Advertisment

വിദേശ പൗരത്വം എടുത്ത പ്രവാസി ഇന്ത്യാക്കാർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ അയയ്ക്കാം; 10 ലക്ഷം രൂപയിൽ കൂടുതൽ ഒരു വർഷം അയച്ചാൽ അറിയാക്കാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്ന് 3 മാസമായി കൂട്ടി; 2011ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു; പുതിയ മാറ്റങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കൂടുതല്‍ വിദേശ പണം രാജ്യത്ത് എത്തിക്കാന്‍ !

New Update

ന്യൂഡൽഹി: വിദേശ പൗരത്വം സ്വീകരിച്ച പ്രവാസി ഇന്ത്യാക്കാര്‍ക്ക് ആശ്വാസമേകി 2011ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആർഎ) കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. ഇതോടെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ അയയ്ക്കാം. പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ വിദേശ പണം രാജ്യത്ത് എത്തുമെന്നാണ് സർക്കാർ പ്രതീക്ഷ.

Advertisment

publive-image

നിലവിൽ ഇതിനുള്ള പരിധി ഒരു ലക്ഷം രൂപയായിരുന്നു. വിദേശപൗരത്വമുള്ളവർ ഒരു വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ നാട്ടിലെ ബന്ധുക്കൾക്ക് അയച്ചാൽ എഫ്‌സി1 എന്ന ഫോമിലൂടെ 30 ദിവസത്തിനകം കേന്ദ്രത്തെ അത് അറിയിക്കണമെന്നായിരുന്നു ചട്ടം.

പുതിയ ഭേദഗതി അനുസരിച്ചു 10 ലക്ഷം രൂപയിൽ കൂടുതൽ ഒരു വർഷം അയച്ചാൽ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നു 3 മാസമായി കൂട്ടി. കൂടാതെ വിദേശ സംഭാവനയായി ലഭിക്കുന്ന പണം വിനിയോഗിക്കാനായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ 15 ദിവസത്തിനകം ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയെ അറിയിക്കണമെന്ന നിബന്ധനയിലെ സമയപരിധി 45 ദിവസമായി വർധിപ്പിച്ചു.

വിദേശത്തു നിന്ന് അയയ്ക്കുന്ന സമ്മാനങ്ങളുടെ മൂല്യം ഒരു ലക്ഷം രൂപ കടന്നാൽ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമില്ല. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നതിന് എഫ്‌സിആർഎ ചട്ടം ബാധകമല്ല.

ലഭിക്കുന്ന വിദേശ സംഭാവനയുടെ വിവരങ്ങൾ ഓരോ 3 മാസം കഴിയുമ്പോഴും 15 ദിവസത്തിനകം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു നിഷ്‌കർഷിക്കുന്ന വ്യവസ്ഥ ഒഴിവാക്കി. പകരം ഒരു സാമ്പത്തികവർഷത്തിലെ ഒരുമിച്ചു പ്രസിദ്ധീകരിച്ചാൽ മതി.

വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി ലഭിച്ചവരുടെ ബാങ്ക് അക്കൗണ്ടുകൾ, വിലാസം, പേര്, സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, പ്രധാന ചുമതലക്കാർ എന്നിവയിൽ മാറ്റമുണ്ടായാൽ 45 ദിവസത്തിനുള്ളിൽ അറിയിച്ചാൽ മതി. ഇതുവരെ ഇത് 15 ദിവസമായിരുന്നു.

പുതിയ ചട്ടമനുസരിച്ച് വിദേശപൗരത്വമുള്ള ബന്ധുക്കളിൽ നിന്നു 10 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കുന്നവർ എഫ്‌സിആർഎ വെബ്‌സൈറ്റിൽ പോയി എഫ്‌സിആർഎ ഓൺലൈൻ ഫോം എന്ന മെനു തുറന്ന് എഫ്‌സി1 ഫോം ക്ലിക്ക് ചെയ്യുക. 'ക്ലിക്ക് ടു അപ്ലൈ' നൽകിയാൽ ഓൺലൈൻ ഫോമുകൾ ലഭ്യമാകും. ഇതിൽ വിവരങ്ങൾ നൽകാം.

Advertisment