്യാസത്തിലേയ്ക്ക് പ്രവേശിക്കാന്‍ സീറോ മലബാര്‍ സഭാ സിനഡ് അന്തിമ അനുമതി നല്‍കി. ഇതു സംബന്ധിച്ച സിനഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച സിനഡിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും.
ബിഷപ്പിന്‍റെ ചുമതലകളില്‍ നിന്നും സ്വയം സ്ഥാനത്യാഗത്തിനുള്ള അനുമതി സഭയുടെ നടപടിക്രമങ്ങള്‍ പ്രകാരം മാര്‍ ജേക്കബ് മുരിക്കന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനോടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടും ആവശ്യപ്പെട്ടിരുന്നു. സന്യാസത്തിലേയ്ക്ക് പ്രവേശിക്കുന്നതിനും ബിഷപ്പ് എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകളില്‍ ഒഴിയുന്നതിനുമുള്ള അനുമതിയാണ് മാര്‍ ജേക്കബ് മുരിക്കന്‍ ആവശ്യപ്പെട്ടത്.
സഭാ നടപടിക്രമങ്ങള്‍ പ്രകാരം സഹായ മെത്രാന്‍റെ ആഗ്രഹം മാര്‍ ജോസഫ് കല്ലറങ്ങാട് ഔദ്യോഗികമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും സഭാ സിനഡിനെയും അറിയിച്ചു. സിനഡിന്‍റെ അന്തിമ അനുമതിയാണ് ഇപ്പോള്‍ മാര്‍ മുരിക്കന് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം സിനഡനു ശേഷം സഭാ തലവനായ കര്‍ദിനാള്‍ തന്നെ വിശ്വാസികള്‍ക്കായി പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം മാര്‍ ജേക്കബ് മുരിക്കനെ സഭാ സിനഡിലേയ്ക്ക് വിളിച്ചു വരുത്തി ഔദ്യോഗിക യാത്രയയപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. സഭാ ചുമതലകള്‍ ഒഴിയാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ഇത്തവണ സിനഡില്‍ പങ്കെടുക്കേണ്ടി വന്നിരുന്നില്ല.
ഏതാനും ദിവസം മുമ്പ് താന്‍ സന്യാസ ജീവിതം നയിക്കാനാഗ്രഹിക്കുന്ന ആശ്രമത്തിലെത്തി മാര്‍ ജേക്കബ് മുരിക്കന്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. തുടര്‍ന്നദ്ദേഹം വീണ്ടും കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് ഹൗസില്‍ മടങ്ങിയെത്തിയിരുന്നു. അതേസമയം പാലാ രൂപതാ സഹായ മെത്രാന്‍ എന്ന നിലയിലുള്ള മുഴുവന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാര്‍ ജേക്കബ് മുരിക്കന്‍ ഒഴിവായിട്ടുണ്ട്.
തനിക്ക് പരസ്യമായ യാത്രയയപ്പ് ആവശ്യമില്ലെന്നും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സീറോ മലബാര്‍ സഭയില്‍ ആദ്യമായാണ് ഒരു ബിഷപ്പ് സന്യാസത്തിനായി പോകുന്നത്.
ബിഷപ്പായി തുടരും; ആത്മീയ ചുമതലകളും നിര്‍വ്വഹിക്കും
ബിഷപ്പ് എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ ഒഴിയുകയാണെങ്കിലും മാര്‍ ജേക്കബ് മുരിക്കന്‍ ബിഷപ്പ് പദവിയില്‍ തുടരും. നവ വൈദികര്‍ക്ക് പട്ടം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ബിഷപ്പുമാരുടെ ആത്മീയ ചുമതലകള്‍ സഭ ആവശ്യപ്പെടുന്ന പ്രകാരം അദ്ദേഹം നിര്‍വ്വഹിക്കുകയും ചെയ്യും. സഭയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാനും മറ്റ് ആത്മീയ ചുമതലകള്‍ വിര്‍വ്വഹിക്കാനും അദ്ദേഹം ഇനിയും വിശ്വാസികള്‍ക്കൊപ്പം ഉണ്ടാകും.
സന്യാസ ജീവിതം നയിക്കുന്ന ആശ്രമത്തില്‍ തന്നെ കാണാനാഗ്രഹിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശനാനുമതിയുള്ളതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സിനഡിന്‍റെയും അതിനു ശേഷം പാലാ രുപതയുടെയും ഔദ്യോഗിക പ്രഖ്യാപനം വന്നശേഷമായിരിക്കും അദ്ദേഹം ബിഷപ്പ് ഹൗസ് വിടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us