Advertisment

അക്കിത്തത്തിന് സ്മാരകം: മന്ത്രിയുടെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സ്പീക്കർ എം.ബി രാജേഷ്

New Update

publive-image

Advertisment

പട്ടാമ്പി: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിക്ക് ജന്മനാട്ടിൽ ഉചിതമായ സ്മാരകം യാഥാർഥ്യമാക്കാനുള്ള സുപ്രധാനമായ പ്രഖ്യാപനം നടന്നു.

അക്കിത്തത്തിൻ്റെ തറവാടായ കുമരനെല്ലൂരിലെ അമേറ്റിക്കര മന സന്ദർശിച്ച ശേഷം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ഇതിൽ ഏറെ സന്തോഷിക്കുന്നതായി നിയമ സഭ സ്പീക്കർ എം ബി രാജേഷ് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു.

200 വർഷത്തിലധികം പഴക്കമുള്ള തറവാട് വീടും ചേർന്നുള്ള അഞ്ചേക്കർ സ്ഥലവും ന്യായമായ വില നൽകി ഏറ്റെടുത്ത് കേരള സാംസ്കാരിക മ്യൂസിയം നിർമ്മിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞു. അക്കിത്തത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, അദ്ദേഹം പഠിച്ച കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം സജി ചെറിയാൻ നടത്തിയത്.

തറവാട് വീട് സന്ദർശിച്ച ശേഷം അക്കിത്തത്തിൻ്റെ സഹോദരനും പ്രശസ്ത ചിത്രകാരനുമായ അക്കിത്തം നാരായണൻ (പാരീസ്),അക്കിത്തത്തിൻ്റെ മകൻ നാരായണൻ,മറ്റ് ബന്ധുക്കൾ,പ്രശസ്ത സാഹിത്യകാരനും പണ്ഡിതനുമായ ചാത്തനാത്ത് അച്ചുതനുണ്ണി എന്നിവരുമായി സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചകൾ നടത്തിയിരുന്നു.

എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി അക്കിത്തം സ്മാരകമായി സാംസ്കാരിക മ്യൂസിയം യാഥാർഥ്യമാക്കാൻ സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുകയും സ്ഥലം സന്ദർശിച്ച് സുപ്രധാന പ്രഖ്യാപനം നടത്തുകയും ചെയ്ത സജി ചെറിയാന് നന്ദി രേഖപ്പെടുത്തുന്നു. അക്കിത്തം സ്മാരകം യാഥാർഥ്യമാക്കാൻ ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും ഉചിതമായ തീരുമാനമാണെന്നും സ്പീക്കർ പറഞ്ഞു.

palakkad news
Advertisment