Advertisment

'പർവതാരോഹണത്തിൽ പേരുകേട്ട ഇരട്ടകൾ.. എവറസ്റ്റ് ട്വിൻസ് എന്ന് അപരനാമം.. ടാഷി മാലികും നുങ്ഷി മാലികും..’; ഇത്തവണ കീഴടക്കിയത് സ്വിസ് പർവതങ്ങൾ

New Update

publive-image

Advertisment

മുംബൈ: പർവതാരോഹണത്തിൽ പേരുകേട്ട ഇരട്ടകൾ.. എവറസ്റ്റ് ട്വിൻസ് എന്ന് അപരനാമം.. ടാഷി മാലികും നുങ്ഷി മാലികും.. ഇന്ത്യയുടെ അഭിമാനമായ ഇരട്ടപെൺകുട്ടികൾ വീണ്ടും രാജ്യത്തിന്റെ യശസുയർത്തിയിരിക്കുകയാണ്.. സ്വിറ്റ്‌സർലാൻഡിലെ പർവതനിരകൾ കീഴടക്കിയാണ് ഇത്തവണ ടാഷിയും നുങ്ഷിയും വാർത്തകളിൽ ഇടം നേടുന്നത്.

സ്വിറ്റ്‌സർലാൻഡിൽ നടക്കുന്ന 100% വിമൻ പീക്ക് ചലഞ്ചിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുവരും 13,000 അടി ഉയരം താണ്ടി ബ്രെയ്‌തോൺ, അല്ലാലിൻഹോൺ പർവതങ്ങൾ കീഴടക്കി. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചലഞ്ചിലാണ് ഇരുവരും പങ്കെടുത്തത്.

സ്ത്രീകൾക്കായി സ്വിറ്റ്‌സർലാൻഡ് സംഘടിപ്പിച്ച ചലഞ്ചിന്റെ ഭാഗമാകാൻ തങ്ങളെ ക്ഷണിച്ചതിൽ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് പർവതാരോഹണത്തിന് ശേഷം നുങ്ഷി പ്രതികരിച്ചത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സ്വിറ്റ്‌സർലാൻഡ് മലനിരകൾ എന്നും തങ്ങളുടെ സ്വപ്‌നമായിരുന്നു.

കുട്ടിക്കാലം മുതലേ ഒരുപാട് കേട്ടിട്ടുണ്ട്. ഒടുവിൽ ഇരുപർവതങ്ങളുടെയും കൊടുമുടിയിലെത്തി.. രണ്ട് പർവതങ്ങളും ഒട്ടും നിരാശപ്പെടുത്തിയില്ലെന്നും നുങ്ഷി പറഞ്ഞു. അല്ലാലിൻഹോൺ പർവതത്തിന് മുകളിൽ വളരെ പ്രയാസം നൽകിയ കാലാവസ്ഥയായിരുന്നു. താപനില -5ന് താഴെ വരെയെത്തി. ബ്രെയ്‌തോണിനേക്കാൾ കടുപ്പമായിരുന്നുവെന്നും നുങ്ഷി കൂട്ടിച്ചേർത്തു.

ഹിമാലയൻ മലനിരകളിൽ നിന്നും നേരിട്ട അനുഭവങ്ങളേക്കാൾ ഏറെ വ്യത്യസ്തമായിരുന്നു സ്വിസ്-പർവതങ്ങളിലുണ്ടായതെന്നാണ് ടാഷി അഭിപ്രായപ്പെട്ടത്. പർവതത്തിന് മുകളിൽ നിന്നുള്ള കാഴ്ച തങ്ങളുടെ ശ്വാസത്തെ പോലും പിടിച്ചുനിർത്തുന്നതായിരുന്നു. ബ്രെയ്‌തോണിലേക്കുള്ള പർവതാരോഹണമായിരുന്നു താരതമ്യേന എളുപ്പം.

കൂടുതൽ സ്ത്രീകളെ ഈ ദൗത്യത്തിനായി പ്രചോദിപ്പിക്കുമെന്നും പർവതാരോഹണത്തിലേക്ക് ഇനിയും കൂടുതൽ വനിതകൾ കടന്നുവരണമെന്നും ടാഷി പറഞ്ഞു. 400ലധികം സ്ത്രീകളാണ് സ്വിറ്റ്‌സർലാൻഡ് സംഘടിപ്പിച്ച പർവതാരോഹണ പരിപാടിയിൽ പങ്കെടുത്തത്. 4,000 മീറ്ററിൽ കൂടുതൽ പർവതാരോഹണം നടത്താത്ത സ്ത്രീകൾ പോലും ചലഞ്ചിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഇരട്ട പർവതാരോഹകർ നിരവധി വനിതകൾക്ക് പ്രചോദനമാണ്. വീട്ടുവാതിൽക്കൽ നിന്നും പുറത്തുവന്ന് വലിയ ഉയരങ്ങൾ കീഴടക്കാൻ ഒരുപാട് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകും. ലോകത്തിലായാലും ജീവിതത്തിലായാലും സ്ത്രീകൾക്ക് കീഴടക്കാൻ കഴിയാത്ത ഒരു പർവതവും നിലനിൽക്കുന്നില്ലെന്നും സ്വിറ്റ്‌സർലാൻഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റിതു ശർമ വ്യക്തമാക്കി.

NEWS
Advertisment