Advertisment

കൊവാക്‌സിന്റെ അടിയന്തിര ഉപയോഗം: അനുമതി ഉടൻ ലഭിച്ചേക്കും, ഡബ്ല്യൂഎച്ച്ഒ യോഗം 26ന്

New Update

publive-image

Advertisment

ഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്.

ഇക്കാര്യം ചർച്ച ചെയ്യാൻ ഈ മാസം 26ന് യോഗം ചേരും. ഡബ്ല്യൂഎച്ച്ഒയുടെ ആവശ്യപ്രകാരം കൊവാക്‌സിനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പാനലിന് മുന്നിൽ സമർപ്പിച്ചിരുന്നു. കൊവാക്‌സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ സമഗ്രമായി വിലയിരുത്തിയാകും അനുമതി നൽകുന്നത്.

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്ധ സമിതിക്കു സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കൊവാക്‌സിന്റെ ഫലപ്രാപ്തി. കൊവാക്‌സിൻ വളരെ മികച്ചതാണെന്ന് ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മരിയൻഗെല സിമാവോ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കൊവാക്‌സിനെ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെർട്ട് ഇമ്മ്യുണൈസേഷൻ’ അംഗീകരിക്കുന്ന വാക്‌സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി അനുമതി നൽകുന്നത്.

നിലവിൽ ആറ് പ്രതിരോധ വാക്‌സിനുകൾക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഫൈസർ ബയോ എൻ ടെക്, ജോൺസൺ ആന്റ് ജോൺസൺ, ഓക്‌സ്‌ഫോർഡ് അസ്ട്രസെനക വാക്‌സിൻ, സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, മൊഡേണ ജബ്, സിനോഫാം സിനോവാക് വാക്‌സിൻ എന്നിവയാണവ. നിരവധി പരിശോധനകൾക്കൊടുവിലാണ് വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നത്.

NEWS
Advertisment