/sathyam/media/post_attachments/bNiHUrNjAvm70RQufZbh.jpg)
പാലാ : കോട്ടയം ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സൗജന്യമായി ചലന സഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനും, ഗുണഭോക്താക്കളെ കണ്ട് എത്തുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട ക്യാമ്പ് മാർച്ച് 11-ാം വെള്ളിയാഴ്ച്ച രാവിലെ 9:30 മുതൽ പാലാ മുനിസിപ്പൽ ഓപ്പൺ ആഡിറ്റോറിയത്തിൽ വച്ച് നടത്തും.
കഴിഞ്ഞ ക്യാമ്പിൽ പങ്കെടുക്കാത്തവരായ ഭിന്നശേഷിക്കാർ ഈ അവസരം വിനിയോഗിക്കണമെന്ന് തോമസ് ചാഴികാടൻ എംപി, നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര എന്നിവർ അറിയിച്ചു.
പാലാ മുൻസിപ്പൽ പ്രദേശത്തെയും ളാലം ബ്ലോക്കിന്റെ കീഴിലുള്ള കടനാട്, കരൂർ, കൊഴുവനാൽ, ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട ബ്ലോക്കിന്റെ കിഴിലുള്ള തലനാട്, മൂന്നിലവ്, മേലുകാവ്, തലപ്പലം പഞ്ചായത്തുകളിലെയും പാമ്പാടി ബ്ലോക്കിന്റെ കീഴിലുള്ള പാമ്പാടി, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, മീനടം, കിടങ്ങൂർ, മണർകാട് പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർ 11-ാംതീയതി രാവിലെ 9:30 മുതൽ പാലാ മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കണം.
എംപി യുടെ നിർദ്ദേശപ്രകാരം കേന്ദ്രസർക്കാർ സ്ഥാപനമായ അലീംകോയും, സാമൂഹ്യനീതി വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്നാണ് രണ്ടാം ഘട്ട ക്യാമ്പുകളും സംഘടിപ്പിക്കുന്നത്. എംപിയും ജില്ലാകളക്ടർ പി. കെ ജയശ്രീയും, ത്രിതല പഞ്ചായത്ത് പ്രതിനിധികളും, ആരോഗ്യക്ഷേമം, ശിശു വികസനം തുടങ്ങിയ വകുപ്പുകളിലെ ഡോക്ടർമാരും ഉദ്യോഗസ്ഥരും ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കും. ആർച്ച് ബിഷപ്പ് കുന്നശ്ശേരി ഫൗണ്ടേഷൻ ക്യാമ്പുകളുടെ ക്രമീകരണത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എം പി അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം തങ്ങളുടെ സ്ഥലത്തെ അംഗനവാടി ടീച്ചറുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യുകയോ, സോഷ്യൽമീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയോ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എംപി അറിയിച്ചു.
കോട്ടയം ജില്ലയിലെയും എറണാകുളം ജില്ലയിലെ പിറവം നിയോജകമണ്ഡലത്തിലെയും ഒന്നാം ഘട്ടം ക്യാമ്പുകൾ പൂർത്തിയാക്കി 1100 ഓളം ഗുണഭോക്താക്കളെ ഇതിനോടകം തെരഞ്ഞെടുത്തിട്ടുണ്ട്. അവർക്കുള്ള ചലന സഹായ ഉപകരണങ്ങൾ അലിംകോ ഫാക്ടറിയിൽ നിർമിച്ചു വരുന്നു. കോട്ടയം ജില്ലയിലെ രണ്ടാം ഘട്ടം ക്യാമ്പിലെ ഗുണഭോക്താക്കളെ കൂടി തിരഞ്ഞെടുത്തതിനുശേഷം ഏപ്രിൽ മാസത്തിൽ ചലന സഹായി ഉപകരണങ്ങൾ വിതരണം ചെയ്യുമെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us