Advertisment

ക്രൂരമായി ആക്രമിച്ചേക്കും, ജാഗ്രത പാലിക്കണം: അതീവ അക്രമകാരികളായ കുറുവ മോഷണ സംഘം കോഴിക്കോട് എത്തിയെന്ന് പോലീസ്

New Update

publive-image

Advertisment

കോഴിക്കോട്: അതീവ അക്രമകാരികളായ കുറുവ മോഷണ സംഘം കോഴിക്കോട് എത്തിയെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്. ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് പിടിയിലായവരെ കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിചേർത്തിട്ടുണ്ട്. അതീവ ആക്രമണകാരികളാണ് കുറുവ സംഘം. കോടാലി, തൂമ്പ തുടങ്ങി ആയുധങ്ങൾ വീടിന് പുറത്ത് വെയ്‌ക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

അന്നശ്ശേരിയിലാണ് ഇവർ താമസിച്ചത്. ഇവിടെ നിന്നാണ് മോഷണത്തിന് പദ്ധതിയിട്ടത്.  ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. രാത്രികാലങ്ങളിൽ എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൽ വിവരം അറിയിക്കണമെന്നും കമ്മീഷണർ പറഞ്ഞു.

കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാൽ ഫോട്ടോ എടുത്ത് പരിശോധിക്കാനും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ പോലീസ് കൺട്രോൾ റൂമിലെ 04952721697 നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

വാതിൽ തകർത്ത് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി മോഷ്ടിക്കുകയാണ് കുറുവ സംഘത്തിന്റെ രീതി. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും കുറുവാ സംഘത്തിൽപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment