Advertisment

വിവാദ പ്രസ്താവനകളിറക്കാനുള്ള കത്തോലിക്കാ ബിഷപ്പുമാർക്കിടയിലെ മത്സരം സഭയ്ക്ക് തലവേദനയാകുന്നു ? ബിഷപ്പുമാരുടെ പ്രസ്താവനകളെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്നത് പതിവാകുന്നു. റബർ വില മുന്നൂറിനപ്പുറം കടക്കണമെന്ന് പറയുമ്പോഴും മാർ പാമ്പ്ലാനിയുടെ അസ്ഥാനത്തുള്ള 'റബർ - ബിജെപി' പ്രസ്താവനയിലും ഭിന്നത. നിലപാടുകളുള്ള വിശ്വാസികൾ പ്രസ്താവനകളുടെ പേരിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ! ബിഷപ്പുമാർക്കിടയിലും മുന്നിലെത്താൻ കിടമത്സരമോ ?

New Update

publive-image

Advertisment

കോഴിക്കോട് : രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ മത്സരിച്ചുള്ള നിലപാട് പ്രഖ്യാപനങ്ങളിൽ സഭാ വിശ്വാസികൾക്കിടയിൽ ഭിന്നത ശക്തമാകുന്നു.


ബിഷപ്പുമാരുടെ പ്രസ്താവനകളെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്നത് പതിവായി മാറുകയാണ്. സഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം ഭിന്നതയിലേയ്ക്ക് കാര്യങ്ങൾ കടക്കുന്ന വിധമാണ് സഭയിലെ സ്ഥിതി.


രാഷ്ട്രീയം, കാർഷികം, പട്ടയം, മദ്യനിരോധനം എന്നീ ജനകീയ വിഷയങ്ങളിൽ ബിഷപ്പുമാർ മത്സരിച്ചു പ്രസ്താവനകൾ നടത്തുന്നതും വിവാദ നായകരായി മാറുന്നതും സഭയിൽ കുറെ നാളുകളായി പതിവാണ്.

publive-image

ഇടുക്കിയിൽ കാർഷിക സമരത്തിൽ ആരംഭിച്ച മുൻ ബിഷപ്പിന്റെ നിലപാടുകൾ ഒടുവിൽ ഇലക്ഷൻ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ഒരു പടികൂടി കടന്നായിരുന്നു പാലാ ബിഷപ്പിന്റെ ലൗ ജിഹാദ് പ്രസ്താവന. അതുണ്ടാക്കിയ പ്രതിരണനങ്ങൾ ഇപ്പോഴും ഇരു സമുദായങ്ങൾക്കിടയിൽ പ്രതിഫലിക്കുന്നുമുണ്ട്.

റബറാണ് ആയുധം !

റബറിന് 300 രൂപ തറവില നല്‍കിയാല്‍ ബി.ജെ.പിക്ക് ഇവിടെ എം.പിമാരില്ലെന്ന വിഷമം മലയോരജനത മാറ്റിത്തരുമെന്ന തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയാണ് പുതിയതായി പ്രതിഷേധം വ്യാപകമാകാന്‍ കാരണം.

റബറിന് വിലയിടിവ് നേരിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും പരിഹാരം കാണാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.

അതിനാൽ തന്നെ വിഷയത്തിൽ കർഷകരായ വിശ്വാസി സമൂഹങ്ങളുടെ വ്യാപക പിന്തുണയാണ് ബിഷപ്പ് ലക്ഷ്യം വച്ചതും. തൊട്ടുപിന്നാലെ കാർഷിക വിഷയങ്ങളിൽ പ്രതികരിച്ചു വിവാദനായകനായി മാറുന്നത് പതിവാക്കിയ താമരശ്ശേരി ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനി മാർ പാമ്പ്ലാനിയുടെ പ്രസ്താവനയിൽ കയറി പിടിച്ചിട്ടുണ്ട്.


അത് സത്യത്തിൽ പാമ്പ്ലാനിക്കുള്ള പിന്തുണയാണെന്ന് തോന്നാമെങ്കിലും യാഥാർഥ്യം അങ്ങനല്ല, വിവാദം പാമ്പ്ലാനിയിൽ നിന്നും തൻ്റെ പക്കലേയ്ക്ക് ഏറ്റെടുക്കാനുള്ള താമരശേരി ബിഷപ്പിന്റെ തന്ത്രമായാണ് അത്  വ്യാഖ്യാനിക്കപ്പെടുന്നത്.


publive-image

അതായത് ബിജെപിക്കാരോ സിപിമ്മുകാരോ ഇതിന്റെ പേരിൽ സഭയെ അനുനയിപ്പിക്കാൻ പോകുന്നുണ്ടെങ്കിൽ അതിന് മാർ പാമ്പ്ലാനിയെ മാത്രം കണ്ടിട്ട് കാര്യമില്ല, മാർ റെമേജിയോസിന്റെ അരമനയിൽ കൂടി നേതാക്കൾ കയറിയിറങ്ങണം. അതാണ് ലക്ഷ്യം.

യഥാർത്ഥത്തിൽ സഭയുടെ പിന്തുണ ലഭിക്കണമെങ്കിൽ അതിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തീരുമാനിക്കണം. അദ്ദേഹം ഇത്തരം വിവരക്കേടുകൾ എഴുന്നള്ളിക്കുന്ന പ്രകൃതക്കാരനുമല്ല.

മാർ പാമ്പ്ലാനിയുടെ ലക്ഷ്യം  

റബര്‍ കര്‍ഷകര്‍ തകർന്ന സ്ഥിതിയിലാണ്. കൃഷി മടുത്ത് റബർ കർഷകർ  വ്യാപകമായി കൃഷി ഉപേക്ഷിക്കുന്ന പ്രവണത ശക്തമായിട്ടും സഭ അനങ്ങാതിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി ഇപ്പോള്‍ പൊടുന്നനെ പ്രതികരണവുമായി വന്നതിനെപ്പറ്റി പലതരത്തിലുളള ചര്‍ച്ചകളാണ് വിശ്വാസികള്‍ക്കിടയില്‍ നടക്കുന്നത്.

സഹായ മെത്രാന്‍ മാത്രമായിരുന്ന മാർ. ജോസഫ് പാംപ്‌ളാനി അടുത്തകാലത്താണ് ഇരട്ട സ്ഥാനക്കയറ്റം ലഭിച്ച് ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തെത്തിയത്.

പുതിയ സ്ഥാനലബ്ധിക്ക് ശേഷം പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന പാംപ്‌ളാനിയുടേത് പബ്‌ളിസിറ്റി ഭ്രമമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

publive-image


രൂപതയ്ക്ക് കീഴിലുളള വിശ്വാസികളെല്ലാം തങ്ങൾക്ക് കീഴിലുളള വോട്ടുബാങ്കാണെന്ന വിശ്വാസത്തില്‍ ബിഷപ്പുമാർ രാഷ്ട്രീയ പാര്‍ട്ടികളുമായി വിലപേശല്‍ നടത്തിയാൽ കാര്യങ്ങൾ എവിടെ പോയി നിൽക്കും എന്ന ആശങ്കയാണ് വൈദികർ പോലും പങ്കു വയ്ക്കുന്നത്.


തങ്ങളുടെ ആത്മീയ ഭരണത്തിന്‍ കീഴിലുളള രൂപതകളെ സ്വതന്ത്ര പരമാധികാര റിപ്പബ്‌ളിക് പോലെ കൊണ്ടുനടക്കുകയും അജഗണങ്ങളെല്ലാം സ്വന്തം കീശയിലാണെന്നുമുളള മട്ടില്‍ പ്രസ്താവനയും പ്രതികരണങ്ങളും നടത്തി  വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് അല്മായർക്കിടയിൽ മാത്രമല്ല വൈദികർക്കിടയിലും വിമർശനം ക്ഷണിച്ചു വരുത്തുന്നുണ്ട്.

ആരാണ് വലിയവൻ ?

സിറോ മലബാര്‍ സഭയിൽ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. കേസിന്റെ ഏതെങ്കിലും ഘട്ടത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവയ്ക്കാനുള്ള സാധ്യത മുൻകൂട്ടി കാണുന്നവരാണ് ബിഷപ്പുമാരിൽ പലരും.

publive-image


അങ്ങനൊരു സാഹചര്യം വന്നാൽ അത് കൈയ്യെത്തും ദൂരത്തിൽ നിർത്താനുള്ള എളുപ്പ മാർഗമാണ് ഇത്തരം വിവാദങ്ങൾ. മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പാംപ്ളാനി എന്നിങ്ങനെ പോകുന്നു അന്തരീക്ഷത്തിലുള്ള മേജർ ആർച്ച് ബിഷപ്പ് സാധ്യതാ പട്ടിക. അങ്ങനൊന്ന് നടക്കാൻ പോകുന്നില്ലെന്നത് മറ്റൊരു സത്യം.


അങ്ങനൊരു സാഹചര്യം വന്നാൽ വിവാദനായകരായി നിൽക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഇവരിൽ പലരും കരുതുന്നത്. സാധാരണ താമരശേരി ബിഷപ്പ് പറയാറുള്ള കാർഷിക വിഷയത്തിലാണ് ഇത്തവണ മാർ പാംപ്ളാനി കയറി പിടിച്ചത്. റബറിന്റെ വിലക്കുറവാണെങ്കിൽ കർഷക സമൂഹത്തിന്റെ പിന്തുണ ഉറപ്പാണ്.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലൗവ് ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവനയിലൂടെ വിവാദത്തിലായിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ഇതര സമുദായത്തിൽ നിന്നും ആസൂത്രിതശ്രമം നടക്കുന്നുവെന്ന കല്ലറങ്ങാട്ടിന്റെ പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പൊതു മണ്ഡലത്തില്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്.

പ്രസ്താവനയിൽ ചില ശരികളുണ്ടെങ്കിലും ഒരു പൊതുമണ്ഡലത്തിൽ അതവതരിപ്പിച്ച രീതിയും സമയവും സാഹചര്യവുമാണ് വിവാദമായത്. എല്ലാ ശരികളും എല്ലായിടത്തും വിളിച്ചുപറയാൻ കഴിയുന്നതല്ലെന്ന തിരിച്ചറിവുള്ളവരാണല്ലോ നല്ല നേതൃത്വം.


മാത്രമല്ല, കർശനമായ അച്ചടക്കത്തിൽ 12 വർഷം മതബോധനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പുതിയ തലമുറ ക്രിസ്ത്യൻ കുട്ടികൾ എന്തുകൊണ്ട് സഭാ വിമർശകരായി മാറുന്നുവെന്ന് പഠിക്കാൻ നേതൃത്വം തയ്യാറാകുന്നുമില്ല.


വേദപാഠ ക്ലാസുകളിലെ കർക്കശ രീതികൾ പലതും കുട്ടികളെ അധികാരികളോടുള്ള വിമർശകരാക്കി മാറ്റുന്നതാണ് പതിവ്. അവർ പിന്നീട് സഭയ്ക്ക് പുറത്തേയ്ക്കും ഭാവി കാണുന്ന വിധം ചിന്തിക്കുന്നു.

കുട്ടികളാണ് ശക്തി

അത് തടയുന്നതിന് കുട്ടികളെ ഹൃദയത്തോടും സഭയോടും ചേർത്ത് നിർത്താൻ വൈദികർക്കും ബിഷപ്പുമാർക്കും കഴിയണം. ഇപ്പോൾ സഭയിലുള്ള ബിഷപ്പുമാരിൽ ഭൂരിപക്ഷത്തിനും അല്മായരുമായി ആത്മബന്ധമോ അതിനു സമയമോ ഇല്ലെന്നതാണ് യാഥാർഥ്യം.  അവർ കൂടുതലും രാഷ്ട്രീയക്കാരെ കാണുന്നതിനോ സഭയുടെ ബിസിനസ് നടത്തുന്നതിലോ ഒക്കെയാണ് ശ്രദ്ധാലുക്കളാകുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളുടെ വോട്ട് ബിഷപ്പിന്റെ പോക്കറ്റിലാണെന്ന വിചാരത്തില്‍ രാഷ്ട്രീയക്കാർ അരമനകളിലെത്തുന്നത് പതിവാണ്. ആ വരവ് ഏറെ ആസ്വദിക്കുന്നവരാണ് ബിഷപ്പുമാർ മിക്കവരും.

 സൗമ്യനെങ്കിലും നിലപാട് കടുപ്പിച്ച് ?

പൊതു ശ്രദ്ധയാകര്‍ഷിക്കുന്ന പ്രസ്താവനകളിലൂടെ മേല്‍ക്കൈ നേടാന്‍ ബിഷപ്പുമാരുടെ മത്സരം മിതവാദികളായ മതമേലധ്യക്ഷന്മാരെ പോലും തീവ്രനിലപാട് പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളുമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

publive-image


കര്‍ഷക ജനതയെ കേട്ടില്ലെങ്കില്‍ സര്‍ക്കാരിനെ മര്യാദ പഠിപ്പിക്കുമെന്നായിരുന്നു മാർ ജോസഫ് പുളിക്കൻ അടുത്തിടെ മുണ്ടക്കയത്ത് ഇൻഫാമിന്റെ പരിപാടിയിൽ പ്രസംഗിച്ചത്. തീവ്ര നിലാപടെടുത്തില്ലെങ്കില്‍ സ്വീകാര്യത കുറയുമോയെന്ന അങ്കലാപ്പിലാണോ മാർ പുളിക്കനും പ്രസ്താവനാ മത്സരത്തില്‍ പങ്കുചേര്‍ന്നതെന്ന അടക്കം പറച്ചിൽ സഭയിലുണ്ട്.


മാറാനുള്ളത് മാറ്റങ്ങൾ തന്നെ

സഭയുടെ പ്രവര്‍ത്തനഘടനയിലെ പോരായ്മകളാണ് ബിഷപ്പുമാര്‍ ഇങ്ങനെ  മത്സരിച്ച് കളത്തിലിറങ്ങാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിഷപ്പുമാരെ നിയന്ത്രിക്കാൻ മേജർ ആർച്ച് ബിഷപ്പിന് പരിമിതികൾ ഉണ്ടെന്നത് പലരും മുതലെടുക്കുകയാണ്. ഒരേ രൂപതകളിൽ ഒരേ ബിഷപ്പുമാർ പതിറ്റാണ്ടുകൾ ഭരണം നടത്തുന്നതും ഇതിനു സാഹചര്യം ഒരുക്കുന്നു.

ഇതാണ് സ്വന്തം രൂപതകളെ സ്വതന്ത്ര പരമാധികാര റിപ്പബ്‌ളിക്കായോ സാമ്രാജ്യമായോ മാറ്റാന്‍ ബിഷപ്പുമാര്‍ക്ക് സഹായകമാകുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ബിഷപ്പുമാരുടെ രാജവാഴ്ചയും സഭയിലെ അധികാരസ്ഥാനം ലക്ഷ്യംവെച്ചുളള മത്സരബുദ്ധിയോടെയുളള പ്രസ്താവനകളും തുടരുക തന്നെ ചെയ്യും.

Advertisment