പാലാ രൂപതയിലെ എണ്ണം പറഞ്ഞ മുതിര്‍ന്ന വൈദികരില്‍ പ്രധാനിയും പ്രമാണിയും, രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റ്, അരുവിത്തുറ കോളജ് പ്രിന്‍സിപ്പാളായിരിക്കെ 'ഇന്ദുലേഖ' വിവാദവും സുപ്രീം കോടതി വരെയെത്തിയ വ്യവഹാരങ്ങളും ഒടുവില്‍ വിജയവും. പ്രൗഢവും ഗംഭീരവുമായ ജീവിതശൈലി ! നിയുക്ത ബിഷപ്പ് റവ. ഡോ. ജോസഫ് കൊല്ലംപറമ്പിലിന്‍റെ ഔദ്യോഗിക ജീവിത ചരിത്രം ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:പാലാ രൂപതയിലെ എണ്ണം പറഞ്ഞ മുതിര്‍ന്ന വൈദികരില്‍ പ്രധാനിയും പ്രമാണിയുമാണ് നിയുക്ത ഷംസാബാദ് രൂപതാ സഹായ മെത്രാന്‍ റവ. ഡോ. ജോസഫ് കൊല്ലംപറമ്പില്‍. ദൈവശാസ്ത്രമാണ് വൈദികനെന്ന നിലയില്‍ ഇഷ്ടവിഷയമെങ്കിലും രാഷ്ട്രമീമാംസയിലാണ് ഫാ. കൊല്ലംപറമ്പിലിന്‍റെ ഡോക്ടറേറ്റ്.

Advertisment

അല്‍ഫോന്‍സാ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു. തുടര്‍ന്ന് 8 വര്‍ഷം അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജ് പ്രിന്‍സിപ്പാളായി. ഈ കാലഘട്ടത്തിലായിരുന്നു പ്രമാദമായ ഇന്ദുലേഖ വിവാദവും കോളജിനെ പിടിച്ചുകുലുക്കിയ വിവാദ സംഭവങ്ങളുമൊക്കെ. കേസില്‍ അന്തിമ വിജയം കോളജിനായിരുന്നെങ്കിലും സാമൂഹിക രംഗത്ത് ഈ വിവാദം കോളജിനെ വിമര്‍ശന വിധേയമാക്കി.

വിരമിച്ച ശേഷം പാലാ രൂപതയുടെ കീഴിലുള്ള ചൂണ്ടച്ചേരി സെന്‍റ് ജോസഫ്സ് എന്‍ജിനീയറിങ്ങ് കോളജിന്‍റെ ചെയര്‍മാനായിരുന്നു. ആത്മീയതയ്ക്കൊപ്പം തന്നെ പ്രൗഢവും ഗംഭീരവുമായ ജീവിതശൈലി ഫാ. കൊല്ലംപറമ്പിലിന്‍റെ പ്രത്യേകത തന്നെ.

publive-image

ചേന്നാട് ലൂർദ്ദ്മാതാ പള്ളി ഇടവക കൊല്ലംപറമ്പിൽ മത്തായി റോസ ദമ്പതികളുടെ 6-ാമത്തെ പുത്രനായി 1955 സെപ്റ്റംബർ 22-നാണ് ജനനം. നിലവില്‍ പാലാ രൂപത നീറന്താനം സെന്റ് തോമസ് ഇടവകാംഗമായ ഫാ. കൊല്ലംപറമ്പില്‍ മണിയംകുളം സെന്റ് ജോസഫ്സ് എൽപി സ്കൂളിലും ചേന്നാട് മരിയാ ഗൊരോത്തി സ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസവും പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നുമായി ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.

1972-ൽ പാലാ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. 1981 ഡിസംബർ 18-ാം തീയതി അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ആ മാസം തന്നെ കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി നിയമിതനായി.

1984 - 1989 കാലഘട്ടത്തിൽ സെന്റ് തോമസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 1989-ൽ വെള്ളിക്കുളം പള്ളിയുടെ വികാരിയായും അൽഫോൻസാ കോളജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായും നിയമിതനായി. പി.എച്ച്.ഡി റിസേർച്ച് വർക്കിനായി ജെറുസലേമിൽ പഠിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെനറ്റ് തിരഞ്ഞെടുപ്പിൽ (1996 - 2000) കോളേജ് അദ്ധ്യാപക പ്രതിനിധിയായി മത്സരിച്ചാണ് വിജയിച്ചത്.

publive-image

1998-ലാണ് പൊളിറ്റിക്കൽ സയൻസിൽ എം.ജി യൂണിവേഴ്സിറ്റിയിൽനിന്ന് പി.എച്ച്.ഡി. കരസ്ഥമാക്കിയത്. 2003-ൽ അൽഫോൻസാ കോളജ് പൊളിറ്റിക്കൽ സയൻസ് വകുപ്പു മേധാവിയും പ്രഫസറുമായി. 2003 ജൂലൈ 11-ന് അരുവിത്തുറ കോളജ് പ്രിൻസിപ്പലായി. 2006 - 2010 കാലഘട്ടത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി നിയമിതനായി. 2011 ഫെബ്രുവരിയില്‍ പാലാ രൂപത വികാരി ജനറാളായി.

2011 മാർച്ച് 31 നാണ് സെന്‍റ് ജോര്‍ജ് കോളജില്‍ നിന്നും ഔദ്യോഗിക വൃത്തിയില്‍ നിന്നും വിരമിക്കുന്നത്. പിന്നീട് 2019 ഫെബ്രുവരി മുതലാണ് ഷംഷാബാദ് രൂപതയിൽപ്പെട്ട പാലാ രൂപതയുടെ ചുമ തലയിലുള്ള ഗുജറാത്തിലെ സബർമതി മിഷൻ കോ-ഓർഡിനേറ്ററായി നിയമിതനായത്.

2019 ഏപ്രിലിൽ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് റീജന്റെ വികാരി ജനറാളായും ചുമതലയേറ്റു. നിലവിൽ വികാരി ജനറാളിന്റെ ഉത്തവാദിത്വം വഹിക്കുന്നതോടൊപ്പം 2022 ഏപ്രിൽ മുതൽ ഗുജറാത്തിലെ അംഗലേശ്വർ സെന്റ് തോമസ് പള്ളിയുടെയും ബറൂച്ച് സെന്റ് തോമസ് പള്ളിയുടെയും വികാരിയായും സേവനമനുഷ്ഠിക്കുന്നു.

Advertisment