Advertisment

അവശ്യസാധന-യാത്ര ചെലവ് വർദ്ധനക്ക് അറുതി വരുത്താൻ ഇന്ധന വില നിർണയ അവകാശം എണ്ണക്കമ്പനികളിൽ നിന്ന് സർക്കാർ ഏറ്റെടുക്കണം. കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട് : തുടർച്ചയായ പ്രതിസന്ധികൾ, പ്രകൃതിക്ഷോഭം, കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ, മറ്റു പ്രതികൂല സാഹചര്യങ്ങൾ മൂലം കടക്കെണിയിലും, സാമ്പത്തിക ഞെരുക്കത്തിലും അകപ്പെട്ടവരുടെ ആത്മഹത്യകൾ അനുദിനം പെരുകുകയാണ്.

താങ്ങാനാവാത്ത യാത്രാ ചെലവ് മൂലം എല്ലാ യാത്രക്കാർക്കും പ്രത്യേകിച്ച് കുറഞ്ഞ വേതനം ലഭിക്കുന്നവർക്കും, സമീപപ്രദേശങ്ങളിൽ നിന്ന് ജോലിസ്ഥലത്തേക്ക് വരാൻ കഴിയുന്നില്ല. പെട്രോൾ - ഡീസൽ - പാചകവാതക വിലവർധന മൂലം ഉണ്ടാകാവുന്ന ആത്മഹത്യകൾ ഒഴിവാക്കാൻ ഇന്ധന വില നിർണയാവകാശം എണ്ണക്കമ്പനികളിൽ നിന്ന് സർക്കാർ ഏറ്റെടുത്തു സമസ്ത മേഖലകൾക്കും ആശ്വാസം നൽകണമെന്ന് കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും അടിയന്തരയോഗം കേന്ദ്ര- കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.

മറ്റു പല സംസ്ഥാനങ്ങളുടെയും മാതൃകയിൽ ഇന്ധനത്തിന് അധിക നികുതി ഒഴിവാക്കാൻ കേരള സർക്കാരും തയ്യാറാകണം. 18 മാസത്തിനുള്ളിൽ പെട്രോളിന് 36 രൂപയും, ഡീസലിന് 27 രൂപയിലധികവും, പാചകവാതകത്തിന് ഇരട്ടിയും വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഇന്ധന വിലവർധന അവലോകനത്തിന് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയ പാർലമെന്ററി സമിതിയുടെ തീരുമാനം എത്രയും വേഗം ബന്ധപെട്ടവർക്ക്‌ സമർപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വരുമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപന്നങ്ങളുടെ വില ക്രമാതീതമായി വർധിപ്പിച്ച് നികുതിവരുമാനം കൂട്ടുകയല്ല മറിച്ച് ഉൽപ്പാദന മേഖല പുഷ്ടിപ്പെടുത്തിയും, കുടിശ്ശിക പിരിവ് ഊർജിതപ്പെടുത്തിയും, സർക്കാരുകൾ ചെലവുകൾ ചുരുക്കിയും, നികുതിയേതര വരുമാനം വർധിപ്പിക്കുകയാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.

അസോസിയേഷൻ നേരത്തെ കേന്ദ്ര-കേരള സർക്കാരുകൾക്ക് സമർപ്പിച്ച നിവേദനത്തിന് ഇന്ധന നികുതി കുറയ്ക്കുന്ന കാര്യത്തിൽ ജി എസ് ടി കൗൺസിൽ ഇതുവരെ തീരുമാനമെടുത്തില്ല എന്ന മറുപടി കഴിഞ്ഞദിവസം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ഈ ആവശ്യം ഉന്നയിച്ച് ബഹു പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, പെട്രോളിയം മന്ത്രി, കേരള മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് അസോസിയേഷൻ യോഗ തീരുമാനപ്രകാരം ഇമെയിൽ വഴി നിവേദനം സമർപ്പിച്ചത്.

പാമോയിൽ, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും, സെസും ഒഴിവാക്കി വിലക്കയറ്റം തടയാൻ കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവിറക്കിയ മാതൃകയിൽ ഇന്ധന - പാചകവാതക വില കുറയ്ക്കാൻ പെട്രോളിയം മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കണം. അസോസിയേഷൻ ഓഫീസിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ പ്രസിഡണ്ട് ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ഡോ. എ.വി. അനൂപ് യോഗം ഉദ്‌ഘാടനം ചെയ്തു. തമിഴ്നാട് സർക്കാർ ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഇന്ധന നികുതി യുടെ അധികവരുമാനം ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡണ്ടുമാരായ ശ്രീമതി ശ്രീകല മോഹൻ, ജോയ് ജോസഫ്. കെ സെക്രട്ടറിമാരായ കെ. മോഹൻകുമാർ, കുന്നോത്ത് അബൂബക്കർ, ഖജാൻജി സി.എൻ രാധാകൃഷ്ണൻ പ്രത്യേക ക്ഷണിതാക്കളായ എം.വി. കുഞ്ഞാമു , വയനാട് ചേംബർ പ്രസിഡന്റ് ജോണി പറ്റാണി , സെക്രെട്ടറി ഇ.പി .മോഹൻദാസ് , ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി .ഐ .അജയൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സി. സി. മനോജ് സ്വാഗതവും, സി. വി. ജോസ്സി നന്ദിയും രേഖപ്പെടുത്തി.

NEWS
Advertisment