/sathyam/media/post_attachments/0fI8PuIufevy6uK7DZ8a.jpg)
കാശ്മീരിൽ ടാർജറ്റ് കില്ലിംഗ് തുടർക്കഥയാകുന്നു ! കാശ്മീരിൽ സ്ഥിതി നിയന്ത്രണത്തിലെന്ന് കേന്ദ്രസർക്കാർ സ്ഥിരപല്ലവി തുടരുമ്പോഴും അരുംകൊലകൾ അവിടെ അനസ്യൂതം തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ കുൽഗാമിലുള്ള ഗോപാൽപുര ഹൈസ്‌കൂൾ അദ്ധ്യാപിക രജനി ബാല എന്ന 36 കാരിയാണ് ഏറ്റവുമൊടുവിലായി ഭീകരരുടെ ടാർജറ്റ് കില്ലിംഗിനു വിധേയയായ ഹതഭാഗ്യ.
രാവിലെ 10 മണിയോടെ സ്‌കൂളിലെത്തിയ ഭീകരർ അദ്ധ്യാപികയോട് പേര് ചോദിക്കുകയും രജനി ബാല എന്നവർ പറഞ്ഞയുടൻ തൊട്ടടുത്തുനിന്നുകൊണ്ട് AK 47 ൽ നിന്നും ആവർക്കുനേരെ വെടിയുതിർക്കുകയുമായിരുന്നു.
/sathyam/media/post_attachments/qFifJAOFkDzVDECTCln0.jpg)
കൃത്യം നടത്തിയശേഷം ഭീകരൻ കടന്നുകളഞ്ഞു. രജനിബാലയെ ആശുപത്രിയിലെത്തിച്ചെങ്കി ലും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ കൊലപാതകം നേരിട്ട് കണ്ട ചില കുട്ടികൾ ബോധരഹിതരായി നിലം പതിച്ചു.
കഴിഞ്ഞ 5 വർഷമായി രജനി ഈ സ്‌കൂളിൽ അദ്ധ്യാപികയാണ്. ജമ്മുവിലെ സാംബാ നിവാസിയായ അവർക്ക് 9 വയസ്സുള്ള ഒരു മകളുണ്ട്. ഭർത്താവ് രാജ്‌കുമാറും കുൽഗാമിൽ ഒരു പ്രൈവറ്റ് സ്‌കൂളിൽ അദ്ധ്യാപകനാണ്. കാശ്മീരിൽ നിന്നും 1990 കളിൽ പലായനം ചെയ്ത കുടുംബത്തിലെ അംഗമാണ് രജനി ബാല.
/sathyam/media/post_attachments/RKghhfPIZNvwmPWI0i9i.jpg)
പാക്കിസ്ഥാൻ പിന്തുണയുള്ള ലഷ്‌ക്കർ എ തൊയ്ബയുമായി ബന്ധപ്പെട്ട The Resistance Front ( TRF) എന്ന ഭീകര സംഘടനയാണ് കാശ്മീരിൽ മതന്യൂനപക്ഷങ്ങളെയും ഇതരസംസ്ഥാനക്കാരെയും പോലീസിനെയും ടാർജറ്റ് ചെയ്തുകൊണ്ടുള്ള കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്ന് കശ്മീർ പോലീസ് പറയുന്നു.
2019 മുതൽ ഇതുവരെ 16 കാശ്മീരി പണ്ഡിറ്റുകളെയും ഹിന്ദു - സിഖ് മതസ്ഥരെയും ഭീകരർ ടാർജറ്റ് ചെയ്തു കൊലപ്പെടുത്തിയിട്ടുണ്ട്. മെയ് 12 ന് തഹസീൽദാർ ഓഫീസിൽ ജോലിചെയ്തിരുന്ന കാശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ പേര് ചോദിച്ചു കൊലപ്പെടുത്തിയശേഷം കഴിഞ്ഞ 18 ദിവസമായി കശ്മീരിലെ പണ്ഡിറ്റുകൾ നിരന്തര പ്രക്ഷോഭത്തിലാണ്.
പലരും പരസ്യമായി തങ്ങളുടെ തല മുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. തങ്ങൾക്ക് വേണ്ടപ്പെട്ടവർ മരിച്ചാൽ പുരുഷന്മാർ മരണവീട്ടിൽ വന്ന് തലമുണ്ഡനം ചെയ്യുന്ന രീതി ഉത്തരേന്ത്യൻ ബ്രാഹ്മണർക്കുണ്ട്.
/sathyam/media/post_attachments/3hBWsCN69KHc8aVTPNcY.jpg)
കാശ്മീരിൽ 30 കൊല്ലം കഴിഞ്ഞിട്ടും ഭീകരർ നടത്തുന്ന ടാർജറ്റ് കില്ലിംഗ് അവസാനിപ്പിക്കാനും തങ്ങളുടെ ജീവനു സുരക്ഷ ഉറപ്പുവരുത്താനും കഴിയാത്ത സർക്കാർ തങ്ങൾക്ക് ജമ്മുവിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിതമായ താമസവും ജോലിയും നൽകണമെന്നാണ് പണ്ഡിറ്റുകളുടെ ആവശ്യം.
കാശ്മീരിൽ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി റോജ് ഗാർ യോജന പ്രകാരം അവരുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് കശ്മീരിലെ വിവിധ സർക്കാർ സർവീസുകളിൽ ജോലി നല്കപ്പെട്ടിരുന്നു. ഇവർക്കുള്ള ശമ്പളം മാസാമാസം കേന്ദ്ര ആഭ്യന്തരവകുപ്പാണ് നൽകിവരുന്നത്.
/sathyam/media/post_attachments/clhhBRy2EwHR5jnSKRUD.jpg)
പ്രധാനമന്ത്രി പാക്കേജ് പ്രകാരം കാശ്മീരിൽ ഇപ്പോൾ 5000 ത്തിലധികം പണ്ഡിറ്റുകളും ഹിന്ദുക്കളും ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം സർക്കാർ സംരക്ഷണയിലാണ് കഴിയുന്നത്.
ഇവർക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന വീടുകളിലും ഫ്ളാറ്റുകളിലും സ്ഥലസൗകര്യങ്ങളുടെ അപര്യാപ്തത ഏറെയുണ്ട്. ഒരു ഫ്ലാറ്റിൽ മൂന്നു കുടുംബങ്ങൾ വരെ താമസിക്കുന്നുണ്ട്. പ്രാവിൻ കൂടുകളിൽ തടവിൽ കഴിയുന്നവർ എന്നാണ് അവർ സ്വയം തങ്ങളെ വിവരിക്കുന്നത്. ഇവരിൽ പലരുടെയും കുട്ടികൾ വീടും സ്‌കൂളുമല്ലാതെ കശ്മീർ എന്താണെന്നുപോലും കണ്ടിട്ടില്ല. സുരക്ഷയ്ക്ക് ഭീഷണിതന്നെയാണ് കാരണം.
പ്രധാനമന്ത്രി പാക്കേജ് പ്രകാരം കാശ്മീരിൽ ആദ്യം ജോലിയിൽ പ്രവേശിച്ച പലരും 2023 മുതൽ റിട്ടയറാകുകയാണ്. അതിനുശേഷം സ്ഥിരതാമസത്തിന് എവിടെ പോകും എന്ന കാതലായ ചോദ്യമാണ് അവരെ അലട്ടുന്നത്.
/sathyam/media/post_attachments/n8JurWjPriPffxCnfZJm.jpg)
കാശ്മീരിൽ ഭീകരർ നിരപരാധികളെ വേട്ടയാടുന്ന ഈ ടാർജറ്റ് കില്ലിംഗിന് പിന്നിൽ തദ്ദേശവാസികളിൽ പലരുമുണ്ടെന്നും ഭീകരർക്ക് താവളമൊരുക്കുന്നതും അവർക്ക് സന്ദേശവും വിവരങ്ങളും കൈമാറുന്നതുമായ അത്തരക്കാർക്കെതിരെയാണ് ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതെന്നും കാശ്മീർ പണ്ഡിറ്റ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
എന്തായാലും ഒരു കാര്യം വ്യക്തമാണ്. 1990 കൾ മുതൽ തുടങ്ങിയ കാശ്മീരിലെ അശാന്തിക്കും പണ്ഡിറ്റുകളുടെ പലായനത്തിനും ഇനിയും പരിഹാരമുണ്ടായിട്ടില്ല. സമീപഭാവിയിൽ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us