Advertisment

ഈറൻ കാറ്റുപോലെ ഹൃദ്യം... ചെമ്പൈ സംഗീത കോളേജിലെ പൂർവ വിദ്യാർത്ഥികൾ ഒരുക്കിയ 'ഞങ്ങളിടം' നവ മാധ്യമങ്ങളിൽ തരംഗമാകുന്നു...

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

പാലക്കാട്‌: കാലത്തിന് പുറകോട്ട് സഞ്ചരിക്കാനാവുമായിരുന്നെങ്കിൽ ഈ വിദ്യാർഥികൾ അവരുടെ കലാലയജീവിതം തിരിച്ചെടുക്കുമായിരുന്നു. അത്രമേൽ ഹൃദ്യമാണ് പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിലെ 2008-2011 ബാച്ചിലെ സംഗീത വിദ്യാർഥികൾ ഒരുക്കിയ 'ഞങ്ങളിടം' എന്ന വീഡിയോ സംഗീത ആൽബം.

പഠിച്ചിരുന്ന കലാലയത്തിൽ പൂർവ്വവിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായി ഒരുക്കിയ ആൽബം ഇതിനോടകം വൈറലായിക്കഴിഞ്ഞു.11 വർഷങ്ങൾക്കു ശേഷം നടന്ന പുനസമാഗമം അവിസ്മരണീയ ഓർമയാക്കാനുള്ള തീരുമാനമാണ് ഈ മനോഹര ഗാനത്തിന്റെ പിറവിക്കു പിന്നിൽ.

കലാലയങ്ങളിലെ സർഗവാസനയ്ക്ക് ഏറ്റവും വലിയ സ്വാധീനമുണ്ടാക്കുന്ന സംഗീത കോളേജിലെ വിദ്യാർഥികൾ, അവരുടെ കൂടിക്കാഴ്ച ആൽബത്തിലൂടെ സമർപ്പിച്ചപ്പോൾ വിദ്യാര്‍ത്ഥി ജീവിതകാലത്തിന്റെ ആത്മബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന എല്ലാവർക്കും അത് ഒരു ഈറൻ കാറ്റുപോലെ സുന്ദരമായി.

മനസ്സിനെ കലാലയ ഇടനാഴികളിൽ കൈകോർക്കുന്ന ഏതോ സ്വപ്നം ചേരും പോലെ മേയാൻ വിടുന്നതാണ് ഇതിലെ ഓരോ ദൃശ്യവും. സുമീഷ് ഗംഗ സുന്ദറിന്റെ വരികൾക്ക് അജിത്ത് ഭവാനി സംഗീതവും സിധേഷ് കൃഷ്ണൻ പശ്ചാത്തല സംഗീതവും ഒരുക്കിയ ഗാനം അനുപമ പ്രണയത്തിന്റെ നിഴൽ വീണ വീഥികളിലൂടെ വീണ്ടും കലാലയ മുറ്റത്തേക്ക് ഓർമകൾ കൊണ്ടുപോകുന്നു.

സിധേഷ് കൃഷ്ണൻ, സിമ്യമൊയ്തു,മിത്യ മിഥുൻ എന്നിവരാണ് ഒരിക്കലും മറക്കാൻ പറ്റാത്ത സംഗീതകോളേജിന്റെ ചുവരുകളിൽ പുതു ഈണങ്ങളായി,ഗാനം ആലപിച്ചിരിക്കുന്നത്.

2008-11 ബാച്ചിലെ വിദ്യാർത്ഥികൾ മാത്രം അഭിനേതാക്കളായിട്ടുള്ള ഈ വീഡിയോ ആൽബത്തിന്റെ ചിത്രീകരണം പ്രദീപ് പുതുശ്ശേരിയും സംവിധാനം നവാഗത സംവിധായകനായ നിധിൻ ആനന്ദും നിർവ്വഹിച്ചിരിക്കുന്നു.

മില്ലേനിയം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ വീഡിയോ ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങൾ പകർന്നുതരുന്ന കലാലയത്തെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു.

 

Advertisment