Advertisment

മലപ്പുറം പെരിന്തൽമണ്ണയിൾ വാഹനാപകടം: സ്‌കൂട്ടർ മറിഞ്ഞ്‌ രണ്ട് വിദ്യാർത്ഥികൾക്ക് ദാരൂണാന്ത്യം

New Update

publive-image

Advertisment

മലപ്പുറം: അമ്മിനിക്കാട്‌ കൊടികുത്തിമലയിറങ്ങുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർത്ഥികൾ മരിച്ചു. ഞായറാഴ്‌ച പകൽ മൂന്നരയോടെ കൊടികുത്തിമലയിറങ്ങുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണംവിട്ട്‌ മറിഞ്ഞത്. സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗവും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗവുമായ പെരിന്തൽമണ്ണ കെഎസ്ആർടിസിക്കുസമീപം "തണൽ' വീട്ടിൽ വി രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ മുട്ടുങ്ങൽ കാവുങ്ങൽ വീട്ടിൽ പരേതനായ മണികണ്ഠന്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.

പെരിന്തൽമണ്ണ വള്ളൂരാൻ റഷീദിന്റെ മകൻ നിയാസ് (19) മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. കൊടികുത്തിമലയുടെ ബേസ് സ്റ്റേഷനുതാഴെ ജനവാസമേഖല തുടങ്ങുന്നിടത്തായിരുന്നു അപകടം. സ്‌കൂട്ടർ റോഡിൽനിന്ന് ഒന്നര മീറ്ററോളം താഴ്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. തെറിച്ചുപോയ സ്‌കൂട്ടർ മുന്നോട്ടുനീങ്ങി ചെറുറോഡും കടന്നു. ഇറക്കം അവസാനിക്കുന്നിടത്ത് റോഡിന് വളവുണ്ട്. മുമ്പും ഇവിടെ അപകടങ്ങളുണ്ടായതായി നാട്ടുകാർ പറഞ്ഞു.

പെരിന്തൽമണ്ണയിൽ തൊഴിൽമേളയിൽ പങ്കെടുത്ത്‌ കൊടികുത്തിമലയിൽ പോയി വരുമ്പോഴായിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ഇവരെ ആശുപത്രികളിലെത്തിച്ചു. പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അക്ഷയ് മരിച്ചു. മൗലാന ആശുപത്രിയിലെത്തിച്ചയുടൻ ശ്രേയസും മരിച്ചു.തൃശൂർ സെന്റ് അലോഷ്യസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അക്ഷയ്. അമ്മ: ബിന്ദു (അധ്യാപിക, പെരിന്തൽമണ്ണ പഞ്ചമ സ്‌കൂൾ). സഹോദരൻ: അഭയ് (വിദ്യാർഥി, ഡൽഹി). ശ്രേയസ് മഅദിൻ അക്കാദമിയിൽനിന്ന്‌ സിവിൽ എൻജിനിയറിങ് പൂർത്തിയാക്കിയിട്ടുണ്ട്‌. അമ്മ: ബിന്ദു. സഹോദരങ്ങൾ: ശിശിര, സ്വാദിഷ്.

അക്ഷയും ശ്രേയസും വിദ്യാർഥി സംഘടനാരംഗത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നവരും കളിക്കൂട്ടുകാരുമായിരുന്നു. എസ്എഫ്ഐ മുൻ ഏരിയാ കമ്മിറ്റി അംഗമാണ് അക്ഷയ്. എസ്എഫ്ഐ പെരിന്തൽമണ്ണ നോർത്ത് ലോക്കൽ ജോയിന്റ്‌ സെക്രട്ടറിയാണ് ശ്രേയസ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിയാസ് എസ്എഫ്ഐ നോർത്ത് ലോക്കൽ സെക്രട്ടറിയാണ്. മൂന്നുപേരും പെരിന്തൽമണ്ണ ഗവ. ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥികൾ.

Advertisment