Advertisment

ഇന്ധന സെസ്: മലബാർ ഡവലപ്മെൻ്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു

New Update

publive-image

Advertisment

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ ഇന്ധനങ്ങൾക്ക് സെസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ബജറ്റ് നിർദേശങ്ങളുടെ പേരിൽ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

ഇതേ തുടർന്ന് ജനം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും യാത്ര, കടത്തുകൂലി, അനുബന്ധ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ഉണ്ടാവുന്ന നിരക്ക്/വർധന ഒഴിവാക്കുന്നതിനും ഇടപെടൽ നടത്തണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ച വേളയിൽ പെട്രോൾ - ഡീസൽ സെസ്സ് ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും കത്തിൽ പങ്കുവെച്ചു.

പെട്രോൾ - ഡീസലിന്  ബഡ്ജറ്റിൽ നിർദ്ദേശിച്ച സെസ്സ് സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കും. നിലവിൽ പെട്രോൾ - ഡീസൽ വില കേരളത്തിൽ ഇതര സംസ്ഥാനങ്ങളെക്കാൾ കൂടുതലാണ്. സ്വകാര്യ-പൊതു വാഹനങ്ങളും അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി. ബസുകളും നിലവിൽ ഇന്ധനം നിറയ്ക്കാൻ കേന്ദ്ര ഭരണ പ്രദേശമായ മാഹിയേയും അയൽ സംസ്ഥാനങ്ങളേയും ആശ്രയിക്കുന്ന നിലയാണ്.

മാഹിയിൽ ഇതുമൂലം വലിയ ഗതാഗത കുരുക്ക് രൂപപ്പെടുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ ഇന്ധനത്തിന് വീണ്ടും സെസ്സ് ചുമത്തിയാൽ അതിന്റെ ഗുണം അയൽ സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും, ബജറ്റിൽ പ്രതീക്ഷിച്ച വരുമാനം  ലഭിക്കുമോയെന്ന ആശങ്കയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

കേരളത്തിലെ നാലു അന്തർദേശീയ വിമാനത്താവളങ്ങളിലും പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ മൂല്യവും ഭീമമായ പിഴയും, സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും കേന്ദ്രത്തിനാണ് ലഭിക്കുന്നതെന്നത് വസ്തുതയാണ്. കേരളത്തിൻ്റെ ആവശ്യങ്ങളോട് മുഖം തിരിച്ച നിലപാടാണ് കേന്ദ്ര ബഡ്ജറ്റിലൂടെ പ്രകടമായതെന്നും കാണാതിരിക്കാനാവില്ല.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ വിഭവ സമാഹരണത്തിന് അർഹമായതും അവകാശപ്പെട്ടതുമായ  വിഹിതം കേന്ദ്രസർക്കാരിൽ നിന്ന് നേടിയെടുക്കുന്നതിന് ഭരണ - പ്രതിപക്ഷ നിര ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും കത്തിലൂടെ മലബാർ ഡവലപ്മെൻ്റ് കൗൺസിൽ അഭ്യർത്ഥിച്ചു. ഊർജം പകരുന്ന ബജറ്റിലെ നിർദേശങ്ങൾ കൗൺസിൽ  സ്വാഗതം ചെയ്തു.

മലബാർ ഡവലപ്മെൻ്റ് കൗൺസിലിനു വേണ്ടി ഷെവലിയാർ സി.ഇ. ചാക്കുണ്ണിയാണ് തപാൽ വഴിയും ഇ-മെയിൽ വഴിയും ആരാധ്യരായ മുഖ്യമന്ത്രിക്കും, നിയമസഭ സ്പീക്കർക്കും, ധനമന്ത്രി കെ.എൻ. ബാലഗോപാലിനും മറ്റ് മന്ത്രിസഭാംഗങ്ങൾക്കും കത്തിൻ്റെ പകർപ്പ് അയച്ചു.

Advertisment