Advertisment

ഡോ. എസ് വിദ്യാപ്രകാശ് എന്നും ജ്വലിക്കുന്ന സ്നേഹസ്പർശം - സുധീഷ് കേശവപുരി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: ഡോ. എസ് വിദ്യാപ്രകാശ് എന്നും ജ്വലിക്കുന്ന സ്നേഹസ്പർശമാണെന്ന് കോഴിക്കോട് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി. എസ്എൻഡിപി യോഗത്തിൻ്റെ കോഴിക്കോട് യൂണിയനിലെ പ്രവർത്തകരെ സംബന്ധിച്ച് ഡോ.എസ് വിദ്യാപ്രകാശിൻ്റെ വിയോഗത്തോടെ നഷ്ടമായത് ആവേശം പകരുന്ന ഓർമയും സ്നേഹത്തിൻ്റെ നനുത്ത സ്പർശവുമാണ് .

എസ്എൻഡിപി യോഗമെന്നത് തൻ്റെ രക്തത്തിൽ അലിഞ് ചേർന്ന വികാരമായിരുന്നു ഡോ.എസ് വിദ്യാപ്രകാശിന്. എസ്എൻഡിപി യോഗത്തോടൊപ്പം തന്നെ സിനിമയെയും സംഗീതത്തെയും തൻ്റെ പ്രൊഫഷനായ ഹോമിയോപ്പതിയെയും സ്നേഹിച്ച, ജീവിതം തന്നെ ആഘോഷമാക്കി മാറ്റിയ മനുഷ്യസ്നേഹിയായ വ്യക്തിയായിരുന്നു അദ്ദേഹം.

28 വർഷങ്ങൾക്ക് മുന്പ് വെറും 33 വയസ് മാത്രം പ്രായമുള്ള സമയത്ത് കോഴിക്കോട് എസ്എൻഡിപി യൂണിയൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഡോ. വിദ്യാ പ്രകാശ്

ആ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിയൻ പ്രസിഡൻറായിരുന്നു. എസ്എൻഡിപി യോഗമെന്നത് തൻ്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമായിരുന്നു ഡോ. എസ് വിദ്യാ പ്രകാശിന്.

കേരളത്തിലെ ഹോമിയോ ഭിഷഗ്വരൻമാരുടെ പിതൃസ്ഥാനമലങ്കരിക്കുന്ന ആലപ്പുഴ സ്വദേശിയും കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളെജ് പ്രഥമ പ്രിൻസിപ്പാളുമായിരുന്ന ഡോ.കെ എസ് പ്രകാശത്തിൻ്റെ സീമന്തപുത്രനായ ഡോ.വിദ്യാ പ്രകാശ് അച്ഛൻ്റെ പാത പിന്തുടർന്ന് ഹോമിയോ ചികിത്സാ മേഖലയിൽ സ്വന്തമായ ഇടം ഉണ്ടാക്കിയ അനുഗ്രഹീതനായ ചികിത്സകനായിരുന്നു.

publive-image

1993 ൽ എസ്എൻഡിപി യോഗത്തിൻ്റെ നവതി വാർഷിക സമ്മേളനം കോഴിക്കോട് വെച്ച് നടത്തിയപ്പോൾ യൂണിയൻ പ്രസിഡൻ്റെന്ന നിലയിൽ ആ സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകൻ ഡോക്ടറായിരുന്നു. എം കെ രാഘവൻ വക്കീലിൻ്റെയെല്ലാം കൂടെ ഒരു മിച്ച് പ്രവർത്തിച്ച അദ്ദേഹത്തിന് രാഘവൻ വക്കീലിനെ കുറിച്ച് എപ്പോഴും നൂറ് നാവായിരുന്നു.

കെ കരുണാകരനും കെ ആർ ഗൗരിയമ്മയും ബിനോയ് വിശ്വവുമുൾപ്പെടെ നിരവധി പ്രമുഖരാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന അദ്ദേഹം കോഴിക്കോടിൻ്റെ സാംസ്ക്കാരിക ഭൂമികയിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു.

രാഷ്ട്രീയക്കാരും സിനിമാക്കാരും സാഹിത്യകാരൻമാരും പത്രപ്രവർത്തകരുമുൾപ്പെടെ വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്ന ഡോക്ടർ നല്ലൊരു സൽക്കാര പ്രിയനും ആതിഥേയനുമായിരുന്നു ഡോക്ടറുടെ ആതിഥ്യസ്നേഹ മനുഭവിക്കാത്തവർ മേൽ പറഞ ഗണത്തിൽ ആരുമുണ്ടാകാനിടയില്ല.

സ്വന്തം പിറന്നാളാഘോഷം തൻ്റെ സൗഹൃദവലയത്തിലുള്ള മുഴുവൻ പേരെയും വിളിച്ച് ആഘോഷിക്കുകയെന്നത് അദ്ദേഹത്തിൻ്റെ ഒരു ലഹരിയായിരുന്നു. കോഴിക്കോടിൻ്റെ ഒരു പരിഛേദം തന്നെയായിരുന്നു ആ പിറന്നാളാഘോഷ കൂട്ടായ്മയിൽ പങ്കെടുക്കാറുള്ളത്.

എസ്എൻഡിപി യോഗത്തിൻ്റെ യൂണിയൻ സെക്രട്ടറിയായതിനു ശേഷം 2007 മുതലാണ് ഡോക്ടറുമായുള്ള ആത്മബന്ധം ദൃഢമായത്.

2008 ൽ സിവിൽ സ്‌റ്റേഷനു സമീപം ആരംഭിച്ച ഹോമിയോപ്പതിക് ആശുപത്രിയുടെ ഉൽഘാടനം നിർവ്വഹിച്ചത് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതിടീച്ചറായിരുന്നു ആ വേദിയിൽ ആശംസാ പ്രസംഗത്തിന് എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായ എന്നെ മാത്രമേ അദ്ദേഹം പുറത്ത് നിന്ന് വിളിച്ചിരുന്നുള്ളൂ.

അത്രയ്ക്കങ്ങ് സമുദായ സംഘടനയെ അദ്ദേഹം സ്നേഹിച്ചിരുന്നു.എന്നും എസ് എൻ ഡി പി യോഗത്തെയും യോഗത്തിൻ്റെ ഔദ്യോഗിക നിലപാടുകളെയും കുറിച്ച് വ്യക്തിപരമായ വിയോജിപ്പുകളുണ്ടെങ്കിൽ പോലും പരസ്യമായി മറുത്ത് പറയാൻ എന്തെല്ലാം പ്രലോഭനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അദ്ദേഹം തെയ്യാറായിരുന്നിട്ടില്ല.

ഏത് രാഷ്ട്രീയ തമ്പുരാക്കൻമാരുടെ മുമ്പിലും നെഞ്ച് വിരിച്ച് ഞാൻ എസ്എൻഡിപി ക്കാരനാണെന്ന് പറയാനുള്ള ചങ്കൂറ്റവും ആർജ്ജവവുമുളള സമുദായ സ്നേഹിയും ഉത്തമ ഗുരുഭക്തനുമായിരുന്നു അദ്ദേഹം.

2008 ൽ ഞങ്ങൾ യൂണിയൻ്റെ നേതൃത്വത്തിൽ അത്താണിക്കൽ ഗുരുവരാ ശ്രമത്തിൽ സ്കൂൾ ഉണ്ടാക്കുവാൻ തീരുമാനിച്ച സമയത്ത് എല്ലാ പ്രോത്സാഹനങ്ങളും ആവേശവും തരിക മാത്രമല്ല സ്കൂൾ നിർമാണത്തിനാവശ്യമായ മുഴുവൻ മെറ്റലും സംഭാവനയായി സ്വമേധയാ നൽകി അദ്ദേഹം സഹായിക്കുകയുണ്ടായി.

കേവലം അറുപത് വയസ് മാത്രം പ്രായമുള്ള അദ്ദേഹത്തിൻ്റെ ഈ വിയോഗം ഈശ്വരൻ്റെ വിധി കൽപ്പിതം എന്ന് പറഞ്ഞ് ആശ്വസിക്കാനേ നമുക്ക് നിർവ്വാഹമുള്ളൂ. ദൈവേച്ഛക്കു മുന്നിൽ നമ്മളെല്ലാം വെറും തൃണ സമാനർ മാത്രം കോഴിക്കോട് യൂണിയനിലെ യോഗം പ്രവർത്തകരെ സംബന്ധിച്ചും എനിക്ക് വ്യക്തിപരമായും അദ്ദേഹത്തിൻ്റെ വിയോഗം താങ്ങാവുന്നതിനുമപ്പുറമാണ്. ഈ ചരമദിനത്തിൽ ആ ഓർമകൾക്ക് മുമ്പിൽ അശ്രു പുഷ്പങ്ങൾ സമർപ്പിക്കുന്നു.

Advertisment