Advertisment

അക്ഷര വസന്തമായി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പുസ്തകോത്സവം; മേളക്ക് നാളെ സമാപനം

New Update

publive-image

Advertisment

പാലക്കാട്: ജില്ല ലൈബറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച പുസ്തകോത്സവം അക്ഷര സ്നേഹികൾക്ക് വിരുന്നാകുന്നു. ഇന്നലെ സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്ത പുസ്തകോത്സവം നാളെ വൈകീട്ട് നാലുമണിയോടെ സമാപിക്കും.

ഇന്ന് നടക്കുന്ന കാവ്യസദസ്, കവിതാലാപന മത്സരം കവി പി. ശിവലിംഗന്‍ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സാംസ്‌കാരിക സംഗമം മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളന ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ നിര്‍വഹിക്കും. വായന വൈവിധ്യങ്ങളുടെ നവ ലോകം തുറന്നിട്ട് ജ്ഞാനത്തിന്റെ കൂടിച്ചേരലുകൾക്കും സാംസ്‌ക്കാരിക ഉന്നതിയിലേക്കും നയിക്കുന്ന ആയിരകണക്കിന് പുസ്തകങ്ങളുമായി നൂറ്റി മുപ്പതോളം പ്രസാധകരാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയിട്ടുള്ളത്.

കഥയും നോവലും നാടക രചനയും ഉൾപ്പടെ കർഷക സമരം, കോവിഡ് വിഷാണു തുടങ്ങി സമകാലിക പ്രസക്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന ധാരാളം പുസ്തകങ്ങൾ മേളയിൽ വായനയുടെ പുതു ജാലകം തുറന്നിടുന്നു. ലൈബ്രറികൾക്കും സ്കൂൾ, കോളേജ് ലൈബ്രറികൾക്കും പുസ്തകങ്ങൾക്ക് പ്രത്യേക വിലക്കിഴിവുണ്ട്.

നല്ലവായന കൈവിട്ട ചില നല്ല ശീലങ്ങൾ തിരിച്ചുപിടിക്കാൻ ഈ കോവിഡ് കാലം പുസ്തകോത്സവത്തിലൂടെ ഉപയോഗപ്പെടുത്താനാവും. സർക്കാറിന്‍റെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷിത നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് പുസ്തകോത്സവം പുരോഗമിക്കുന്നത്.

Advertisment