Advertisment

കല കുവൈറ്റ് മെഗാ സാംസ്കാരിക മേള 'അതിജീവനം' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നാല്പ്പത്തി മൂന്നാം പ്രവര്‍ത്തന വര്‍ഷത്തെ മെഗാ സാംസ്കാരിക മേളയായ 'അതിജീവന'ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 15, വെള്ളിയാഴ്ച വൈകിട്ട് 3:30 ന്‌ (ഇന്ത്യന്‍ സമയം 6 മണിക്ക്) ഓണ്‍‌ലൈനായി സംഘടിപ്പിക്കുന്ന പരിപാടി കല കുവൈറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും യുടൂബ് ചാനലിലൂടെയും തത്സമയം സം‌പ്രേക്ഷണം നടത്തും.

നാട്ടില്‍ നിന്നും പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളാണ്‌ സാംസ്കാരിക സമ്മേളനത്തിന്റെയും അതോടനുബന്ധിച്ചു നടക്കുന്ന സംഗീത സന്ധ്യയുടേയും ഭാഗമായി സ്റ്റേജിലെത്തുക. ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍‌വ്വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജും, വിശിഷ്ടാതിഥിയായി പ്രമുഖ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനും പങ്കുചേരും. പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഗാനസന്ധ്യയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ മൃദുല വാര്യര്‍, കെ.കെ. നിഷാദ്, സംഗീത്, ഷബീര്‍ അലി, കൂടാതെ പ്രശസ്ത കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യരും പങ്കെടുക്കും.

ലോകമെമ്പാടുമുള്ള മുഴുവന്‍ മലയാളി സുഹൃത്തുക്കളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ്, അതിജീവനം ജനറല്‍ കണ്‍‌വീനര്‍ സജി തോമസ് മാത്യു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisment