പാലാ നഗരസഭയുടെ കീഴിലുള്ള പന്ത്രണ്ടാംമൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കില്‍ കാന്‍റീനും ഐസ്ക്രീം പാര്‍ലറും വരുന്നു; ഉദ്ഘാടനം നാളെ

New Update

publive-image

പാലാ:പാലാ നഗരസഭയുടെ കീഴിലുള്ള പന്ത്രണ്ടാംമൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കില്‍ കൂടുതൽ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതൽ പാർക്കിൽ കാന്‍റീന്‍, ഐസ്ക്രീം പാർലർ എന്നിവ ആരംഭിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.

Advertisment

നഗരസഭ കുടുംബശ്രീക്കാണ് കാന്റീൻ, ഐസ്ക്രീം പാർലർ എന്നിവയുടെ നടത്തിപ്പ് ചുമതല. സാധാരണ ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 7.30 വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മണി മുതലും കാന്റീൻ പ്രവർത്തിക്കും. കാപ്പി, ചായ, ഐസ്ക്രീം, സ്നാക്സ് എന്നിവ പാർക്കിലെത്തുന്നവർക്ക് വാങ്ങാം.

കുമാരനാശാൻ സ്മാരക പാർക്ക് കൂടുതൽ സജീവമാക്കാൻ തുടർന്നും പല പദ്ധതികളും ആലോചിച്ച് വരികയാണെന്നും ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. നാളെ വൈകിട്ട് 4 ന് പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര കാന്‍റീനിന്‍റെയും ഐസ്ക്രീം പാർലറിന്‍റെയും ഉദ്ഘാടനം നിർവ്വഹിക്കും.

സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, ബിന്ദു മനു, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, മറ്റ് കൗൺസിലർമാർ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.

Advertisment