/sathyam/media/post_attachments/aotw9tYdZbeEKIJ1Eu4h.jpg)
പാലാ:പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീര്‍പ്പ് കല്പിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ നടത്തുന്ന അദാലത്തില്‍ കൂടുതല്‍ പരാതികള്‍ ഉയരാതിരിക്കാന്‍ മീനച്ചില്‍ താലൂക്ക് അധികാരികളുടെ ഗൂഢനീക്കമെന്ന് ആക്ഷേപം. കളക്ടറുടെ അദാലത്തിനെ സംബന്ധിച്ച് ജനങ്ങളെ കാര്യമായി അറിയിക്കുന്നതില്‍ താലൂക്ക് അധികൃതര്‍ വീഴ്ച വരുത്തിയിരിക്കുകയാണെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ കുറ്റപ്പെടുത്തി.
കോട്ടയം ജില്ലയിലെ ഇതര താലൂക്കുകളില്‍ ഓരോ വില്ലേജുകള്‍ തോറും ജില്ലാ കളക്ടറുടെ അദാലത്ത് സംബന്ധിച്ച് അറിയിപ്പുകള്‍ കൊടുക്കുകയും പൊതുജനമധ്യത്തിലേക്ക് ഈ വിവരം അറിയിക്കുന്നതിന് എല്ലാ മാധ്യമങ്ങളിലും അറിയിപ്പ് കൊടുക്കുകയും ചെയ്തു. എന്നാല്‍ മീനച്ചില്‍ താലൂക്ക് അധികാരികള്‍ ഒന്നു രണ്ട് പത്രങ്ങളില്‍ മാത്രം അറിയിപ്പ് കൊടുത്ത് കൈ കഴുകുകയായിരുന്നു എന്നാണാരോപണം.
25-ാം തീയതി രാവിലെ 10.30 മുതല്‍ 1 മണി വരെയാണ് അദാലത്ത് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ സമയം പൊതുജനങ്ങള്‍ക്ക് നേരിട്ട് ഹാജരായി ജില്ലാ കളക്ടര്‍ മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. തങ്ങളെ സംബന്ധിച്ച് കൂടുതല്‍ പരാതികളോ പ്രശ്‌നങ്ങളോ ഉയരുമോ എന്ന ഭയം മൂലമാണ് പേരിന് മാത്രം ജനത്തെ അറിയിച്ചുവെന്ന് വരുത്തി തട്ടിക്കൂട്ട് അദാലത്ത് നടത്താന്‍ മീനച്ചില്‍ താലക്ക് അധികൃതരെ പ്രേരിപ്പിച്ചത് എന്നാണാക്ഷേപം.
മീനച്ചില്‍ താലൂക്കിലെ വിവിധ കൈയ്യറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നിരുന്നു. അതുപോലെ തന്നെ മണ്ണെടുക്കല്‍, പാറ ഖനനം എന്നിവയുമായി ബന്ധപ്പെട്ടും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനൊക്കെ പുകമറയിടാനുള്ള വ്യഗ്രതയിലാണ് റവന്യു അധികൃതര്‍ എന്നാണാക്ഷേപം. എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത നല്‍കി പൊതുജനങ്ങളെ കൃത്യമായ വിവരം അറിയിച്ചുകൊണ്ടുമാത്രമേ അദാലത്ത് നടത്താവൂ എന്ന് പാലാ പൗരാവകാശ സമിതി ആവശ്യപ്പെടുന്നു.
ഇതേസമയം താലൂക്കിലെ ഒരു ഉദ്യോഗസ്ഥന്‍ മുഖാന്തിരമാണ് അദാലത്ത് സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങള്‍ക്ക് കൊടുത്തയച്ചതെന്നും ഇതിനേപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും മീനച്ചില്‍ തഹസില്‍ദാര്‍ സിന്ധു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us