/sathyam/media/post_attachments/UqJDifxY9iaLgkXnSgqj.jpg)
പാലാ:പാലായിലെ റോഡുകള്‍ക്ക് എന്ത് സംഭവിച്ചു എന്നാരെങ്കിലും സംശയിച്ചുപോയാല്‍ അതിശയമില്ല. രക്തം ചിന്തുന്ന മരണ പാതകളായി മാറിയിരിക്കുകയാണ് പാലാ - ഏറ്റുമാനൂര്‍, പാലാ - തൊടുപുഴ, പാലാ - പൊന്‍കുന്നം റോഡുകള്‍.
ചൊവ്വാഴ്ച ഒറ്റ ദിവസം മാത്രം ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഉണ്ടായത് 3 അപകട മരണങ്ങള്‍. അത് ഒരു ദിവസത്തെ കണക്കാണെങ്കില്‍ ഒരു മാസത്തെ കണക്കുകളും ഞെട്ടിക്കുന്നതാണ്. 19 പേര്‍ക്ക് പരിക്കുണ്ട്. എല്ലാം അമിത വേഗതകൊണ്ടും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് മൂലവും സംഭവിച്ചതാണ്. റോഡിലെ നിയമലംഘനങ്ങള്‍ക്ക് കാരണക്കാര്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ആണെന്ന് പറയേണ്ടി വരും.
കാരണം ഇരു കൂട്ടരുടെയും വാഹന പരിശോധനകള്‍ പിരിവെടുക്കല്‍ മാത്രമാണ്. റോഡിലെ അമിത വേഗതയും അശ്രദ്ധയും നിയന്ത്രിക്കാന്‍ റോഡിലെ പിരിവുകാരായ പോലീസോ മോട്ടോര്‍ വാഹന വകുപ്പോ ചെറുവിരലനക്കുന്നില്ല.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ഹെല്‍മറ്റ് ധരിക്കാത്തതുമാണ് അവരുടെ ദൃഷ്ടിയില്‍ ഏറ്റവും ഗുരുതരമായ പ്രശ്നങ്ങള്‍. ഇരുചക്ര വാഹനങ്ങളില്‍ ചരിഞ്ഞും മറിഞ്ഞും 120 കി.മി വേഗതയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ പായുന്ന ന്യൂജെന്‍ പിള്ളേര്‍ക്കെതിരെയും പോലീസിനൊന്നും ചെയ്യാനില്ല. ഹെല്‍മറ്റ് ഉണ്ടോ എല്ലാം ശരിയാകും. ഇല്ലെങ്കില്‍ പിരിവ്... പിഴ.
കഴിഞ്ഞ ഒരു മാസമുണ്ടായ 8 അപകടമരണങ്ങളില്‍ അഞ്ചെണ്ണവും പാലാ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു. പാലാ റോഡുകളില്‍ അപകടമുണ്ടാകാത്ത ദിവസങ്ങളില്ല. ചൊവ്വാഴ്ച ഒരു കിലോമീറ്ററിനുള്ളിലാണ് രണ്ട് അപകടങ്ങളും രണ്ട് മരണങ്ങളുമുണ്ടായത്. ഒന്ന് പുലിയന്നൂരില്‍ ബൈപ്പാസ് റോഡ് ഹൈവേയുമായി ചേരുന്നിടത്തും അടുത്തത് തൊട്ടടുത്ത് അരുണാപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചും.
/sathyam/media/post_attachments/9YrYNA3MCrUmrRztC643.jpg)
അന്നുതന്നെ ഇവിടെ നിന്നും മൂന്ന് കിലോമിറ്റര്‍ അപ്പുറത്ത് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നിന്നും ഒട്ടും അകലെയല്ലാതെ അമിത വേഗതയില്‍ വന്ന ബൈക്ക് ബ്രേയ്ക്കിട്ടപ്പോള്‍ സംഭവിച്ചതാണ്. ബ്രേയ്ക്കിട്ട ശക്തിയില്‍ പുറകിലിരിക്കുകയായിരുന്ന യുവാവ് തെറിച്ചുപോയി എതിര്‍വശത്തുകൂടി വന്ന ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മരണവും സംഭവിച്ചു.
പാലാ - പൊന്‍കുന്നം റോഡില്‍ ചരളയില്‍ അടുത്ത കാലത്താണ് തലേദിവസവും പിറ്റേ ദിവസവുമായി അപകടങ്ങളുണ്ടായത്. രണ്ടും ഒരേ സ്ഥലത്ത്. ഒരു നടപടിയുമുണ്ടായിട്ടില്ല. ആ റോഡിലുമുണ്ടായി തുടര്‍ച്ചയായ രണ്ട് മരണങ്ങള്‍.
പാലായിലെ റോഡുകള്‍ രണ്ട് വിധമാണ്. ഒന്ന് സഞ്ചാരയോഗ്യമായ കിടിലന്‍ റോഡുകള്‍. അടുത്തത് കാല്‍നടയായി പോലും പോകാന്‍ കൊള്ളാത്തവയും. ഒന്നില്‍ അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണമെങ്കില്‍ മറ്റിടത്ത് അധികൃതരുടെ അശ്രദ്ധതന്നെ കാരണം.
പാലാ നഗരത്തിലെ റോഡുകളില്‍ ഉള്‍പ്പെടെ എത്ര ശ്രദ്ധയോടെ വാഹനം ഓടിച്ചാലും കുഴിയില്‍ ചാടുന്നതാണ് സ്ഥിതി. കുഴിയില്‍ ചാടിയുണ്ടാകുന്ന അപകടങ്ങളും പതിവാണ്. ഒരു കാലത്ത് മികച്ച റോഡുകള്‍ക്ക് പേരുകേട്ട പാലായിലാണ് ഈ സ്ഥിതി.
മോശം റോഡ് നന്നാക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഒരു ജാഗ്രതയും കാണിക്കില്ല. ഇനി ആരെങ്കിലും ഇടപെട്ട് റോഡ് നന്നാക്കാന്‍ ഫണ്ട് അനുവദിച്ചാലുടന്‍ അത് ഞാന്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞു പത്രപ്രസ്താവന ഇറക്കാന്‍ ഒരു ജാഗ്രതക്കുറവുമില്ല.
'മമ്മൂഞ്ഞ്' പ്രസ്താവന ഇറക്കുക മാത്രമല്ല, മമ്മൂഞ്ഞിനെ അഭിനന്ദിച്ച് പൗരസമിതിയുടെ അനുമോദന വാര്‍ത്തകളും ഉടന്‍ പത്രത്തില്‍ വരും. ഇതെല്ലാം വായിച്ച് എല്ലാം ശരിയാകുമെന്നു പറഞ്ഞ് നാട്ടുകാര്‍ സന്തോഷിക്കുന്നതല്ലാതെ റോഡ് നന്നാകില്ല.
ഇനിയെങ്കിലും പോലീസുകാര്‍ റോഡിലെ പിരിവു നിര്‍ത്തി അമിത വേഗതയും അശ്രദ്ധയും ഒഴിവാക്കാന്‍ നിരത്തിലിറങ്ങുമോ എന്നാണറിയേണ്ടത്. റോഡിന്‍റെ ഗുണമേന്മയും വീതിയും കൂടിയ ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയും വേണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us