Advertisment

മലപ്പുറം കാടാമ്പുഴയിൽ ഗർഭിണിയേയും മകനെയും കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ; കൊലപാതകം അവിഹിതത്തെ തുടർന്നുള്ള മാനഹാനി ഭയന്ന്; ശിക്ഷ ഇന്ന്

New Update

publive-image

Advertisment

മലപ്പുറം: കാടാമ്പുഴ തുവ്വപ്പാറയിൽ പൂർണഗർഭിണിയെയും ഏഴു വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി കോടതി ഇന്ന് ശിക്ഷ വിധിക്കും. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കൽ ഉമ്മുസൽമ (28), ഏക മകൻ മുഹമ്മദ് ദിൽഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ വെട്ടിച്ചിറ കരിപ്പോൾ സ്വദേശി ചാലിയത്തൊടി ശരീഫ്(38) ആണ് അതിക്രൂര കൊലപാതകം നടത്തിയത്.

പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതിരുന്നു. ദിവസങ്ങൾക്ക് ശേഷംപഴക്കം ചെന്ന മൃതദേഹങ്ങൾ കിടപ്പുമുറിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സാഹചര്യ തെളിവുകളും സൈബർ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. ഐപിസി 302, 316, 449 എന്നീ വകുപ്പുകൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകൾ പ്രകാരം ഉള്ള എല്ലാ കുറ്റങ്ങളും തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചു. സാഹചര്യത്തെളിവുകളുടെ പിൻബലത്തോടൊപ്പം സൈബർ തെളിവുകളും ഹാജറാക്കാൻ സാധിച്ചെന്നും അത് കോടതി അംഗീകരിച്ചെന്ന് പബ്ലിക്ക് പ്രൊസിക്യൂട്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിർമാണ ജോലികൾ കോൺട്രാക്ട് എടുത്ത് ചെയ്തിരുന്ന പ്രതി മറ്റുള്ളവരുടെ ഫോണിൽ നിന്ന് ആയിരുന്നു ഉമ്മുസൽമയെ വിളിച്ചിരുന്നത്. കോൺട്രാക്ടർ ആയ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസൽമയുമായി അടുപ്പത്തിലാവുന്നത്. ഉമ്മുസൽമ ഗർഭിണിയാവുകയും പ്രസവശേഷം ശരീഫിനൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു.

എന്നാൽ, ഭാര്യയും മക്കളുമുള്ള ശരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാനാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് കേസ്. കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന മാനഹാനി കാരണം ആണ് കൃത്യം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി. ആദ്യം ഉമ്മുസൽമയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

ഇത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ദിൽഷാദിനെയും ഇതേ രീതിയിൽ കൊലപ്പെടുത്തി. തുടർന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻവേണ്ടി ഇരുവരുടെയും കൈഞരമ്പുകൾ മുറിക്കുകയും വീട്ടിന്റെ വാതിലുകൾ പൂട്ടി ചാവി വലിച്ചെറിയുകയുമായിരുന്നു. ഉമ്മുസൽമയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിന്നീട് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

NEWS
Advertisment