Advertisment

കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുകി; കോഴിക്കോട് പത്തുവയസുകാരന്‍ മരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് മുണ്ട് കഴുത്തിൽ മുറുകി അവശനിലയിലായ പത്തുവയസുകാരൻ മരിച്ചു. കോഴിക്കോട്  വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് വെള്ളിയാഴ്ച രാവിലെ കുളിമുറിയിൽ അവശനിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ പൊറോട്ട വാങ്ങി നൽകി പള്ളിയിൽ പോകാൻ തയ്യാറായിരിക്കാൻ പറഞ്ഞശേഷം സർവീസിന് കൊടുത്ത വാഹനം കൊണ്ടുവരാൻ പിതാവ് പുറത്ത് പോയ സമയത്തായിരുന്നു അപകടം.

മാതാവ് എണ്ണ തേച്ച ശേഷം മകനെ കുളിക്കാൻ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയം എടുത്താണ് മകന്‍ കുളിക്കാറുള്ളത്. അതിനാല്‍ തന്നെ ആദ്യം സമയം പോകുന്നതില്‍ സംശയം തോന്നിയില്ലെന്നാണ് രക്ഷിതാക്കൾ മൊഴി നൽകിയതായി മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.

തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തിൽ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന.

കുട്ടിയുടെ ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിൽ എസ്.ഐ.അജിത്കുമാർ, സി.പി.ഒമാരായ രാകേഷ്, മോഹൻദാസ് എന്നിവരാണ് കേസന്വേഷിക്കുന്നത്. സൽമയാണ് അഹലന്‍റെ മാതാവ്. സഹോദരി: അലൈന.

NEWS
Advertisment