Advertisment

സ്ത്രീത്വത്തിനെതിരായ ആക്രമണം : എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരണം നാഷണൽ വിമൻസ് ഫ്രണ്ട്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്‌ : എംജി സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാക്കള്‍ എ ഐ എസ് എഫ് വനിത വിദ്യാര്‍ഥി നേതാവിനെതിരായി ബലാത്സംഗ ഭീഷണി മുഴക്കുകയും ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് നാഷണൽ വിമൻസ് ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി റംസീന സിദ്ദിഖ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

പരിഷ്‌കൃത സമൂഹത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധമായിരുന്നു എസ്എഫ്‌ഐ നേതാവിന്റെ അധിക്ഷേപം. ഇത്തരം നേതാക്കള്‍ പൊതുസമൂഹത്തിനും പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് തന്നെ ഭീഷണിയാണ്. എസ്എഫ്‌ഐക്കെതിരേ മത്സരിച്ചു എന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എസ്എഫ്‌ഐയുടെ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന ജനാധിപത്യം എന്ന മുദ്രാവാക്യം ആരുടെ ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നത്.

തങ്ങള്‍ക്കെതിരെ മല്‍സരിക്കുന്നത് പോലും ആക്രമണത്തിന് കാരണമാകുന്നുവെങ്കില്‍ ഇത് ജനാധിപത്യമല്ല, സ്റ്റാലിനിസമാണ്. ഗുണ്ടകളേക്കാള്‍ അധപതിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാന നേതാക്കള്‍ കാംപസുകളില്‍ വാഴുമ്പോള്‍ തങ്ങളുടെ പെണ്‍മക്കളെ കലാലയത്തില്‍ പഠിക്കാന്‍ വിടാന്‍ പോലും രക്ഷകര്‍ത്താക്കള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

സ്വന്തം മകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത യുവാവിനെ വിവാഹം കഴിച്ചു എന്ന കാരണത്താല്‍ ചോരക്കുഞ്ഞിനെ പോലും തട്ടിയെടുത്ത് നാടുകടത്തിയവരുടെ യഥാര്‍ത്ഥ അനുയായിയാണ് താനെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് എസ്എഫ്‌ഐ നേതാക്കള്‍ കാണിക്കുന്നത്. ഇവരാണ് നവോത്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാരെന്നു ചിന്തിക്കുമ്പോള്‍ ലജ്ജ തോന്നുകയാണ്.

വംശീയതയും സ്ത്രീ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും തലയക്കു പിടിച്ച പുരോഗമന പ്രസ്ഥാന നേതാക്കളുടെ കപട മുഖംമൂടി വലിച്ചുകീറണം. സ്ത്രീത്വത്തെ അപമാനിച്ച എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കേരളം സാക്ഷിയാകേണ്ടിവരുമെന്നും ജില്ലാ സെക്രട്ടറി ഓർമ്മപ്പെടുത്തി.

NEWS
Advertisment