കേരളത്തിലെ ഏറ്റവും മനോഹരമായ 4 കി.മി. പാലാ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കെഎം മാണി എടുത്തത് 2 വര്‍ഷം. അതിനിടഭാഗങ്ങളില്‍ 3 ഇടത്തായി 150 മീറ്റര്‍ മാത്രം വരുന്ന 3 കുപ്പിക്കഴുത്തുകള്‍ നിവര്‍ക്കാന്‍ 4 വര്‍ഷമായിട്ടും നടപടിയില്ല. സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് പിഡബ്ല്യുഡിക്കാര്‍ തൂമ്പയും കൊട്ടയുമായി എത്തിയതും 'തന്തയാര് ' വിവാദം തുടങ്ങിയതും ഒരുമിച്ച്. ഉപതെരഞ്ഞെടുപ്പില്‍ 45 ദിവസം കൊണ്ട് കുപ്പിക്കഴുത്ത് നിവര്‍ക്കുമെന്ന് പറഞ്ഞ മാണി സി കാപ്പനും അന്ന് പറഞ്ഞതൊക്കെ മറന്നു; ഇപ്പോഴത്തേത് പൊറാട്ട് നാടകങ്ങള്‍ !

New Update

publive-image

പാലാ:പാലാ ബൈപ്പാസിന്‍റെ മുടങ്ങികിടന്ന 50 മീറ്റര്‍ ഭാഗത്തെ 'കുപ്പിക്കഴുത്തുപോലുള്ള' റോഡിന്‍റെ വീതികൂട്ടല്‍ തുടങ്ങിയപ്പോള്‍ വീണ്ടും വിവാദം. ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് ജെസിബി വിളിച്ചുവരുത്തി മണ്ണു നീക്കല്‍ ഉദ്ഘാടനം നടത്തി മാണി സി കാപ്പന്‍ എംഎല്‍എ പോയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല.

Advertisment

വീണ്ടും പാലാ ജൂബിലിക്ക് മുന്നോടിയായി പാലാ രൂപത ഇടപെട്ട് ജോസ് കെ മാണി എംപി മുഖേന മന്ത്രിതല ഇടപെടല്‍ നടത്തി ചൊവ്വാഴ്ച നിര്‍മ്മാണം തുടങ്ങിയതും എംഎല്‍എയും നഗരസഭാ ചെയര്‍മാനും തമ്മില്‍ 'തന്തയാര്' തര്‍ക്കം തുടങ്ങിയതും ഒന്നിച്ച്.


സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് വര്‍ഷങ്ങളായി ബൈപ്പാസിന് തടസമായി കേസും സ്റ്റേയുമായി തുടരുകയായിരുന്ന മാണി സി കാപ്പന്‍റെ ബന്ധുക്കളുടെ ഭൂമി കോടതി മുഖേന കേസ് തീര്‍ത്ത് ഏറ്റെടുത്ത് വീതി കൂട്ടുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത് (കാപ്പന്‍റെ ന്ധുക്കളെങ്ങനെ റോഡിന് ശത്രുക്കളായെന്നത് വേറെ ചോദ്യം).

ഏറ്റെടുത്ത ഭാഗത്ത് ഓട നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇതോടെ റോഡിന്‍റെ ഒത്ത നടുക്കായി പഴയ റോഡി‍ന്‍റെ വശത്തു സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ കീറാമുട്ടിയായി മാറി. ഈ പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കര തിങ്കളാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.


'ട്ട' വട്ടത്തില്‍ ഭരിക്കുന്ന നഗരസഭ ചെയര്‍മാന് ഈ വലിയ ലോകത്ത് എന്ത് കാര്യമെന്നാണ് എംഎല്‍എയുടെ ചോദ്യം. നഗരസഭയുടെ ഹൃദയഭാഗത്തെ റോഡിന്‍റെ പ്രശ്നം താനല്ലാതെ വേറാരു നോക്കും എന്ന് ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കരയും.


publive-image

റോഡിന്‍റെ തടസം നീക്കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ കോടതിയില്‍ നടന്ന കേസില്‍ കക്ഷി ചേര്‍ന്നിരുന്ന കാര്യവും ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു.

പാലായില്‍ പൊതുമരാമത്ത് അധികൃതര്‍ തൂമ്പയും കൊട്ടയുമെടുത്താല്‍ അതിന്‍റെ ഉദ്ഘാടനം തനിക്ക് നടത്തണമെന്ന നിര്‍ബന്ധമുള്ളയാളാണ് എംഎല്‍എ. ഉദ്ഘാടനം കഴിയുമ്പോള്‍ പണി നടക്കാറുണ്ടോ എന്ന് ഉദ്ഘാടകന്‍ തിരക്കാറുമില്ല. അതദ്ദേഹത്തിന്‍റെ ജോലിയല്ല.

തിങ്കളാഴ്ച സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ റോഡ് നിര്‍മ്മാണം തുടങ്ങുന്നതിനു മുന്നോടിയായി എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു ആലോചനായോഗം നടന്നിരുന്നു. അതില്‍ ബിജെപി നേതാവായ മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റ് പങ്കെടുത്തതോടെ അത് യുഡിഎഫിലും വിവാദമായി.

publive-image

മാണിസാറിന് 2 വര്‍ഷം മാണിച്ചന് 4 വര്‍ഷം

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു താന്‍ ജയിച്ചാല്‍ പാലാ ബൈപ്പാസിന്‍റെ മൂന്ന് കുപ്പിക്കഴുത്തുകളുടെയും വീതികൂട്ടല്‍ 45 ദിവസത്തിനകം പരിഹരിക്കുമെന്ന്. ഇപ്പോള്‍ മൂന്നേ മുക്കാല്‍ വര്‍ഷമായി; തഥൈവ.


അതേസമയം 4 കി.മീറ്റര്‍ പാലാ ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കെ.എം മാണിക്കു വേണ്ടിവന്നത് 2 വര്‍ഷമാണ്, അതും കേരളത്തിലെ ഏറ്റവും മനോഹരമായ ബൈപ്പാസ് എന്ന നിലയില്‍.


publive-image

ആ ബൈപ്പാസിന്‍റെ 3 ഇട ഭാഗങ്ങളില്‍ എല്ലാംകൂടി കണക്കാക്കിയാല്‍ 150 മീറ്റര്‍ തികച്ചില്ലാത്ത കുപ്പിക്കഴുത്തുപോലുള്ള ഭാഗം നിവര്‍ക്കാനായി ഇപ്പോള്‍ 4 വര്‍ഷമായി നടപ്പു തുടങ്ങിയിട്ട്. ഭരണകക്ഷിയുടെ ഭാഗമായി എംഎല്‍എ ആയിട്ട് ഒന്നേ മുക്കാല്‍ വര്‍ഷം പ്രവര്‍ത്തിച്ചിട്ടും ബൈപ്പാസില്‍ ഒരു ഇല അനക്കാന്‍ കാപ്പന്‍ തയ്യാറായില്ല. എന്നിട്ടിപ്പോള്‍ പൊറാട്ടു നാടകങ്ങള്‍ക്ക് ഒരു കുറവുമില്ല.


ഇനി തന്ത ആരുവേണമെങ്കിലും ആയിക്കൊള്ളട്ടെ, റോഡ് നിര്‍മ്മാണം ഉടന്‍ പരിഹരിക്കണമെന്ന ഒറ്റ ആവശ്യം മാത്രമാണ് നാട്ടുകാര്‍ക്കുള്ളത്.


അതിനു തുരങ്കം വയ്ക്കാന്‍ ഉദ്ഘാടനവും പൊറാട്ടു നാടകങ്ങളുമായി ആരും അങ്ങോട്ടു പോകാതിരുന്നാല്‍ മതി. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അത് ഭംഗിയായി നോക്കിക്കൊള്ളും.

Advertisment