Advertisment

ബലാത്സംഘ കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ചോദിച്ചു വാങ്ങിയതുതന്നെ ! രാജി വച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് പറഞ്ഞതോടെ അനുസരണയോടെ രാജി കൈമാറി. തിരിച്ചടിയായത് വിശ്വാസ തിരുസംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ! കോടതി നൽകിയ കുറ്റവിമുക്ത ഉത്തരവ് തള്ളി അന്വേഷണ സംഘം. ഒരു കാലത്ത് ഇന്ത്യയിലെ കരുത്തനായിരുന്ന ബിഷപ്പിന് ഇനി വെറും പദവി മാത്രം ! കോടതി കനിഞ്ഞിട്ടും ബിഷപ്പ് ഫ്രാങ്കോയ്ക്ക് പണി കിട്ടിയതിങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി: ജലന്തർ രൂപതാധ്യക്ഷ സ്ഥാനത്തു നിന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ചോദിച്ചു വാങ്ങിയത്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വിശ്വാസ തിരുസംഘം നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വത്തിക്കാൻ ബിഷപ്പിനോട് രാജി ചോദിച്ചു വാങ്ങിയത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടിരുന്നു. പിന്നാലെ ജലന്തർ രൂപതയിൽ ബിഷപ്പ് തന്റെ അധികാരം തിരികെ കിട്ടാൻ സഭയെ സമീപിച്ചിരുന്നു.

എന്നാൽ വിശ്വാസ തിരുസംഘത്തിന്റെ അന്വേഷണം പൂർത്തിയാക്കാതെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രൂപതയുടെ ചുമതല നൽകേണ്ടന്ന് തീരുമാനമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് റോമിലെ വിശ്വാസ തിരുസംഘം ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ അന്തിമ റിപ്പോർട്ട് നൽകിയത്.

കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയെങ്കിലും ബിഷപ്പിനെതിരെ ഉയർന്ന ആരോപണം സഭയെ നാണക്കേടിലാക്കിയെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് പദവിയിൽ തുടരുന്നത് ഉചിതമല്ലെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ബിഷപ്പ് ഫ്രാങ്കോയോട് രാജി വയ്ക്കാൻ വത്തിക്കാൻ നിർദേശിച്ചത്.

ബിഷപ്പ് പദവിയിൽ നിന്നും രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഇതോടെ രാജികത്ത് മാർപ്പാപ്പയ്ക്ക് നൽകാൻ ഫ്രാങ്കോ നിർബന്ധിതനായി. രാജി വത്തിക്കാൻ അംഗീകരിച്ചതോടെ മുൻ ബിഷപ്പ്‌ മാത്രമായി ബിഷപ്പ് ഫ്രാങ്കോ മാറി.

ഏതെങ്കിലും ചുമതലകളിലോ സഭയുടെ നയ രൂപീകരണ സമിതികളിലോ ബിഷപ്പ് ഫ്രാങ്കോയെ ഇനി നിയമിക്കില്ല. ഇന്ത്യയിലെ ലത്തീൻ രൂപത മെത്രാൻമാരുടെ സമിതിയിൽ അംഗത്വം ഉണ്ടാകുമെങ്കിലും ഏതെങ്കിലും തരത്തിലുള്ള വോട്ടവകാശം ഫ്രാങ്കോയ്ക്ക് കിട്ടില്ല.

Advertisment