മീനച്ചിലിനൊരു വൈദ്യുത പദ്ധതി: മാർമലയിൽ നിന്നും വൈദ്യുതി എത്തും. വൈദ്യുത നിലയത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:മീനച്ചിൽ താലൂക്കിലെ മാർ മലയിലെ ജലസ്രോതസ് പ്രയോജനപ്പെടുത്തി വൈദ്യുത ഉല്പാദനത്തിനുള്ള നടപടികൾ അതിവേഗത്തിലായി. തലനാട്, തീക്കോയി വില്ലേജുകളിലായി 6 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുക. ഇതിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു കഴിഞ്ഞു. തീക്കോയി മലനിരകളിൽ നിന്നുള്ള മാർമല തോട് നീരൊഴുക്കു പ്രയോജനപ്പെടുത്തിയാണ് ചെറുകിട ഹൈഡ്രോ ഇലക്ട്രിക് പദ്ധതി സ്ഥാപിക്കുന്നത്.

Advertisment

പദ്ധതിയുടെ വിയർ, പവർ ടണൽ, പവർഹൗസ് എന്നിവയുടെ സൈറ്റുകൾ ഏറ്റെടുക്കുന്ന സ്വകാര്യ ഭൂപ്രദേശത്താണ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ സ്ഥാപിതശേഷി 7 മെഗാവാട്ട് ആയിരിക്കും. 3.50 മെഗാവാട്ടിൻ്റെ രണ്ട് ജനറേറ്ററുകളാണ് ഉണ്ടാവുക. വാർഷിക വൈദ്യുത ഉൽപാദനം കണക്കാക്കിയിരിക്കുന്നത് 23 മെഗാ യൂണിറ്റാണ്.

തിരുവനന്തപുരം കേന്ദ്രമായ സെൻ്റർ ഫോർ മാനേജ്മെൻ്റ്റ് ഡെവലപ്മെൻ്റാണ് പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഭൂ ഉടമകൾ അനുകൂല നിലപാട് സ്വീകരിച്ചതോടെ തുടർ നടപടികൾ സർക്കാർ സ്വീകരിക്കുകയാണ് ഉണ്ടായത്.

ഇതോടൊപ്പം മാർ മലവെള്ളചാട്ട മേഖല ടൂറിസം വികസന പദ്ധതി കൂടി നടപ്പാക്കണമെന്നുള്ള ആവശ്യവും ഉയരുകയാണ്. മാർമല അരുവിലേക്കുള്ള ചാമപ്പാറ- മാർമല റോഡ് നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. റോഡിനാവശ്യമായ കലുങ്കുകളും പാലവും നിർമ്മിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ഭൂമിതർക്കമാണ് തുടർ നടപടികൾ മുടക്കിയത്.

പാലാ ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന പദ്ധതിയുടെ തുടർ നടപടികൾ മുടങ്ങിക്കിടക്കുകയാണ്. സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിശ്രമ സൗകര്യങ്ങളും കൂടി ഒരുക്കി ഇപ്പോൾ ഇല്ലിക്കൽകല്ലിലെത്തുന്ന സഞ്ചാരികളെ കൂടി മാർമലയിൽ എത്തിക്കുവാനും അഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിനും നടപടി ഉണ്ടാവണമെന്ന് വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജയ്സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിജു ഇളംതുരുത്തി, സലിം യാക്കിരി, ജോണി ആലാനി, അജിത്‌ പെമ്പിളക്കുന്നേൽ, മനോജ് മറ്റമുണ്ട എന്നിവർ പ്രസംഗിച്ചു.

Advertisment