Advertisment

അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് കനയ്യ; ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ കനയ്യ കുമാറിനും, ജിഗ്നേഷ് മേവാനിക്കും ഒപ്പം പ്രവര്‍ത്തിക്കും-കെ.സി. വേണുഗോപാല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് കനയ്യ കുമാറെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. ഒരു വിദ്യാർത്ഥി നേതാവെന്ന നിലയിൽ അദ്ദേഹം വര്‍ഗീയവാദത്തിനെതിരെ പോരാടി. രാജ്യം നയിക്കുന്ന ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ ഈ യുവ നേതാക്കളായ കുമാറിനും മേവാനിക്കും ഒപ്പം പ്രവർത്തിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം നിറയ്ക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം ഭഗത്‍‌സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് കനയ്യയും, മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്നു നേതാക്കളും ഏതാനും പ്രവർത്തകരും മഞ്ഞ തലേക്കെട്ടുമായാണു ചടങ്ങിനെത്തിയത്.

ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരുനേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭഗത് സിങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28ന് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് കനയ സിപിഐ വിട്ടത്. കനയ്യയോടു സിപിഐയിൽ ഒരു വിഭാഗത്തിനു വലിയ താൽപര്യമില്ലായിരുന്നു എന്നു റിപ്പോർട്ടുണ്ട്. ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനയ്യകുമാറിന്റെ വരവ് ബീഹാറില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Advertisment