പാലായില്‍ നഗരയാത്ര കഠിനം പൊന്നയ്യപ്പാ ! പാലായുടെ സൗന്ദര്യമായിരുന്ന റിവര്‍വ്യൂ റോഡ് അപ്പാടെ തകര്‍ന്നു ! വര്‍ഷങ്ങള്‍ക്കു മുമ്പ് തുറന്നുകൊടുത്തിട്ടും പാലാ ബൈപ്പാസിന്‍റെ കുപ്പിക്കഴുത്തുകള്‍ക്കും മോചനമില്ല. മണ്ണ് മാറ്റാന്‍ ജെസിബി വന്നപ്പോള്‍ പോലും 'മമ്മൂഞ്ഞ് മോഡല്‍' ഉത്ഘാടനം നടത്തിയവര്‍ക്കും മിണ്ടാട്ടമില്ല. പാലാ വികസനം വെറും വാക്കും റോഡിലെ നാടകം കളികളുമായി മാറുമ്പോള്‍...

New Update

publive-image

പാലാ: നഗരത്തില്‍ വികസനത്തിനപ്പുറം നടക്കുന്നത് നാടകങ്ങളും അഭിനയങ്ങളുമാണ്. ഉത്ഘാടനങ്ങളും പ്രഖ്യാപനങ്ങളും പലതും കഴിഞ്ഞെങ്കിലും നഗരത്തിലൂടെ വാഹനത്തില്‍ പോയിട്ട് കാല്‍നടയായി പോലും യാത്ര ദുരിതമയം.

Advertisment

ഒരു കാലത്ത് പാലാ നഗരത്തിന്‍റെ ഐശ്വര്യവും സൗന്ദര്യവുമായിരുന്ന റിവര്‍വ്യൂ റോഡ് പൂര്‍ണമായി തന്നെ തകര്‍ന്ന നിലയിലത്രെ. നഗരയാത്രയുടെ തിരക്കൊഴിവാക്കാന്‍ പണിത ബൈപ്പാസിലാണെങ്കില്‍ ജെസിബി നിര്‍മ്മാണത്തിനുവരെ ഉത്ഘാടന മഹാമഹങ്ങള്‍ കൊണ്ടാടിയതല്ലാതെ കുപ്പിക്കഴുത്തുകള്‍ അതേപടി തുടരുന്നു.

publive-image

സിവില്‍ സ്റ്റേഷന്‍ റോഡില്‍ കോടതി ഉത്തരവു പ്രകാരം ബൈപ്പാസിനു തടസമായി നിന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവു വന്നപ്പോള്‍ 'ചരിത്രം വഴിമാറിയെന്നു' പറഞ്ഞു നടക്കുന്ന സാറിന്‍റെ വക ഉത്ഘാടനം കൊണ്ടാടി. ഒന്നുമില്ലെന്നു കണ്ടപ്പോള്‍ കെട്ടിടം പൊളിക്കാന്‍ ജെസിബി വന്നതിനൊരുത്ഘാടനമായിരുന്നു പരിപാടി. അതിന്‍റെ ബാക്കി നടപടികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഉത്ഘാടനം നടത്തിയവരുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടഭാഗങ്ങള്‍ പൊളിക്കാന്‍ ഇനിയും നടപടിക്രമങ്ങള്‍ ബാക്കി കിടക്കുന്നു.

എന്തായാലും മഴയും നഗരത്തിലെ തിരക്കും കൂടിയാകുമ്പോള്‍ പാലാ ബൈപ്പാസിലെ മൂന്നു കുപ്പിക്കഴുത്തുപോലുള്ള വീതി കുറഞ്ഞ ഭാഗങ്ങളും കിലോമീറ്റര്‍ നീളുന്ന ഗതാഗത കുരുക്കു തന്നെ ഫലം.

5 ലക്ഷം മുടക്കിയാല്‍ റിവര്‍വ്യൂ റോഡിന്‍റെ ശോചനീയാവസ്ഥ തല്‍ക്കാലം പരിഹരിച്ച് ഗതാഗതയോഗ്യമാക്കാവുന്നതേയുള്ളു. പക്ഷേ അത് നടക്കണമെങ്കില്‍ പത്രസമ്മേളനവും നടുറോഡിലെ നാടകവുമല്ല വേണ്ടത്, ജനപ്രതിനിധികളുടെ ഇടപെടലാണ്. അത് ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും ഉണ്ടാകണം. അതിനു മിനക്കെടാനാളില്ല.

publive-image

എന്തെങ്കിലും നടക്കുന്നുവെന്നറിഞ്ഞാല്‍ മുന്‍കൂട്ടി അവിടെ ചെന്ന് 'മമ്മൂഞ്ഞ് മോ‍ഡല്‍' ഉത്ഘാടനവും നടത്തി പത്രവാര്‍ത്തയും കൊടുത്ത് 'ഞാനാ... ഞാനാ...' പറഞ്ഞു മടങ്ങും. പിന്നെ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കില്ല. ചെയ്യില്ല... ചെയ്യിക്കുകയുമില്ല... എന്നതാണ് പുതിയ പാലാ സ്റ്റൈല്‍.

റിവര്‍വ്യൂ റോഡിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകേണ്ട സമയം കഴിഞ്ഞതാണ്. ഒന്നും എങ്ങുമെത്തിയിട്ടില്ല. അതിനി ആരെങ്കിലും ഇടപെട്ട് നടക്കുമെന്നറിഞ്ഞാല്‍ ഉടന്‍ അവിടെയൊരു 'മമ്മൂഞ്ഞ്' ഉത്ഘാടനം ഉറപ്പാണ്. അതോടെ ആ പദ്ധതിയും നീളും.

മികച്ച റോഡുകളായിരുന്നു ഒരു കാലത്ത് പാലായുടെ പ്രൗഢിയും ഗാംഭീര്യവും. അതാത് കാലങ്ങളില്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച റോഡുകള്‍ പാലായിലേതായിരുന്നു. കെ.എം മാണി പാലായ്ക്ക് എന്തു ചെയ്തുവെന്ന് കൊതിക്കുറവ് പറഞ്ഞു നടന്നവര്‍ക്ക് ഇപ്പോഴാണ് കാര്യങ്ങള്‍ ബോധ്യമാകുന്നത്.

publive-image

ഈയവസ്ഥയില്‍ തുടര്‍ന്നാല്‍ സമീപകാലത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ഹൈവേകള്‍ ഒഴികെയുള്ള റോഡുകള്‍ മാസങ്ങള്‍ക്കകം സഞ്ചാരയോഗ്യമല്ലാതായി മാറും. പാലാ - രാമപുരം - കൂത്താട്ടുകുളം ഉള്‍പ്പെടെയുള്ള ഇത്തരം റോഡുകള്‍ക്കുമേല്‍ കാലാകാലങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ഞ്ചിനീയര്‍മാര്‍ നടത്തേണ്ട അറ്റകുറ്റ പണികള്‍ പോലും നടക്കുന്നില്ല. ശബരിമല സീസണ്‍ കൂടി ആരംഭിക്കുന്നതോടെ സ്ഥിതി ഗുരുതരമാകും. അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ മറ്റാരെയൊക്കെയോ കുറ്റപ്പെടുത്തുന്നതാണ് കുറെ കാലമായി പാലായില്‍ നടക്കുന്നത്.

Advertisment