രാമപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികൾ സർക്കാർ സ്റ്റേ ചെയ്തു. തിരിച്ചടിയായത് പ്രസിഡന്റ് കൂറുമാറി പഞ്ചായത്തു ഭരണം അട്ടിമറിച്ചപ്പോൾ വാർഷിക പദ്ധതിയിൽ മാറ്റം വരുത്തിയ നടപടി ? രാമപുരത്തെ വികസന പ്രവർത്തനങ്ങൾ അവതാളത്തിലാകും. പഞ്ചായത്തിലെ കാലുമാറ്റവും കൂറുമാറ്റവും അട്ടിമറിയും ജനങ്ങൾക്ക് ബാധ്യതയായി മാറുന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ : രാമപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികളുടെ നടത്തിപ്പ് പ്രവർത്തനങ്ങൾ സർക്കാർ സ്റ്റേ ചെയ്തു. ഇതോടെ രാമപുരം പഞ്ചായത്തിലെ നടപ്പുവർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലായി.

Advertisment

പഞ്ചായത്തു വാർഷിക പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് കൂടിയ പഞ്ചായത്തു കമ്മിറ്റി യോഗ തീരുമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ആണെന്ന് വ്യക്തമാക്കി പ്രതിപക്ഷം നൽകിയ പരാതികളിൽ സർക്കാർ തീർപ്പ് കല്പിക്കുന്നതുവരെ പദ്ധതി നടത്തിപ്പ് നിർത്തിവയ്ക്കാനാണ് സർക്കാർ ഉത്തരവ്.


ഇതുപ്രകാരം 01 / 08/ 2022 നു ഗ്രാമപഞ്ചായത്തു കമ്മിറ്റി സ്വീകരിച്ച നടപടികൾ സർക്കാർ റദ്ധാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലെ ഭരണമാറ്റവും പ്രസിഡന്റിന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോൾ പഞ്ചായത്തു ഭരണത്തെയും പദ്ധതി നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നത്.

നിലവിലെ പ്രസിഡന്റ് ഷൈനി സന്തോഷ് കഴിഞ്ഞ ടേമിൽ യു ഡി എഫ് പിന്തുണയോടെ പഞ്ചായത്തു ഭരണം നടത്തുന്ന സമയത്തായിരുന്നു വാർഷിക പദ്ധതി നിയമാനുസൃത നടപടികളിലൂടെ പഞ്ചായത്ത് കമ്മിറ്റിയിൽ പാസാക്കിയെടുത്തത്.

publive-image

എന്നാൽ പ്രസിഡന്റിന്റെ കാലാവധി ഇതിനിടയിൽ അവസാനിക്കുകയും യു ഡി എഫിലെ ധാരണപ്രകാരം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അധ്യക്ഷ പദവി കൈമാറാനും തീരുമാനിക്കുകയായിരുന്നു . ഇതിനായി ഷൈനി സന്തോഷും വൈസ് പ്രസിഡന്റും രാജി വയ്ക്കുകയും ചെയ്തു.

എന്നാൽ ഭാരവാഹി തെരെഞ്ഞെടുപ്പിൽ പഴയ പ്രസിഡന്റ് ഷൈനി സന്തോഷ് എൽ ഡി എഫ് പക്ഷത്തേക്ക് കൂറുമാറുകയും ഇടതുപക്ഷം ഭരണം പിടിക്കുകയുമായിരുന്നു.


ഭരണം മാറിയതോടെ വീണ്ടും കമ്മിറ്റി ചേർന്ന് വാർഷിക പദ്ധതിയിൽ മാറ്റം വരുത്തി ഡിപിസിയിൽ സമർപ്പിച്ച നടപടിക്കെതിരെയുള്ള പരാതികളിലാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ഇതോടെ പഞ്ചായത്തു ഭരണം പ്രതിസന്ധിയിലായി.


പരാതികൾ കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലിരിക്കെ തീരുമാനമാകാതെ വീണ്ടും പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ചേർത്ത് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പഞ്ചായത്തു കമ്മിറ്റി ശ്രമം നടത്തുന്നതിനിടെയാണ് പുതിയ നടപടി. ഇതിനായി ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം യുഡിഎഫ് അംഗങ്ങൾ ഇന്ന് ചേർന്ന ബഹിഷ്കരിച്ചു.

publive-image

നിയമത്തെയും ചട്ടങ്ങളെയും വെല്ലുവിളിച്ചു മെമ്പർമാരുടെയും ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഭരണസമിതിയുടെ ധാർഷ്ട്യം അംഗീകരിക്കാനാവില്ലെന്ന് യു ഡി എഫ് ആരോപിച്ചു .


ഫലത്തിൽ യു ഡി എഫ് അംഗങ്ങളുടെ നിലപാട് ശരിവച്ചുകൊണ്ടുള്ളതാണ് സർക്കാർ ഉത്തരവ് . നിലവിലെ ആക്ഷേപങ്ങൾക്ക് സർക്കാരിൽ നിന്ന് പരിഹാരം ഉണ്ടാകുന്നത് വരെ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു പഞ്ചായത്തിൽ എത്തിയിട്ടുണ്ട്.


നേരത്തെ സമാന പരാതികളിൽ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ സേവ്യർ സമർപ്പിച്ച പരാതിയിൽ , നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്കെതിരെ എഫ്ഐആർ ഇട്ട് കേസെടുക്കണമെന്ന് കോടതിയും രാമപുരം എസ്എച്ച്ഒയോട് നിർദേശിച്ചിരുന്നു.

publive-image

അതിനാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി വയ്ക്കുകയും പ്രസിഡണ്ട് പൊതുപ്രവർത്തനം തന്നെ അവസാനിപ്പിച്ച് രാമപുരം പഞ്ചായത്തിന്റെ മാനം സംരക്ഷിക്കുകയും വേണമെന്നാണ് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ കെ ശാന്താറാം ആവശ്യപ്പെട്ടത്.

രാഷ്ട്രീയ താൽപര്യത്തിനും സമ്മർദ്ദത്തിനും അനുസരിച്ച് പാദസേവ ചെയ്യുന്ന സെക്രട്ടറിയുടെ നിലപാടും തിരുത്തപ്പെടേണ്ടതാണെന്നും യു ഡി എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ലിസമ്മ മത്തച്ചൻ, സൗമ്യ സേവ്യർ, മനോജ്‌ സി ജോർജ്, ജോഷി ജോസഫ്, ആൽബിൻ അലക്സ്‌, റോബി തോമസ് എന്നീ അംഗങ്ങൾ പ്രതിഷേധിച്ചു.

Advertisment