Advertisment

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരെയും 'അണ്‍വാക്‌സിനേറ്റഡ്' ആയി കണക്കാക്കുമെന്ന് യുകെ; രൂക്ഷവിമര്‍ശനവുമായി ശശി തരൂരും, ജയ്‌റാം രമേശും

New Update

publive-image

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽനിന്നു വാക്‌സിനെടുത്തവരെ ‘വാക്സിനേഷൻ ചെയ്യാത്തവരായി (അൺവാക്സിനേറ്റഡ്)’ കണക്കാക്കുമെന്ന യുകെയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. അൺവാക്സിനേറ്റഡ് ആളുകൾ 10 ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. ഒക്ടോബർ നാലു മുതൽ ‘ആംബർ ലിസ്റ്റ്’ പിൻവലിക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമങ്ങൾ യുകെ പ്രഖ്യാപിച്ചത്. ഇന്ത്യ ഇപ്പോഴും ആംബർ ലിസ്റ്റിലാണ്, ‘ഗ്രീൻ ലിസ്റ്റി’ലേക്കു മാറിയിട്ടില്ല.

യുകെയുടെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും, ജയ്‌റാം രമേശും രംഗത്തെത്തി. ''ഇക്കാരണത്താൽ, കേംബ്രിഡ്ജ് യൂണിയനിലെ ഒരു സംവാദത്തിൽ നിന്നും എന്റെ ദ് ബാറ്റിൽ ഓഫ് ബിലോങിങ്’ എന്ന പുസ്തകത്തിന്റെ യുകെ എഡിഷന്റെ ലോഞ്ച് ഇവന്റുകളിൽ നിന്നും ഞാൻ പിന്മാറി. പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത ഇന്ത്യക്കാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുന്നത് നിന്ദ്യമാണ്'', തരൂര്‍ പ്രതികരിച്ചു.

‘'കോവിഷീൽഡ് വാക്സീൻ യുകെയിലാണു വികസിപ്പിച്ചത്. കൂടാതെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആ രാജ്യത്തിനും വിതരണം ചെയ്തു! ഇപ്പോഴുണ്ടായതു വംശീയമായ ആക്രമണമാണ്’'– ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യക്ക് പുറമേ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍, യു.എ.ഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നിയമം ബാധകമാണ്. ഇവര്‍ക്ക് പത്ത് ദിവസത്തെ നിരീക്ഷണവും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണം എന്നീ നിബന്ധനകളാണ് ഏര്‍പ്പെടുത്തുക.

Advertisment