മുംബൈ: മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഭാജിരാജെ ഛത്രപതിയെയോ ശിവസേന തിരഞ്ഞെടുക്കുന്ന മറ്റേതെങ്കിലും സ്ഥാനാർത്ഥിയെയോ പിന്തുണയ്ക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ. ശനിയാഴ്ച പൂനെയിൽ ചില ബ്രാഹ്മണ സമുദായ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ.
മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങളായ പിയൂഷ് ഗോയൽ, വിനയ് സഹസ്‌ത്രബുദ്ധെ, വികാസ് മഹാത്മെ (മൂവരും ബിജെപി), പി ചിദംബരം (കോൺഗ്രസ്), പ്രഫുൽ പട്ടേൽ (എൻസിപി), സഞ്ജയ് റാവത്ത് (ശിവസേന) എന്നിവരുടെ കാലാവധി ജൂലൈ നാലിന് അവസാനിക്കും.
ജൂൺ 10-നാണ് തിരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് രണ്ട് രാജ്യസഭാ സീറ്റുകൾ എം.എൽ.എ.മാരുടെ എണ്ണത്തിൽ വിജയിക്കാനാകും, അതേസമയം മഹാരാഷ്ട്രയിലെ ഭരണ സഖ്യകക്ഷികളായ ശിവസേന, കോൺഗ്രസ്, എൻ.സി.പി എന്നിവർക്ക് ഓരോ സീറ്റ് വീതം നേടാനാകും. അതിനാൽ ആറാം സീറ്റിലേക്കായിരിക്കും മത്സരം.
കോലാപ്പൂർ രാജകുടുംബാംഗവും ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയുമായ സംഭാജിരാജെ നേരത്തെ പാർലമെന്റിന്റെ ഉപരിസഭയിലെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അടുത്തിടെ പ്രഖ്യാപിക്കുകയും എല്ലാ പാർട്ടികളോടും തന്നെ പിന്തുണയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.