Advertisment

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തും, ലഗേജ് സംബന്ധമായ ക്രമക്കേടുകൾ കാണിച്ചും, മാസ്‌ക് ശരിയായി ധരിക്കാതെയും യാത്രക്കാർ; റെയിൽവേക്ക് ലഭിച്ചത് 35 കോടി രൂപ

New Update

publive-image

Advertisment

ഡൽഹി: വിവിധ കാര്യങ്ങൾക്കായി യാത്രക്കാരിൽ നിന്നും 35.47 കോടി രൂപ പിഴയൊടുക്കിയതായി ഇന്ത്യൻ റെയിൽവേ. ഇക്കൊല്ലം ഏപ്രിൽ മുതൽ ഒക്ടോബർ 12 വരെയുള്ള കണക്കാണിത്. പിഴത്തുകയിൽ 1.63 കോടി രൂപയും മാസ്‌ക് ധരിക്കാത്ത കുറ്റത്തിന് യാത്രക്കാരിൽ നിന്നും ഒടുക്കിയ തുകയാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനും ലഗേജ് സംബന്ധമായ ക്രമക്കേടുകൾക്കും മാസ്‌ക് ശരിയായി ധരിക്കാത്തതിനും എല്ലാമായി 7.12 ലക്ഷത്തോളം കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് റെയിൽവേയുടെ കണക്ക്. ദക്ഷിണ റെയിൽവേ വിഭാഗത്തിൽ ഏറ്റവുമധികം പിഴത്തുക പിരിച്ചെടുത്തത് ചെന്നൈ ഡിവിഷനിൽ നിന്നാണ്. 12.78 കോടി രൂപ വരുമിത്.

തിരുവനന്തപുരം ഡിവിഷനും പിഴയീടാക്കിയതിൽ മുന്നിലാണ്. ചെന്നൈയ്‌ക്ക് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ഡിവിഷന്റെ സ്ഥാനം. 6.05 കോടി രൂപ പിഴയീടാക്കി. ചൊവ്വാഴ്ച മാത്രം 37 ലക്ഷം രൂപയാണ് ദക്ഷിണ റെയിൽവേ പിഴയായി വാങ്ങിയത്. മാസ്‌ക് ധരിക്കാത്തതിന് 32,624 യാത്രക്കാരിൽ നിന്ന് പിഴയൊടുക്കി.

ട്രെയിൻ യാത്രക്കിടയിലോ സ്‌റ്റേഷനിലോ ആളുകൾ മാസ്‌ക് ധരിക്കാതെ കണ്ടാൽ 500 രൂപയാണ് പിഴ. റിസർവ് ചെയ്ത കോച്ചുകളിൽ ടിക്കറ്റെടുക്കാതെ കയറുകയും പിഴയോട് കൂടെ ടിക്കറ്റ് നിരക്ക് നൽകാൻ തൽക്ഷണം തയ്യാറാകുന്നതുമാണ് യാത്രക്കാരിൽ കണ്ട മറ്റൊരു പ്രവണതയായി റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്.

NEWS
Advertisment