Advertisment

ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്; ഈ അവസരത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളെ ഓര്‍ക്കാം; ഇന്ത്യയുടെ ജനാധിപത്യം ലോകം മുഴുവന്‍ അഭിനന്ദിക്കുന്നത്: റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി

New Update

publive-image

Advertisment

ന്യൂഡൽഹി: നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വവും ഊർജ്വസ്വലതയും ലോകം മുഴുവനും അഭിനന്ദിക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളെ ഓര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്കെതിരെ രാജ്യം ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായതു വലിയ നേട്ടമാണ്. സാമൂഹിക അകലം കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. നമ്മൾ പരസ്പരം എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാനായി.

രണ്ട് വര്‍ഷത്തിലേറെയായി മനുഷ്യരാശി കൊറോണ വൈറസുമായി പോരാടുകയാണ്. ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തില്‍ ലോക സമ്പദ്​വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിട്ടത്. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ വർഷം ഒളിംപിക്സിൽ അഭിമാനകരമായ നേട്ടം കൊയ്യാനായി. ദശലക്ഷക്കണക്കിനാളുകൾക്ക് ഇത് പ്രചോദനമാണ്. കഴിഞ്ഞ മാസം ധീരനായ സൈനികൻ ജനറൽ ബിപിൻ റാവത്തിനേയും ഭാര്യയേയും മറ്റു ധീര സൈനികരേയും നമുക്ക് നഷ്ടമായി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനം രണ്ട് ദിവസം മുമ്പാണ് നമ്മള്‍ ആചരിച്ചത്. സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇന്ത്യയുടെ അഭിമാനമുയര്‍ത്താനുള്ള അഭിലാഷവും നമുക്ക് പ്രചോദനം നല്‍കുന്നതാണ്. എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisment